അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും അര്‍ധ സെഞ്ചുറി നേടിയതാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയരാന്‍ കാരണമായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 269 റണ്‍സെടുത്തു. തുടക്കത്തില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ച ഇന്ത്യ ഓപ്പണര്‍ രഹാനെയെക്കൂടി (20) നഷ്ടമായതോടെ കരുതലോടെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പൊക്കിയത്.

കോഹ് ലിക്കൊപ്പം ചേര്‍ന്ന രോഹിത് പതുക്കെ അടിച്ചുതുടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ജീവന്‍വച്ചു. എന്നാല്‍ അര്‍ധ സെഞ്ചുറി പിന്നിട്ട രോഹിത് അമിതാവേശംകാട്ടി പുറത്തായി. ബോള്‍ട്ടിന്റെ പന്തില്‍ നീഷാമിനു പിടികൊടുത്താണ് രോഹിത് പുറത്തായത്.

രോഹിത് ക്രീസ് വിട്ടതോടെ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ധോണിയെത്തി. നായകനും ഉപനായകനും ചേര്‍ന്നതോടെ മൂന്നാം ഏകദിനത്തിലേതുപോലെ വലിയ സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും ധോണി (41) ക്ക് അതികം പിടിച്ച് നില്‍ക്കാനായില്ല.

പിന്നാലെയെത്തിയ മനീഷ് പാണ്ഡെ സംപൂജ്യനായി മടങ്ങി.കേദാര്‍ ജാദവും (39)കോഹ് ലിയും ഇന്നിംഗ്‌സിനെ ടോപ് ഗിയറിലേക്ക് മാറ്റിയെങ്കിലും കിവികള്‍ അടുത്ത പ്രഹരം ഏല്‍പ്പിച്ചു. അവസാന ഓവറുകളിലെ കൂറ്റനടികള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കി കോഹ് ലി സോധിയുടെ പന്തില്‍ പുറത്തായി.

ജാദവും അക്‌സര്‍ പട്ടേലും (24) ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ മിന്നല്‍ അടികളാണ് സ്‌കോര്‍ 250 കടത്തിയത്. ബോള്‍ട്ടും സോധിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീഷാമും സാറ്റ്‌നറും ഓരോ വിക്കറ്റ് പിഴുതു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു വീതം മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം

പരമ്പരയിലാദ്യമായി കഴിഞ്ഞ മത്സരത്തില്‍ കൈവിട്ട ടോസ് ഭാഗ്യം വീണ്ടും ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും ധോണി തിരഞ്ഞെടുത്തത് ബാറ്റിങ്ങായിരുന്നു. ഇതിന് മുമ്പ് ഇന്ത്യ ടോസ് നേടിയ ആദ്യ മൂന്നു മത്സരങ്ങളിലും ഇന്ത്യ ഫീല്‍ഡിംങ്ങാണ് തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here