ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സതാംപ്ടനെ പരാജയപ്പെടുത്തി. സൂപ്പര്‍ താരം ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോളുകളാണ് ചെല്‍സിയെ ജയത്തിലേക്ക് നയിച്ചത്.
ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും ചെല്‍സിക്ക് സാധിച്ചു. ചെല്‍സിക്ക് 33 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടനത്തിന് 71 പോയിന്റുണ്ട്.
ഒന്‍പതാം മിനുട്ടില്‍ ഏദിന്‍ ഹസാര്‍ദിലൂടെ മുന്നിലെത്തിയ ചെല്‍സിയെ 24ാം മിനുട്ടില്‍ ഒറിയോല്‍ റോമിയുവിന്റെ ഗോളില്‍ പിടിക്കാന്‍ സതാംപ്ടനായി. ആദ്യ പകുതിയുടെ അധിക സമയത്ത് ഗാരി കാഹില്‍ ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 53, 89 മിനുട്ടുകളിലായിട്ടായിരുന്നു കോസ്റ്റയുടെ ഇരട്ട ഗോളുകള്‍ പിറന്നത്. അധികസമയത്ത് റയാന്‍ ബെര്‍ട്രന്റ് സതാംപ്ടനായി രണ്ടാം ഗോള്‍ നേടി.
അത്‌ലറ്റിക്കോയക്ക് തോല്‍വി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് വിയ്യാറലാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ മലാഗ എതിരില്ലാത്ത രണ്ടു ഗോളിന് ഗ്രനാഡയെ പരാജയപ്പെടുത്തി. അത്‌ലറ്റിക്കോയ്‌ക്കെതിരേ റോബര്‍ട്ടോ സോറിയാനോ 82ാം മിനുട്ടില്‍ വിയ്യാറലിനായി വിജയ ഗോള്‍ നേടി. ഗ്രനാഡയ്‌ക്കെതിരേ സാന്ദ്രോ റാമിറസ് മലാഗയ്ക്കായി ഇരട്ട ഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here