കൃഷ്ണഗിരി (വയനാട്) ∙ ദക്ഷിണാഫ്രിക്കയ്ക്ക് സ്പിൻ എറിയാൻ ഒരു ഡെയ്ൻ പീറ്റ് കൂടിയുണ്ടായിരുന്നെങ്കിൽ കളിയുടെ ഗതിമാറിയേനെ. തലേന്ന് സ്പിന്നർമാർ തകർത്താടിയ പിച്ചിൽ ക്ഷമയോടെ കളിച്ച ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാൻ ടീമിലെ ഏക സ്പിന്നർ പീറ്റിന്റെ നാലുവിക്കറ്റ് നേട്ടത്തിനും സാധിച്ചില്ല.

ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ രണ്ടാം ചുതുർദിന മൽസരത്തിന്റെ രണ്ടാംദിനം കളിനിർത്തുമ്പോൾ ഇന്ത്യ എയ്ക്ക് 82 റൺസ് ലീഡ്. സ്കോർ ഇന്ത്യ: ആറിന് 343.
മൂന്ന് അർധ സെഞ്ചുറികൾ പിറന്ന ഇന്ത്യൻ ഇന്നിങ്സ് ഭദ്രമായ നിലയിലാണ്.

ഇന്ത്യയ്ക്കായി ജീവൻജ്യോത് സിങ്, അഭിനവ് മുകുന്ദ്, അമ്പാട്ടി റായുഡു എന്നിവരാണ് അർധശകതം നേടിയത്. പേസ് ബോളർ ബ്യൂറാൻ ഹെൻഡ്രിക്സ് നടുവേദനയെത്തുടർന്ന് പിൻമാറിയതും സന്ദർശകർക്ക് തിരിച്ചടിയായി. 34 ഓവറിൽ 154 റൺസ് വഴങ്ങിയാണ് ഡെയ്ൻ പീറ്റ് നാലു വിക്കറ്റെടുത്തത്. ഫാസ്റ്റ് ബോളർ ലൊൻവാബോ സോട്സൊബെ രണ്ടുവിക്കറ്റ് നേടി.

സൂക്ഷിച്ചാണ് ഓപ്പണർമാരായ അഭിനവ് മുകുന്ദും ജീവൻജോത് സിങ്ങും ഇന്ത്യൻ ഇന്നിങ്സ് തുടങ്ങിയത്. ആദ്യ ബൗണ്ടറിക്ക് ഏഴാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. ഉച്ച ഭക്ഷണ സമയത്ത് സ്കോർ 25 ഓവറിൽ 84. ഫാസ്റ്റ് ബോളർമാർ ബൗൺസ് കണ്ടെത്താൻ വിഷമിച്ച പിച്ചിൽ ഓപ്പണിങ് കൂട്ടുകെട്ട് 96 റൺസ്. 92 പന്തിൽ ഏഴു ബൗണ്ടറി ഉൾപ്പെടെ 52 റൺസ് എടുത്ത ജീവൻജോത് കീപ്പർ വിലസിനു ക്യാച്ച് നൽകി മടങ്ങി.

സോട്സൊബെയ്ക്ക് വിക്കറ്റ്. തുടർന്നും ഇന്ത്യൻ ഇന്നിങ്സ് പതറാതെ മുന്നോട്ടുപോയപ്പോൾ എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിൽ 43–ാം ഓവർ എറിയാൻ വാൻസിലിനെ വിളിച്ചു, അഭിനവ് ആ ഓവറിൽ രണ്ട് ബൗണ്ടറി നേടി. 46–ാം ഓവറിൽ റമേലയെ പരീക്ഷിച്ചപ്പോൾ അപരാജിതിന്റെ മൂന്ന് ബൗണ്ടറികളുൾപ്പെടെ 15 റണ്ണാണു പിറന്നത്. സ്ഥിരതയോടെ കളിച്ച മുകുന്ദിനെ 72ൽ നിൽക്കുമ്പോൾ പീറ്റ് വിക്കറ്റിനുമുന്നിൽ കുടിക്കി.

ഇന്നിങ്സിൽ 13 ഫോറുകളുണ്ടായിരുന്നു, ഒരു റൺകൂടി ചേർത്തപ്പോഴേക്കും അപരാജിതും ഒൗട്ടായി. 34ൽ വച്ച് പീറ്റിന്റെ പന്തിൽ ഷോർട്ട് ലെഗിൽ റമേല പിടിച്ചു. ചായയ്ക്കുമുൻപ് ഇന്ത്യൻ സ്കോർ 51 ഓവറിൽ മൂന്നിന് 182. ഇതിനിടെ പീറ്റിന്റെ ബോളിങ്ങിൽ അഭിനവിന്റെ ബാറ്റിൽ എഡ്ജ് ചെയ്തെന്നുതോന്നിച്ച പന്ത് പിടിച്ച വിലസിന്റെ അപ്പീൽ അംപയർ അനുവദിക്കാതിരുന്നത് ചെറിയ തർക്കത്തിനിടയാക്കി.

അവസാന സെഷനിൽ ഏകദിന ശൈലിയിലാണ് ക്യാപ്റ്റൻ റായുഡുവും ഷെൽഡൻ ജാക്സനും ബാറ്റ് ചെയ്തത്. എന്നാൽ പീറ്റിനെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ജാക്സൻ (25) ക്ലീൻ ബോൾഡായി. തുടർന്നുവന്ന വിജയ് ശങ്കർ, വിൽജോൻ എറിഞ്ഞ 63–ാം ഓവറിൽ മൂന്ന് ഫോറാണ് നേടിയത്. തേഡ്മാനിലൂടെ ഗ്യാപ് കണ്ടെത്തിയുള്ള മികച്ച ഷോട്ടുകളായിരുന്നു വിജയിന്റേത്. മൂന്നാം സ്പെൽ എറിയാനെത്തിയ സോട്സൊബെയുടെ പന്തിൽ കീപ്പർ വിലസിനു ക്യാച്ച് നൽകി വിജയ് മടങ്ങുമ്പോൾ പേരിലുണ്ടായിരുന്നത് 21 റൺസ്.

സോട്സൊബെയുടെ പന്ത് ലോങ് ഓണിലൂടെ സിക്സർ പറത്തിയാണ് റായുഡു അർധസെഞ്ചുറി തികച്ചത്. (52 പന്തിൽ 52). 76–ാം ഓവറിൽ ഇന്ത്യൻ സ്കോർ 300 ൽ എത്തി. 71ൽ നിൽക്കുമ്പോൾ റായുഡു ലോങ് ഓണിലേക്ക് ഉയർത്തിയടിച്ച പന്ത് വാൻസിൽ തടഞ്ഞു ബവുമയ്ക്ക് കൊടുത്തു, ഇരുവരുടെയും സഹകരണത്തിൽ മനോഹരമായ ക്യാച്ച്. പീറ്റിന്റെ നാലാം വിക്കറ്റ്. 81 പന്തിൽ എട്ടു ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. കളിനിർത്തുമ്പോൾ അക്ഷറും ബെയൻസുമാണ് ക്രീസിൽ.

സ്കോർ ബോർഡ്

ദക്ഷിണാഫ്രിക്ക– 260

ഇന്ത്യ– ജീവൻജോത് സിങ് സി വിലസ് ബി സോട്സൊബെ 52, അഭിനവ് മുകുന്ദ് എൽബി പീറ്റ് 72, ബാബ അപരാജിത് സി റമേല ബി പീറ്റ് 34, ഷെൽഡൻ ജാക്സൻ ബി പീറ്റ് 25, വിജയ് ശങ്കർ സി വിലസ്, ബി സോട്സൊബെ 25, അമ്പാട്ടി റായുഡു സി ബവുമ ബി പീറ്റ് 71, അങ്കുഷ് ബെയ്ൻസ് നോട്ടൗട്ട് 34, അക്ഷർ പട്ടേൽ നോട്ടൗട്ട് 16. ആകെ 88 ഓവറിൽ ആറിനു 342

വിക്കറ്റ് വീഴ്ച: 1–96, 2–168, 3–169, 4–224, 5– 253, 6– 309 ബോളിങ്: സോട്സൊബെ 18–5–38–2, വിൽജോൻ 20–5–67–0, ഹെൻഡ്രിക്സ് 3–0–11–0, ഡെയ്ൻ പിറ്റ് 34–2–154–4, സ്റ്റിയാൻ വാൻസിൽ 11–2–33–0, റമേല 1–0–15–0, ക്വിന്റൻ ഡികോക്ക് 1–0–9–0

LEAVE A REPLY

Please enter your comment!
Please enter your name here