ഒടുവിൽ ആ പ്രഖ്യാപനം വന്നു. മഹേന്ദ്രസിങ്‌ ധോണി ഇന്ത്യൻ കുപ്പായം അഴിച്ചു. ക്രിക്കറ്റ്‌ ആരാധകരെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത‌ ഒന്നരപ്പതിറ്റാണ്ട്‌. നന്ദി ക്യാപ്‌റ്റൻ നന്ദി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌കാരത്തിന്, അവരെ റണ്ണുകളുടെ പറുദീസയിലേക്ക്‌ നയിച്ചതിന്‌.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ ധോണി പുസ്‌തകം മടക്കിവച്ചു. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെയാണ്‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ടീമിലേക്ക്‌ മടങ്ങിയെത്തുമെന്ന്‌ പ്രതീക്ഷിച്ചവരുടെ മുന്നിലേക്കാണ്‌ കളി നിർത്തിയെന്ന കുറിപ്പ്‌ ധോണി നീട്ടുന്നത്‌. ഇനിയൊന്നും തെളിയിക്കാനോ അവസരങ്ങൾക്കായി കാത്തിരിക്കാനോ താൽപ്പര്യമില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ആ വിരമിക്കൽക്കുറിപ്പ്‌.
ബിസിസിഐയുടെ കരാർപട്ടികയിൽനിന്ന്‌ എപ്പോഴേ ധോണി ഒഴിവാക്കപ്പെട്ടിരുന്നു. 2019 ജൂലൈയിൽ ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ്‌ സെമിയിൽ മാർട്ടിൻ ഗുപ്‌റ്റിലിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി മടങ്ങുന്നതാണ്‌ ധോണിയുടെ അവസാനചിത്രം. അന്നാദ്യമായി കൂടാരത്തിലേക്കു മടങ്ങുമ്പോൾ മുപ്പത്തൊമ്പതുകാരൻ വിതുമ്പി.

‘‘മുമ്പ്‌ എന്നെ കാണാതെപോയ ക്യാമറകൾ ഇപ്പോൾ എനിക്കുമുന്നിൽ നിൽക്കുന്നു’’ എന്നു‌ പ്രഖ്യാപിച്ചായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ ധോണിയുടെ തുടക്കം. അന്ന്‌ ഷഹീദ്‌ അഫ്രീദി ഉൾപ്പെടെയുള്ള പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ആ നീളൻ മുടിക്കാരൻ ബാറ്റ്‌ ചൂണ്ടിയത്‌ ഇന്ത്യൻ ക്രിക്കറ്റിലെ പൂമുഖത്തേക്കാണ്‌. മുംബൈയും കൊൽക്കത്തയും ബംഗളൂരുവും ഡൽഹിയും മാത്രം നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റിൽ റാഞ്ചിയെന്ന കൊച്ചുനഗരത്തെ ലോകം അടയാളപ്പെടുത്തി തുടങ്ങിയത്‌ ആ ഇന്നിങ്‌സിൽനിന്നാണ്‌. റാഞ്ചിയിലെയും ബിഹാറിലെയും വിവിധ ടീമുകൾക്കുവേണ്ടി ടെന്നീസ്‌ പന്തുകൾ അടിച്ചുപറത്തിയ കൗമാരക്കാരൻ ഇന്ത്യൻ ക്രിക്കറ്റിൽ വൻമരമായി വളർന്നത്‌ അത്ഭുതത്തോടെ ആളുകൾ കണ്ടുനിന്നു.
അതുവരെ കാണാത്ത ഒരു ബാറ്റിങ്‌ ശൈലി. ഹെലികോപ്‌റ്റർ ഷോട്ടുകൾ, കൺചിമ്മി തുറക്കുന്നതിനുമുമ്പേയുള്ള സ്‌റ്റമ്പിങ്ങുകൾ, എല്ലാത്തിനും പുറമെ ഭാവഭേദങ്ങളില്ലാതെ വിക്കറ്റിനുപിന്നിലുള്ള നിൽപ്പ്‌. എല്ലാത്തിനും ഒരു ധോണി ടച്ചുണ്ടായിരുന്നു. സമ്മർദങ്ങളെ ശാന്തമായി നേരിടുന്ന ധോണിമാതൃകയ്‌ക്ക്‌ പല പേരുകളുമുണ്ടായി. ക്യാപ്‌റ്റൻ കൂൾ എന്നത്‌ വെറുമൊരു വാക്കായിരുന്നില്ല. ധോണിയുടെ കൂടെ കളിച്ചവർക്കും കളി കണ്ടവർക്കും അത്‌ അനുഭവസാക്ഷ്യമായിരുന്നു. ‘ഫിനിഷർ’ എന്ന വിളിപ്പേരും ധോണി അന്വർഥമാക്കി. എത്രയോ മത്സരങ്ങൾ അവസാന ഓവറുകളിലോ പന്തുകളിലോ ധോണി ഇന്ത്യയുടെ പേരിലാക്കി. റാഞ്ചിയിലെ മെക്കോൺ കോളനിയിൽനിന്ന്‌ തുടങ്ങിയ ആ വലിയ യാത്ര വെള്ളിത്തിരയിലും തെളിഞ്ഞു. സിനിമയേക്കാൾ സംഭവബഹുലമായിരുന്നു ധോണിയുടെ ക്രിക്കറ്റ്‌ ജീവിതം. കാത്തിരുന്നു കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ റണ്ണെടുക്കുംമുമ്പ്‌ റണ്ണൗട്ടായി മടങ്ങിയ അനുഭവം ധോണിയെ പൊള്ളിച്ചു. പക്ഷേ തളർന്നില്ല, പൊരുതിക്കൊണ്ടിരുന്നു.

മൂന്ന്‌ ലോക കിരീടങ്ങൾ ധോണിക്കുകീഴിൽ ഇന്ത്യ നേടി. 2007ലെ പ്രഥമ ട്വന്റി‐20 ലോകകപ്പ്‌, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ്‌ ട്രോഫി. മൂന്ന്‌ ഐസിസി കിരീടങ്ങൾ നൽകിയ ഏക ഇന്ത്യൻ നായകൻ. ഇന്ത്യൻ ടെസ്‌റ്റ്‌ ടീമിനെ ആദ്യമായി ഒന്നാംറാങ്കിൽ എത്തിച്ചു. 2008ലും ’09ലും ഐസിസിയുടെ മികച്ച ക്രിക്കറ്റ്‌ താരമായിരുന്നു.

ഏകദിനത്തിൽ 350 മത്സരം പൂർത്തിയാക്കി. 10,733 റൺ. 50.57 ബാറ്റിങ്‌ ശരാശരി. 2007ൽ രാഹുൽ ദ്രാവിഡിൽനിന്നാണ്‌ ഏകദിന നായകക്കുപ്പായം ഏറ്റുവാങ്ങുന്നത്‌. 200 മത്സരങ്ങളിൽ നയിച്ചു. 110 ജയം, 74 തോൽവി, 5 ടൈ, 11 ഫലമില്ലാത്തവ. 98 രാജ്യാന്തര ട്വന്റി‐20 മത്സരങ്ങളിൽ കളിച്ചു. 126 പ്രഹരശേഷിയിൽ 1617 റൺ. 58.83 ബാറ്റിങ്‌ ശരാശരി. 72 കളിയിൽ 42 ജയം.
229 സിക്‌സറുകളും ധോണിയുടെ പേരിലുണ്ട്‌.

വിക്കറ്റ്‌ കീപ്പിങ്ങിലും ധോണി കണക്കുകൾ മാറ്റിയെഴുതി. മൂന്ന്‌ വിഭാഗങ്ങളിലുമായി 829 ഇരകൾ (634 ക്യാച്ച്‌, 195 സ്‌റ്റമ്പിങ്‌). വിക്കറ്റ്‌ കീപ്പിങ്‌ റെക്കോഡിൽ ലോകത്ത്‌ മൂന്നാംസ്ഥാനം. ഏകദിനത്തിൽ 10 സെഞ്ചുറികളും 73 അരസെഞ്ചുറികളും.
2014ലാണ്‌ ടെസ്‌റ്റിൽനിന്ന്‌ വിരമിച്ചത്‌.ഐപിഎലിൽ മൂന്നുതവണ ചെന്നൈ സൂപ്പർ കിങ്‌സിനെ ധോണി ചാമ്പ്യൻമാരാക്കി. രണ്ടുതവണ ചാമ്പ്യൻസ്‌ ലീഗിലും ജേതാക്കളാക്കി.

പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ധോണിക്ക്‌ 2007‐08ൽ രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം സമ്മാനിച്ചു. 2011 നവംബറിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്‌റ്റനന്റ്‌ കേണൽ പദവിയും ധോണിയെ തേടിയെത്തി.

നുവാൻ കുലശേഖരയുടെ പന്ത്‌ വാംഖഡെ സ്‌റ്റേഡിയത്തിലെ ആൾക്കൂട്ടത്തിലേക്ക്‌ അടിച്ചകറ്റി, തെളിഞ്ഞുനിൽക്കുന്ന ധോണിയുടെ രൂപം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രപുസ്‌തകത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കും.

ക്യാപ്‌റ്റൻ ധോണി
മൂന്ന്‌ ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ കിരീടത്തിലേക്ക്‌ നയിച്ച ക്യാപ്‌റ്റൻ. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്‌ മാത്രമാണ്‌ ധോണിയേക്കാൾ കൂടുതൽ ഐസിസി വിജയങ്ങൾ നേടിയത്‌.

2007 ട്വന്റി–-20 ലോകകപ്പ്‌, 2011 ഏകദിന ലോകകപ്പ്‌, 2013 ചാമ്പ്യൻസ്‌ ട്രോഫി എന്നീ ടൂർണമെന്റുകളിൽ‌ ധോണി ഇന്ത്യയ്‌ക്ക്‌ വിജയം സമ്മാനിച്ചു. ആകെ 332 കളികളിൽ ഇന്ത്യയെ നയിച്ചു.

നായകനായ മത്സരങ്ങൾ
ഏകദിനം: 200 (110 ജയം)
ട്വന്റി–-20: 72 (41 ജയം)

LEAVE A REPLY

Please enter your comment!
Please enter your name here