ന്യൂഡൽഹി: രാജ്യത്ത്‌ എല്ലാവർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ (ഐഡി) നമ്പർ ഉൾപ്പെടെ നിരവധി പദ്ധതികളുള്ള ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷന്‌‌ തുടക്കമായി. ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിക്ക്‌ തുടക്കംകുറിച്ചതായി അറിയിച്ചു. ആരോഗ്യ പരിപാലന ‌രംഗത്ത്‌ നിലവിലുള്ള പ്രയാസങ്ങൾ ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച്‌ മറികടക്കുന്ന വിപ്ലവകരമായ പദ്ധതിയാണ്‌ ഇതെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു.

‘‘ഈ ഐഡി നിങ്ങളുടെ ആരോഗ്യസംബന്ധമായ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന അക്കൗണ്ടുപോലെ പ്രവർത്തിക്കും. രോഗങ്ങൾ, നടത്തിയ പരിശോധനകൾ, കണ്ട ഡോക്ടർമാർ, കഴിച്ച മരുന്നുകൾ, രോഗം കണ്ടെത്തിയ സമയം, അത്‌ സംബന്ധിച്ച റിപ്പോർട്ടുകൾ തുടങ്ങി മുഴുവൻ വിശദാംശങ്ങളും ഈ അക്കൗണ്ടിൽ ഉണ്ടാകും’’–- പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ ആരോഗ്യ ഐഡി എന്നാൽ ആരോഗ്യസംബന്ധമായ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള സംവിധാനമാണിത്‌. മൊബൈൽ ആപ്‌ രൂപത്തിലാണ്‌ പ്രവർത്തനം. താൽപ്പര്യമുള്ളവർ ഇതിനുവേണ്ടി ആദ്യം ഒരു ഐഡി ഉണ്ടാക്കണം. വ്യക്തിവിവരങ്ങളും മൊബൈൽ, ആധാർ നമ്പരുകളും നൽകണം. ആധാർ മാതൃകയിൽ ഒരോ വ്യക്തിക്കും സവിശേഷമായ ഐഡി അനുവദിക്കും.

ക്യൂആർ കോഡുള്ള 14 അക്കമുള്ള തിരിച്ചറിയൽ നമ്പരാണിത്‌. ഓരോ ഐഡിയും ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ (എൻഡിഎച്ച്‌എം) ഡാറ്റാബേസുമായി ബന്ധിപ്പിക്കും. വ്യക്തിയുടെ അനുമതി വാങ്ങിയശേഷം ഐഡിയിലെ മുഴുവൻ ആരോഗ്യവിവരങ്ങളും ഡാറ്റാ ബേസിലേക്ക്‌ മാറ്റും. ഡോക്ടർമാർക്കും ആശുപത്രികൾക്കും വിവരങ്ങൾ പരിശോധിക്കാനും കൈമാറാനും സൗകര്യമുണ്ടാകും. വ്യക്തിയുടെ അനുമതി വാങ്ങിയശേഷമേ വിവരങ്ങൾ കൈമാറാൻ അനുവദിക്കുകയുള്ളൂവെന്ന്‌ സർക്കാർ പറയുന്നു.

ആശങ്ക പ്രകടിപ്പിച്ച്‌ ഐഎംഎ
ആരോഗ്യവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സർക്കാർ നീക്കത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാകുമോ ഇതെന്ന്‌ സംശയമുണ്ടെന്ന്‌ ഐഎംഎ സെക്രട്ടറി ജനറൽ ആർ വി അശോകൻ പ്രതികരിച്ചു. നിതി ആയോഗുമായി രണ്ടാഴ്ചമുമ്പ്‌ നടത്തിയ ചർച്ചയിലും ഐഎംഎ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here