ഷാർജ : മലയാളി താരം സഞ്ജു സാംസൺ അണിനിരക്കുന്ന രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിനായി ഇന്നിറങ്ങുന്നു. മുൻ ഒാസീസ് നായകനായ സ്റ്റീവൻ സ്മിത്ത് നയിക്കുന്ന റോയൽസിന് ഷാർജ സ്റ്റേഡിയത്തിൽ എതിരാളികളാവുന്നത് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സാണ്. സൂപ്പർ കിംഗ്സിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ധോണിപ്പട നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്നു.

മാച്ച് പോയിന്റ്സ്
1. സ്റ്റീവൻ സ്മിത്തിന് കീഴിൽ മികച്ച തയ്യാറെടുപ്പോടെയാണ് രാജസ്ഥാൻ റോയൽസ് പുതിയ സീസണിന് ഇറങ്ങുന്നത്. മികച്ച താരനിരയാണ് റോയൽസിന് ഇക്കുറിയുള്ളത്.

2. ധോണിയുടെ പകരക്കാരനായി ഇന്ത്യൻ ടീമിലേക്ക് എത്താൻ കാത്തിരിക്കുന്ന സഞ്ജുവിന് ഏറെ നിർണായകമാണ് ഈ ഐ.പി.എൽ. ഒരു മാസത്തിലേറെയായി യു.എ.ഇയിലുള്ള സഞ്ജു കഠിന പരിശീലനത്തിലാണ്.

3. ഇംഗ്ളീഷ് താരങ്ങളായ ജോസ് ബട്ട്ലർ,ജാെഫ്ര ആർച്ചർ,ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പ,ജയ്ദേവ് ഉനദ്കദ്,ശ്രേയസ് ഗോപാൽ തുടങ്ങിയവരും സ്മിത്തിനൊപ്പമുണ്ട്

4. അണ്ടർ 19 ലോകകപ്പിലെ ബാറ്റിംഗ് വിസ്മയമായിരുന്ന ഇന്ത്യൻ കൗമാരതാരം യശ്വസി ജയ്സ്വാളാണ് ഇക്കുറി രാജസ്ഥാന്റെ വണ്ടർ കിഡ്.

5. സുഖമില്ലാത്ത പിതാവിനെ പരിചരിക്കാനായി ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സ് വിട്ടുനിൽക്കുന്നത് റോയൽസിന് തിരിച്ചടിയാണ്.

6.ആദ്യ മത്സരത്തിൽ മുംബയ്ക്കെതിരെ വിജയം നേടാനായത് ചെന്നൈയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

7. അമ്പാട്ടി റായ്ഡുവിന്റെ മികച്ച പ്രകടനം റെയ്നയുടെ അഭാവത്തെക്കുറിച്ചുള്ളള ആകുലതകളാണ് അകറ്റിയിരിക്കുന്നത്.

8. മുൻനിര ബാറ്റ്സ്മാന്മാർക്ക് ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നതിനാൽ ധോണി പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്തിയേക്കും.

മലയാളി മേളം
മലയാളി താരം സഞ്ജു സാംസണാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. പാതി മലയാളിയായ റോബിൻ ഉത്തപ്പയും രാജസ്ഥാൻ സംഘത്തിലുണ്ട്. യുവ മലയാളി പേസർ കെ.എം ആസിഫ് ചെന്നൈ സംഘത്തിലുണ്ട്. മത്സരം നിയന്ത്രിക്കുന്നത് മലയാളി അമ്പയർ അനന്തപത്മനാഭനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here