ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കൂടിയായ അജയ് ജഡേജ രംഗത്ത്. വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം ഒരു ക്രിക്കറ്റ് വെബ്സൈറ്റിനായി വിശകലനം ചെയ്യുമ്പോഴാണ് ജഡേജ ധോണിയെ വിമർശിച്ചത്. ഇപ്പോൾ ക്രിക്കറ്റ് കണ്ടുതുടങ്ങുന്ന തലമുറ ഈ ധോണിയേയായിരിക്കും ഓർത്തിരിക്കുക എന്ന വസ്തുത വിഷമിപ്പിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജോലിയിൽനിന്ന് ഒഴിഞ്ഞിരിക്കുന്നു. പക്ഷേ, ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്സ് നായകനാണ്. ഇപ്പോൾ ക്രിക്കറ്റ് കാണാൻ തുടങ്ങിയ ഏറ്റവും പുതിയ തലമുറ, നിലവിൽ‌ ടെലിവിഷനിൽ കാണുന്ന ഈ ധോണിയെയാകും ഓർത്തിരിക്കുക. മുതിർന്നവർ ആവേശത്തോടെ അവർക്കു പറഞ്ഞുകൊടുത്ത ആ ധോണിയിൽനിന്നും തികച്ചും വ്യത്യസ്തനായിരിക്കും അവർ ഇപ്പോൾ കാണുന്ന ഈ ധോണി. അത് സങ്കടപ്പെടുത്തുന്ന കാര്യമാണ്’ – ‍ജഡേജ അഭിപ്രായപ്പെട്ടു.

ബാറ്റിങ് ഓർഡറിൽ ധോണി സ്ഥിരമായി ഏറെ പിന്നിൽ കളിക്കുന്നതിനെയും ജഡേജ വിമർശിച്ചു. പിന്നിൽനിന്നും പോരാട്ടം നയിച്ച ആരും ഇതുവരെ ജയിച്ചിട്ടില്ലെന്ന് ജഡേജ ചൂണ്ടിക്കാട്ടി.

ഒരേ കാര്യം തന്നെയാണ് എനിക്കിപ്പോഴും പറയാനുള്ളത്. ധോണിയുെട ബാറ്റിങ് പൊസിഷന്റെ കാര്യത്തിൽ ഞാൻ ഒട്ടും സന്തോഷവാനല്ല. പിന്നിൽനിന്നും പോരാട്ടം നയിച്ച് ആരും ഒരു യുദ്ധവും ജയിച്ചിട്ടില്ല. ജനറൽ രംഗത്തിറങ്ങുമ്പോൾ യുദ്ധം അവസാനിക്കുന്നുവെന്ന് സൈനികർക്കിടയിൽ ഒരു പ്രയോഗം പോലുമുണ്ട്’ – ജഡേജ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here