ബെയ്ജിങ്: ചൈനയുടെ പൊലീസ് സ്റ്റേറ്റായ ഷിൻജിയാങ്ങിൽ ഉയിഗുര്‍ വംശജർക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമായി ചൈന. ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗുര്‍ വംശജരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങൾ ചൈനീസ് അധികൃതർ പൊളിച്ചു കളഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉയിഗുര്‍ വംശജരെയും മറ്റു മുസ്‌ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതായി കൂടുതൽ രഹസ്യ തടവറകൾ ഷിൻജിയാങ്ങിൽ ചൈന നിർമിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് ഈ വിവരവും പുറത്തു വരുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾ പിന്തുടരുന്ന പരമ്പരാഗതവും മതപരവുമായ ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ ഇവർക്കുമേൽ അധികൃതർ വൻതോതിൽ സമ്മർദം ചെലുത്തുന്നതായും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017 മുതൽ 8500 ആരാധനാലയങ്ങൾ പൂർണമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആരാധനാലയങ്ങൾ കേടുപാടു വരുത്തുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ആരാധനാലയങ്ങൾ വൻതോതിൽ നശിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഷിൻജിയാങ് പ്രവിശ്യയിലെ മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളുടെ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടു. സാറ്റലൈറ്റ് ചിത്രങ്ങളുടെയും ഔദ്യോഗിക നിർമാണ ‌ടെൻഡർ രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ 380 ൽ അധികം തടവറകൾ ഷിൻജിയാങ്ങിൽ നിർമിക്കുന്നതായി ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.

പുനർവിദ്യാഭ്യാസ ക്യാംപുകൾ, കരുതൽ തടവറകൾ, ജയിലുകള്‍ എന്നിവ പുതുതായി നിർമിക്കുകയോ 2017ന് ശേഷം വികസിപ്പിക്കുകയോ ചെയ്തിരിക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 2020 ജൂലൈ വരെ, ഒരു വർഷത്തിനിടെ 61 കരുതൽ തടങ്കൽ സ്ഥലങ്ങളിൽ പുതുതായി നിർമാണ പ്രവർത്തനങ്ങളോ വികസന പ്രവൃത്തികളോ നടത്തിയിട്ടുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ചൈനയ്ക്കെതിരെ കടുത്ത നടപടികളുമായി യുഎസ് രംഗത്തെത്തി. 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയതിനു തൊട്ടു പിന്നാലെ യുഎസ് ചൈനയ്ക്കെതിരെ വ്യാപാര നയങ്ങൾ കർശനമാക്കി. 20 വർഷമായി ചൈനയുമായി നിലനിന്നിരുന്ന സുപ്രധാന കരാർ ഉപേക്ഷിക്കാനുള്ള തീരുമാനം ചൈനയെ പ്രതിരോധത്തിലാക്കുമെന്ന് യുഎസ് കണക്കുകൂട്ടുന്നു.

സ്ഥിര വ്യാപാര പങ്കാളി പട്ടികയിൽനിന്നു ചൈനയെ വെട്ടിനിരത്തുന്നതോടെ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ചൈനയുമായി യാതൊരു സന്ധിക്കും തയാറല്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്യ പ്രഖ്യാപനമായി മാറി സ്ഥിരവ്യാപാര പങ്കാളി പട്ടികയിൽനിന്നുള്ള വെട്ടിനിരത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here