റയൽ മാഡ്രിഡ് 3- അത്‌ലറ്റിക് ക്ളബ് 1

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അത്‌ലറ്റിക് ക്ളബിനെ തോൽപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത് തുടരുന്നു.ഇരട്ട ഗോളടിച്ച കരിം ബെൻസേമയുടെ മികവിലാണ് റയലിന്റെ വിജയം. 14 മിനിട്ടിനിടെ രണ്ട് മഞ്ഞക്കാർഡുകൾ കണ്ട് കൂടാരം കയറിയ അത്‌ലറ്റിക് ക്ളബ് താരം റൗൾ ഗാർഷ്യ റയലിന് കളി ആയാസ രഹിതമാക്കുകയും ചെയ്തു.എന്നിട്ടും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് റയലിന് ആദ്യ ഗോൾ നേടാനായത്. വലയുടെ മൂലയിൽ വച്ചുകിട്ടിയ പന്ത് ടോണി ക്രൂസാണ് ഗോളാക്കി മാറ്റിയത്.ആദ്യ പകുതി കഴിഞ്ഞ് മടങ്ങിയെത്തിയതോടെ അത്‌ലറ്റിക് ക്ളബ് തിരിച്ചടിച്ചു.

52-ാം മിനിട്ടിൽ കാപ്പയാണ് സമനില ഗോൾ നേടിയത്.74-ാം മിനിട്ടിൽ കർവഹായലിന്റെ പാസിൽ നിന്ന് ബെൻസേമ റയലിനെ വീണ്ടും മുന്നിലെത്തിച്ചു.ഇൻജുറി ടൈമിൽ ലൂക്കാ മൊഡ്രിച്ചിന്റെ പാസിൽ നിന്നായിരുന്നു ബെൻസേമയുടെ രണ്ടാം ഗോൾ.ഈ വിജയത്തോടെ റയലിന് 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റായി. 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുതന്നെയുള്ള റയൽ സോസിഡാഡാണ് ഗോൾ മാർജിനിൽ ലാ ലിഗയിൽ ഒന്നാംസ്ഥാനത്ത്. 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ 17 പോയിന്റുമായി എട്ടാംസ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here