ഗാർലൻഡ് മേയർ സ്ഥാനാർത്ഥി പി. സി. മാത്യുവിന് വലിയ പിന്തുണ

ഡാളസ്: ഗാർലൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ പി. സി. മാത്യുവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹം ഏറെക്കാലം സർവീസിലുണ്ടായ അനുഭവം, സാമൂഹിക രംഗത്തെ പ്രവർത്തനം, കഴിഞ്ഞ തവണ ഡിസ്‌ട്രിക്ട് 3-ൽ ലഭിച്ച വലിയ വോട്ട്, സീനിയർ സിറ്റിസൺ കമ്മീഷണറായി ചെയ്ത സേവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയിരിക്കുന്നത് എന്ന് കാമ്പയിൻ സംഘാംഗങ്ങൾ പറഞ്ഞു.
ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി, സെക്രട്ടറി കാർത്തികാ പോൾ, ട്രെഷറർ ബിൽ ഇൻഗ്രം, ജോൺ സാമുവൽ, തോമസ് ചെള്ളാത്ത്, ഹെലൻ മെയ്‌സ്, റയാൻ കീനൻ എന്നിവർ ചേർന്നാണ് വിവരം അറിയിച്ചത്.
സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ പൊതുയോഗം ഗ്രാൻവിൽ ആർട്സ് സെന്ററിൽ വച്ചു നടന്നു. ഈ യോഗത്തിൽ നഗര കൗൺസിൽ അംഗങ്ങളും അയൽ നഗരങ്ങളിലെ സമൂഹ നേതാക്കളും പങ്കെടുത്തിരുന്നു.
ഗാർലൻഡ് നഗരത്തിൽ ഇപ്പോഴും മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ഉണ്ടാകുന്നുണ്ട്. റോഡുകൾ, ട്രാഫിക് ജംഗ്ഷനുകൾ എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. പല ജംഗ്ഷനുകളിലും റോഡ് ഡിവൈഡറും റോഡും തമ്മിൽ തിരിച്ചറിയാൻ പറ്റാതെ ഇരിക്കുന്നു. ഇത് ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടാണ്. എല്ലായിടത്തും ഡിവൈഡറുകൾ പെയിന്റ് ചെയ്യുകയും ലൈറ്റുകൾ ഇല്ലാത്തിടങ്ങളിൽ പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് പി. സി. മാത്യു വ്യക്തമാക്കി.
ഗാർലൻഡിൽ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്നത്. പലരും കാറുകളിലും പായപ്പുറങ്ങളിലും താമസിക്കുന്നു. ഇത് ഗാർലൻഡിന്റെ മാത്രം പ്രശ്നമല്ല, പ്ലേനോ പോലുള്ള സമീപ നഗരങ്ങളിലും ഇത് കാണാം. അതിനാൽ ഇത് ഒരു റീജിയണൽ പ്രശ്നമായി നോക്കേണ്ടതാണെന്ന് പി. സി. പറഞ്ഞു.
ഡാളസ് കൗണ്ടിയോടും സമീപ കൗണ്ടികളിലുമുള്ള നേതാക്കളോടും ചേർന്ന് ഒരു വലിയ ഷെൽട്ടർ പണിയാനും, അതിനൊപ്പം പോലീസ്, മെഡിക്കൽ യൂണിറ്റുകളും ഉൾപ്പെടുത്തി ഇവരെ ചെറിയ ജോലികൾ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും അദ്ദേഹം ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രശസ്ത മാജീഷ്യൻ ഗോപിനാഥ് മുതുകാട് നടത്തുന്ന സാമൂഹിക പദ്ധതിയെ മാതൃകയാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക് സ്റ്റേറ്റ് ഫണ്ടിങ്ങ് ലഭിക്കാൻ സാധ്യതയുമുണ്ട്.
ഈ വരുന്ന ശനിയാഴ്ച, മെയ് 3-ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വോട്ടെടുപ്പ് നടക്കും. അതിനായി ഓരോരുത്തരും പോളിംഗ് ബൂത്തിലേക്ക് എത്തി തങ്ങളുടെ വോട്ട് ഉപയോഗിക്കണമെന്ന് പി. സി. മാത്യു അഭ്യർത്ഥിച്ചു. വോട്ടിങ്ങിനുശേഷം തന്നെ രാത്രി തന്നെ ഫലം അറിയാൻ സാധിക്കും. തന്റെ പേരിൽ വോട്ട് ചെയ്യാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കാനും അദ്ദേഹം അപേക്ഷിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: https://pcmathew4garland.com വീഡിയോ ലിങ്ക്: https://youtu.be/kDxmkf1rIUU?si=UcUml2iSA1UTVbMH