AmericaHealthLatest News
‘ബർത്ത് ടൂറിസ’ത്തിനെതിരെ നടപടിയുമായി ടെക്സസ്; പുതിയ ഉത്തരവിൽ ഒപ്പുവെച്ച് ഗവർണർ ഗ്രെഗ് ആബട്ട്

ഓസ്റ്റിൻ: വ്യാജ മാർഗ്ഗങ്ങളിലൂടെ എത്തുന്ന വിദേശികൾക്ക് പ്രസവാനുകൂല്യങ്ങളും തദ്വാരാ കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വവും ലഭ്യമാക്കുന്ന ‘ബർത്ത് ടൂറിസം’ (Birth Tourism) തടയാൻ കർശന നടപടിയുമായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും വിവിധ സംസ്ഥാന ഏജൻസികൾക്ക് നിർദ്ദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു.
നിയമലംഘനം നടത്തുന്ന ആരോഗ്യസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, സംസ്ഥാന കരാറുകളിൽ നിന്ന് വിലക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ ടെക്സസ് മെഡിക്കൽ ബോർഡ് അടക്കമുള്ള വകുപ്പുകൾക്ക് നിർദ്ദേശമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിന്റെ പൗരത്വ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ആബട്ടിന്റെ ഈ നീക്കം.




