ഒറിജിനലിനെ വെല്ലുന്ന വ്യാജ പാസ്പോർട്ട് സൈറ്റുകൾ; യോർക്ക് റീജ്യണിൽ രണ്ടുപേർ പിടിയിൽ

വാർത്ത:പ്രസാദ് തീയാടിക്കൽ —ടൊറന്റോ: ഔദ്യോഗിക കനേഡിയൻ പാസ്പോർട്ട് സേവനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ പാസ്പോർട്ട് വെബ്സൈറ്റുകൾക്കെതിരെ കാനഡയിൽ നടപടി. Passport Online, Passport Express എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്ന സേവനങ്ങളിലൂടെ പൊതുജനങ്ങളെ വഞ്ചിച്ചെന്ന കേസിലാണ് ഒന്റാറിയോ സ്വദേശികളായ ജോൺ ജെസ്സി ബ്രെസ്ലിൻ (John Jesse Breslin), ഫീബി ഹുയ് ടിംഗ് വോങ് (Phoebe Hui Ting Wong) എന്നിവർ അറസ്റ്റിലായത്.
2016 മുതൽ 2020 വരെ ഈ വെബ്സൈറ്റുകൾ ഔദ്യോഗിക സർക്കാർ പാസ്പോർട്ട് സേവനമാണെന്ന രീതിയിൽ പരസ്യം നൽകി, പാസ്പോർട്ട് അപേക്ഷയും പുതുക്കലും എളുപ്പത്തിൽ നടത്താമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കിയെന്നാണ് Competition Bureau കണ്ടെത്തിയത്. അന്വേഷണത്തെ തുടർന്ന് യോർക്ക് റീജിയണൽ പൊലീസ് ഇരുവർക്കുമെതിരെ $5,000-ൽ കൂടുതലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വച്ചത്, കൂടാതെ വഞ്ചനാപരമായ വിപണനരീതികൾ സംബന്ധിച്ച കുറ്റങ്ങളും ചുമത്തി. കേസിലെ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
പ്രസാദ് തീയാടിക്കൽ




