ന്യൂയോർക്ക് സന്ദർശിക്കാൻ ഇനി കൂടുതൽ ലാഭം; കനേഡിയൻ യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ

ന്യൂയോർക്ക്: കനേഡിയൻ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി ന്യൂയോർക്ക് സിറ്റി ടൂറിസം + കൺവെൻഷൻസ് പുതിയ “NYC’s Northern Neighbour Deal” എന്ന പ്രത്യേക യാത്രാ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7 വരെ പങ്കെടുക്കുന്ന 85-ലധികം ഹോട്ടലുകൾ, ബ്രോഡ്‌വേ ഷോകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
ഈ ഓഫറിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 4 മുതൽ ആരംഭിക്കും. കനേഡിയൻ ഡോളറിന്റെയും യു.എസ്. ഡോളറിന്റെയും വിനിമയ നിരക്കിന്റെ ആഘാതം കുറയ്ക്കാനും കൂടുതൽ കനേഡിയൻ സന്ദർശകരെ ന്യൂയോർക്കിലേക്ക് ആകർഷിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.
അതോടൊപ്പം Porter Airlines കാനഡയിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്കുള്ള യാത്രകൾക്ക് 20 ശതമാനം വരെ വിമാനക്കൂലി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7-നകം ബുക്ക് ചെയ്യുന്നവർക്ക് ഡിസംബർ 15 വരെ യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകും.
ന്യൂയോർക്ക് സിറ്റി ടൂറിസം + കൺവെൻഷൻസ് പ്രസിഡന്റ് & സിഇഒ ജൂലി കോക്കർ പറഞ്ഞു: കാനഡ ന്യൂയോർക്ക് നഗരത്തിന്റെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര സന്ദർശക വിപണിയാണെന്നും, ഈ പദ്ധതി ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും കൂടുതൽ വ്യാപാരം ലഭിക്കാൻ സഹായിക്കുമെന്നും.
2026-ൽ 8 ലക്ഷത്തിലധികം കനേഡിയൻ സന്ദർശകർ ന്യൂയോർക്ക് സിറ്റിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3.1 ശതമാനം വർധനവാണ്.
ഓഫറിൽ പങ്കെടുക്കുന്നവരിൽ പ്രമുഖ ഹോട്ടലുകൾ, Empire State Building Observation Deck, Edge, Intrepid Museum, City Cruises, New York Yankees ടൂർ, നിരവധി ബ്രോഡ്‌വേ ഷോകൾ, പ്രമുഖ റെസ്റ്റോറന്റുകൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
പ്രസാദ് തീയാടിക്കൽ




