തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലടക്കം കുറഞ്ഞ നിരക്കിലും പാവപ്പെട്ടവർക്ക് സൗജന്യമായും അതിവേഗ ഇന്റർനെറ്റ് സംവിധാനം സജ്ജമാക്കാൻ സർക്കാർ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതി വഴിയിൽ കുടുങ്ങി.ലോക്ക് ഡൗൺ കാലഘട്ടത്തിൽ, പഠനകാര്യത്തിനായാലും ഓഫീസ് പ്രവർത്തനത്തിനായാലുംപ്രയോജനപ്പെടുമായിരുന്ന പദ്ധതിയാണ് ലോക്ക് ഡൗണിൽത്തന്നെ കുടുങ്ങിയത്.ഐ.ടി സെക്രട്ടറി വിവാദത്തിൽ കുടുങ്ങി തെറിച്ചതും പ്രതികൂലമായി ബാധിച്ചേക്കും.ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ, ഡിസംബറിൽ പദ്ധതി നടപ്പാക്കാമെന്നാണ് കരുതിയത്.കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറും കെ.എസ്.ഇ.ബിയും ചേർന്നാണ് നടപ്പിലാക്കുന്നത്. 49 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. രണ്ടു ശതമാനമാണ് സർക്കാർ വിഹിതം.പദ്ധതിയുടെ നടത്തിപ്പും സേവനം നൽകലും ഇവർക്കാണെങ്കിലും സാങ്കേതിക വിദ്യയും സംവിധാനവും ഒരുക്കുന്നത് ഭാരത് ഇലക്ട്രോണിക്‌സ്, റെയിൽടെൽ എന്നീ പൊതുമേഖല കമ്പനികളും എസ്.ആർ.ഐ. ടി, എൽ. എസ് കേബിൾ എന്നീ സ്വകാര്യകമ്പനികളും ചേർന്ന കൺസോർഷ്യമാണ്. ഇവരുമായാണ് സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്. സർക്കാർ പണം ഇവർക്കാണ് പ്രധാനമായും കൊടുക്കുന്നത്.

കിഫ്ബിയിൽ നിന്ന് 1548 കോടി ചെലവഴിക്കുന്ന പദ്ധതിക്ക് 28000 കിലോ മീറ്ററിലെ കോർ നെറ്റ് സർവ്വേ പൂർത്തിയായി. സേവനം ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച സർവ്വേ പുരോഗമിക്കവേയാണ് ലോക്ക് ഡൗൺ വന്നത്.കൺസോർഷ്യത്തിലെ മേധാവികളുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി കഴിവതും വേഗം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാവർക്കും തുല്യ അവസരം
# കുത്തകകളെ മറികടന്ന് എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്ടിക്കൽ ഫൈബർ നെറ്റ് വർക്ക്.
# 30000ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷൻ
# 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ
# ഐ.ടി പാർക്കുകൾ, എയർ പോർട്ട്, തുറമുഖം എന്നിവിടങ്ങളിലേക്കും ഹൈസ്പീഡ് കണക്ടിവിറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here