മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: ഗതകാല സ്മരണകളുണര്‍ത്തി നമ്മില്‍ നിന്നും വിട്ടുപോയ സംഗീത സംവിധായകര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്ക് ഗ്ലെന്‍ ഓക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 26 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ പഴയകാല ഗാനങ്ങളെ കോര്‍ത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. ”തിയേറ്റര്‍ ജി ന്യൂയോര്‍ക്ക്” എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റര്‍ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോര്‍ത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതില്‍ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതല്‍ക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകര്‍ ജീവന്‍ നല്‍കിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകര്‍ക്കായി ഒരുക്കുന്നതിനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാര്‍ ആയിരുന്ന വി. ദക്ഷിണാ മൂര്‍ത്തി സ്വാമി, ദേവരാജന്‍ മാസ്റ്റര്‍, കെ. രാഘവന്‍ മാസ്റ്റര്‍, ബാബുരാജ്, എം. കെ. അര്‍ജുനന്‍ മാസ്റ്റര്‍, സലില്‍ ചൗധരി എ. ടി. ഉമ്മര്‍, ശ്യാം, കെ. ജെ. ജോയി, കെ. പി. ഉദയഭാനു, ഇളയരാജ, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സന്‍ മാസ്റ്റര്‍ തുടങ്ങിയ സംഗീത സംവിധായകരുടെ മാസ്മരിക ഈണത്തിലൂടെ ജന്മം കൊണ്ട ഒരിക്കലും മരിക്കാത്ത നിത്യഹരിതഗാനങ്ങള്‍ കേട്ടാസ്വദിക്കാനുള്ള ഒരു മനോഹര സന്ധ്യയാണ് മലയാളികള്‍ക്കായി അണിയിച്ചൊരുക്കുന്നത്.

ന്യൂയോര്‍ക്കിലെ അനുഗ്രഹീത യുവ ഗായകരായ ശബരീനാഥ് നായര്‍, രവി, സുമ, ജിനു, അലക്‌സ്, സ്‌നേഹ, വേദ, അപര്‍ണ തുടങ്ങിയവര്‍ നിങ്ങള്‍ക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള ഒരവസരമാണ്. ഒരിക്കലും മറക്കുവാന്‍ ആഗ്രഹിക്കാതെ എന്നും നെഞ്ചിലേറ്റി ഒരു ചെറു പുഞ്ചിരിയോടെ മനസ്സില്‍ മൂളിപ്പാട്ടുമായി നടക്കുന്ന മലയാളികള്‍ക്കു ഒരിക്കല്‍ കൂടി ആ പഴയകാല ഗാനങ്ങള്‍ കേട്ടാസ്വദിക്കാന്‍ വേദി ഒരുക്കുകയാണ് സംഘാടകര്‍.

എല്ലാ ഗാനങ്ങള്‍ക്കും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനായി (BGM) സംഗീത വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്ന പല സംഗീത കലാകാരന്മാരെയും പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. പല BGM കലാകാരന്മാരും തങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവരോട് പറയാനാകാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അനാരോഗ്യം മൂലവും മറ്റു വിവിധ കാരണങ്ങളാലും അത്തരം കഷ്ടത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക എന്നതാണ് ഈ ഗാന സന്ധ്യയിലൂടെ സംഘാടകരുടെ ഉദ്ദേശം. പ്രേക്ഷകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും, പരിപാടിക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നവരിലൂടെയും സംഗീതത്തെ സ്‌നേഹിക്കുന്നവരിലൂടെയും ലഭിക്കുന്ന സഹായങ്ങള്‍ ജീവിത ദുരിതമനുഭവിക്കുന്ന BGM കലാകാരന്മാരുടെ സഹായത്തിന് നല്‍കുന്നതിനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഗാനസന്ധ്യയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രസ്തുത ജീവകാരുണ്യ ആവശ്യത്തിലേക്കു ഓഡിറ്റോറിയത്തില്‍ വച്ച് തങ്ങളാല്‍ ആകുന്നവിധം സംഭാവന നല്‍കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

”Soulful Moments’ (സര്‍ഗ്ഗാല്മക നിമിഷങ്ങള്‍) എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലൂടെ പ്രേക്ഷക മനസ്സിന് എന്നും കുളിര്‍മ്മ നല്‍കുന്ന മനോഹര നൊസ്റ്റാള്‍ജിക് മലയാളം സിനിമാ ഗാനങ്ങളിലൂടെയുള്ള മാസ്മരിക യാത്രയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു. ‘Soulful Moments’ ഓര്‍ക്കെസ്ട്രാ ടീമിനെക്കൂടി പരിചയപ്പെടുത്തട്ടെ. തബല – സുബാഷ് കാരിയില്‍, റോണി കുരിയന്‍; കീ ബോര്‍ഡ് – വിജു ജേക്കബ്; വയലിന്‍- ജോര്‍ജ് ദേവസ്സി; ഗിറ്റാര്‍ – ഗിവേര്‍ട്ട് തങ്കകുട്ടന്‍, വിനോയ് ജോണ്‍. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്‌കൂള്‍ ആഡിറ്റോറിയം അഡ്രസ്സ് : PS 115, 80 – 51 262nd Street, Glen Oaks, New York – 11004 .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – മധു പിള്ള – 917-440-8995 ; അജിത് എബ്രഹാം – 516-225-2814 ; ഹരിലാല്‍ നായര്‍ – 516-754-4571.

LEAVE A REPLY

Please enter your comment!
Please enter your name here