മനസ്സിന്റെ നൊമ്പരം

കാലമൊരു നാഴിക കാത്തുനിൽക്കുന്നില്ല
കാമനകൾ തെല്ലും ശമിപ്പതില്ല
കാതരമാകുമെൻ കരളിന്റെ വാതിലുകൾ
മെല്ലെ തുറന്നു ഞാൻ കാത്തു നിൽപ്പു

നശ്വര ജീവിത പാതയിലെപ്പോഴും
കണ്ടുമുട്ടുന്നതാം നിറമുള്ള കാഴ്ച്ചകൾ
തേടിയെത്തുന്നെന്റെ നിദ്രയിൽ പിന്നെ
പേടിപ്പെടുത്തുന്നു തൻ ദൃംഷ്ടകൾ നീട്ടി

എത്രമേൽ നിന്നിൽ നിന്നോടി ഒളിച്ചാലും
അത്രമേൽ എന്നിലേക്കാഴ്ന്നിറങ്ങീടുന്നു
തീരാത്ത ദാഹമായ് ആത്മാവിലെന്നും
എരിയുന്ന തിരിയായ് നിന്നിടുന്നു

ആത്മാവിൻ നൊമ്പരച്ചാലുകളിൽ
നിണം പൊടിഞ്ഞുറവ പൊട്ടുന്നു
ആകാശസീമതൻ അതിരുകളിൽ നിന്നും
കഴുകുകൾ എത്തുന്നു കൂട്ടമായി

ചിറകടിച്ചെത്തിയെൻ ഉറവയിൽ നിന്നും
കോരിക്കുടിച്ചവർ ദാഹമാറ്റീടവെ
കൊത്തിപ്പറിക്കുന്നതിൽ  ചിലർ എന്നുടെ
മജ്ജയും, മാംസവും ദയതെല്ലുമില്ലാതെ

എങ്കിലും ഇല്ലെനിക്കവരോട് തെല്ലുമെ
ഉള്ളിന്റെ ഉള്ളിലായ് നീരസചിന്തുകൾ
മലർക്കെ തുറന്നെന്റെ മനസ്സിൻ വിതാനങ്ങൾ
നിറക്കട്ടെ സൗരഭ്യമൂറുന്ന ചിന്തകൾ…..
                  റോബിൻ കൈതപ്പറമ്പ്…….

LEAVE A REPLY

Please enter your comment!
Please enter your name here