
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിച്ച സമിതിക്ക് മുന്പില് ഇക്കുറി എത്തിയത് 73 സിനിമകളാണ്. സംവിധായകന് മോഹന്‍ അധ്യക്ഷനായ പത്തംഗ ജൂറി ഫിബ്രവരി 14 മുതല്‍ സ്ക്രീനിംഗ് നടത്തിയായിരുന്നു പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കും വരെ അവാര്‍ഡ് ജേതാക്കളെക്കുറിച്ച് പലതരം അഭ്യൂഹങ്ങളാണുണ്ടായിരുന്നത്. എന്ന് നിന്റെ മൊയ്തീനും, പത്തേമാരിയും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും പത്തേമാരിക്ക് കാര്യമായ പുരസ്കാരങ്ങള്‍ ഇല്ല. അതേസമയം ചര്‍ച്ചകളില്‍ വരാതിരുന്ന ചാര്‍ളി, ബെന്‍ എന്നീ ചിത്രങ്ങള്‍ വലിയ നേട്ടം കൊയ്യുകയും ചെയ്തു.
മികച്ച സംവിധായകന്, നടന്, നടി, തിരക്കഥാകൃത്ത്, ഛായഗ്രഹകന്‍, കലാസംവിധായിക, ശബ്ദമിശ്രണം, പ്രോസസിങ് ലാബ് എന്നിങ്ങനെ എട്ട് പുരസ്കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കിയപ്പോള്‍. എഴ് പുരസ്കാരങ്ങള്‍ നേടിയ എന്ന് നിന്റെ മൊയ്തീന് പ്രതീക്ഷകള്‍ കാത്തു. പശ്ചാത്തല സംഗീതത്തിന് ബിജി ബാലിന് കിട്ടിയ പുരസ്കാരം ഒഴിച്ചു നിര്‍ത്തിയാല്‍ പത്തേമാരിക്ക് അവാര്‍ഡ് പ്രഖ്യാപനം നിരാശയാണ് സമ്മാനിച്ചത്. പോയവര്‍ഷത്തെ മെഗാഹിറ്റ് ചിത്രമായ പ്രേമത്തിന് അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ല. അമര്‍ അക്ബര്‍ ആന്റെണിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന ഗാനത്തിലൂടെ കൊച്ചു ഗായിക ശ്രേയാ ജയദീപ് പ്രത്യേക ജൂറി പരാമര്‍ശം നേടി, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ജോയ് മാത്യൂവും, ചാര്‍ളിയുടെ നിര്‍മ്മാതാവും നടനുമായ ജോജു ജോര്‍ജും പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
സംഗീത വിഭാഗത്തില്‍ വലിയ നേട്ടം സ്വന്തമാക്കിയത് എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങളാണ്. ചിത്രത്തിലെ ശാരദാബംരം എന്ന ഗാനത്തിലൂടെ രമേശ് നാരായണന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍, ഇതേ ചിത്രത്തിലെ കാത്തിരുന്നു…. കാത്തിരുന്നു….. എന്ന ഗാനത്തിലൂടെ റഫിഖ് അഹമ്മദ് മികച്ച ഗാനരചയിതാവിനുളള പുരസ്കാരം സ്വന്തമാക്കി. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ പ്രിയമുള്ളവനെ എന്ന മനോഹരമായ മെലഡി പാടി ശ്രദ്ധേയയായ മധുശ്രീ നാരായണന് പക്ഷേ പുരസ്കാരം നേടിയത് ഇടവപ്പാതി എന്ന ചിത്രത്തിലെ പശ്വതി ദിശി ദിശി എന്ന ഗാനത്തിലൂടെയാണ്. ഈ രണ്ട് ഗാനങ്ങള്‍ക്കും സംഗീതം നിര്വഹിച്ചതാക്കട്ടെ മധുശ്രീയുടെ പിതാവ് രമേശ് നാരായണനാണ്. മികച്ച ഗായകനുള്ള പുരസ്കാരത്തിന് ജയചന്ദ്രന്റേയും വിജയ് യേശുദാസിന്റേയും പേര് പരിഗണിക്കപ്പെട്ടെങ്കിലും ജിലേബിയിലെ ഞാനൊരു മലയാളി, എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, മൊയ്തീനിലെ ശാരദാബംരം എന്നീ ഗാനങ്ങളിലൂടെ ജയചന്ദ്രന് പുരസ്കാരത്തിനര്‍ഹനായി.
ചാര്‍ളി, എന്ന് നിന്റെ മൊയ്തീന് എന്നീ ചിത്രങ്ങളിലെ മികച്ച ഛായഗ്രഹണത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജോമോന് ടി ജോണാണ് ഛായാഗ്രഹകനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.24
24×7 എന്ന ചിത്രത്തിലൂടെ മാധ്യമലോകത്തിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചം വീശിയ ശ്രീബാല കെ മേനോനാണ് നവാഗത സംവിധായകയ്ക്കുള്ള പുരസ്കാരം. നിര്‍ണായകം എന്ന ചിത്രത്തിലെ അഡ്വ. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ മികച്ചതാക്കിയ പ്രേം പ്രകാശിന് സ്വഭാവനടനുള്ള പുരസ്കാരം അര്‍ഹിച്ചതാണ്.
എല്ലാ തവണയും എന്ന പോലെ ഇക്കുറിയും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അവാര്‍ഡ് പ്രഖ്യാപനം.മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടിയ കാറ്റും മഴയും എന്ന കൃതിയുടെ സൃഷ്ടാവിനെ സംബന്ധിച്ചാണ് നിലവിലെ പ്രധാനവിവാദം നജീം കോയ എന്നൊരാളുടെ പേരിലാണ് ഈ കൃതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ഫെഫ്ക വ്യക്തമാക്കിയിട്ടുണ്ട്. നടന് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കാത്തതില്‍ ആരാധകര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഡികാപ്രിയോ എന്നൊരു വിശേഷണവും അദ്ദേഹത്തിന് ഇതിനോടകം ചാര്‍ത്തിക്കിട്ടി . 2014-ല്‍ അപ്പോത്തിക്കിരിയിലെ മാസ്മരിക പ്രകടനത്തിലൂടെ അവാര്‍ഡ് പ്രതീക്ഷകളുയര്‍ത്തിയ ജയസൂര്യ, ഇതവണ കുമ്പസാരം, സൂ സൂ സുധീവാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വീണ്ടും മികച്ച നടനാവാന്‍ മത്സരിച്ചെങ്കിലും അവസാന റൗണ്ടില്‍ പുറത്തായി. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെ എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രം ഒരുക്കിയ ആര്.എസ്.വിമലും ജൂറിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.