കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍ കീഴിലുള്ള ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) ഇക്കൊല്ലം ജൂലായില്‍ ആരംഭിക്കുന്ന എം.ബി.ബി.എസ്. (ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ബാച്ചിലര്‍ ഓഫ് സര്‍ജറി) കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ജൂണ്‍ 5 (ഞായറാഴ്ച) നടക്കും.
ജിപ്മെറിന്റെ പുതുച്ചേരി (150 സീറ്റുകള്‍), കാരയ്ക്കല്‍ (50 സീറ്റുകള്‍) എന്നീ കാമ്പസുകളിലെ കോഴ്സുകളിലേക്കാണ് പ്രവേശനം. ദേശീയതലത്തില്‍ 75 തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.
ചുരുങ്ങിയ ഫീസ് നിരക്കില്‍ ഗുണമേന്മയുള്ള മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക. നിലവില്‍ വാര്‍ഷിക അക്കാദമിക് ഫീസ് വെറും 1400 രൂപയാണ്. അഡ്മിഷന്‍ ഫീസ് 4000 രൂപ, സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഫീസ് 2000 രൂപ, ലേര്‍ണിംഗ് റിസോഴ്സ് ഫീസ് 2000 രൂപ, ഹോസ്റ്റല്‍ എസ്റ്റാബ്ലിഷ്മെന്റ് ചാര്‍ജ് 6000 രൂപ, കോഷന്‍ ഡിപ്പോസിറ്റ് 5000 രൂപ, മെസ് ഡിപ്പോസിറ്റ് 3000 രൂപ എന്നിങ്ങനെയാണ് നിലവിലുള്ള മറ്റ് ഫീസ് നിരക്കുകള്‍.
യോഗ്യത
ഭാരതീയര്‍ക്കും പ്രവാസി ഇന്ത്യാക്കാര്‍ക്കും പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. അപേക്ഷകര്‍ക്ക് പ്രായം 2016 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയായിരിക്കണം. പ്ലസ്ടു/തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഒ.ബി.സികാര്‍ക്കും 40 ശതമാനം മാര്‍ക്ക് മതി. ഇംഗ്ലീഷ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പ്രത്യേകം പാസായിരിക്കണം. 2016 മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ യോഗ്യതാ പരീക്ഷ എഴുതുന്നവരേയും പരിഗണിക്കും.
അപേക്ഷ
പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.jipmer.edu.in എന്ന വെബ്സൈറ്റിലൂടെ നിര്‍ദേശാനുസരണം മാര്‍ച്ച് 7 രാവിലെ 11 മണി മുതല്‍ മെയ് 4 വൈകീട്ട് 5 മണി വരെ നടത്താവുന്നതാണ്. അപേക്ഷാ ഫീസ് ജനറല്‍ (അണ്‍റിസര്‍വ്ഡ്)/ ഒബിസി/ പ്രവാസി ഇന്ത്യാക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 800 രൂപയുമാണ്.
ഇതിന് പുറമേ ട്രാന്‍സാക്ഷന്‍ ചാര്‍ജ് കൂടി നല്‍കണം. അസ്ഥിസംബന്ധമായ വൈകല്യമുള്ളവരെ (OPH) അപേക്ഷാഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരം അടയ്ക്കാം. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ ലഭിക്കും.

പ്രവേശന പരീക്ഷ
ഒറ്റ ഷിഫ്റ്റായി ജൂണ്‍ 5 ന് രാവിലെ 10 മുതല്‍ 12.30 മണി വരെ നടത്തും. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ലോജിക് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ഇംഗ്ലീഷ് കോംപ്രിഹന്‍ഷന്‍ മേഖലകളിലായി 200 ചോദ്യങ്ങളുണ്ടാകും. ഓരോ ശരി ഉത്തരത്തിനും ഓരോ മാര്‍ക്ക് വീതം ലഭിക്കും.
ഉത്തരം തെറ്റിയാലും മാര്‍ക്ക് നഷ്ടമാവില്ല. നെഗറ്റീവ് മാര്‍ക്കിംഗ് രീതി മൂല്യനിര്‍ണയത്തിന് അവലംബിക്കില്ല. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 50 പെര്‍സന്റൈലില്‍ കുറയാതെയും പട്ടികജാതി/ വര്‍ഗം/ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 40 പെര്‍സന്റൈലില്‍ കുറയാതെയും നേടണം. ജനറല്‍ OPH വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 45 പെര്‍സന്റൈലില്‍ കുറയാതെ വേണം. മെരിറ്റ് ലിസ്റ്റ് ജൂണ്‍ 13 ന് പ്രസിദ്ധീകരിക്കും.
എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍, ട്രിച്ചി, തിരുനെല്‍വേലി, തൂത്തുക്കൂടി, കോയമ്പത്തൂര്‍, ചെന്നൈ, പുതുച്ചേരി, നാഗര്‍കോവില്‍, നാമക്കല്‍, സേലം, മധുര, മംഗ്ലുരു, തിരുവണ്ണാമലൈ, മൈസൂര്‍, ബംഗളൂരു, ബല്‍ഗാം, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടും.
സീറ്റുകള്‍
ജിപ്മെര്‍ പുതുച്ചേരി കാമ്പസില്‍ എം.ബി.ബി.എസ്. കോഴ്സില്‍ ആകെയുള്ള 150 സീറ്റുകളെ ജനറല്‍-50, ഒ.ബി.സി-28, SC-16, ST-11, പുതുച്ചേരി റസിഡന്റ്സ്-40 എന്നിങ്ങനെയും കാരയ്ക്കല്‍ കാമ്പസില്‍ ആകെയുള്ള 50 സീറ്റുകളെ ജനറല്‍-15, ഒ.ബി.സി-10, SC-6, ST-4, പുതുച്ചേരി റസിഡന്റ്സ് -14 എന്നിങ്ങനെയും വിഭജിച്ച് അഡ്മിഷന്‍ നല്‍കും. അഡ്മിഷന്‍ കൗണ്‍സലിംഗ് ജൂണ്‍ 20 മുതല്‍ 22 വരെ നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോസ്‌പെക്ടസ് കാണുക: http://jipmer.edu.in/wp-content/uploads/2016/02/MBBS-Advertisement-2016-pdf.pdf

LEAVE A REPLY

Please enter your comment!
Please enter your name here