തിരുവനന്തപുരം: ജീവിതത്തിരക്കിൽ നഷ്‌ടപ്പെടുന്ന സൗഹൃദങ്ങൾ വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്‌ക്കുന്ന ഏറ്റവും പുതിയ നിവിൻ പോളി ചിത്രം ‘സാറ്റർഡേ നൈറ്റ്’ പ്രേക്ഷകർ ഏറ്റെടുത്തു. ഇങ്ങനെയുള്ള കൂടിച്ചേരലുകളുടെ സന്തോഷവും ആവശ്യകതയുമാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ആദ്യ കോമഡി ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.

സ്റ്റാൻലിയും പൂച്ച സുനിലും അജിത് എബ്രഹാമും ജസ്റ്റിനും ഒന്നിച്ചു പഠിച്ച ഉറ്റ കൂട്ടുകാരാണ്. വർഷങ്ങൾക്കു ശേഷമുള്ള ഇവരുടെ ഒത്തുചേരലും സൗഹൃദവുമാണ് പ്രമേയം. സ്റ്റാൻലിയായി നിവിൻ തന്റെ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പൂച്ച സുനിലെന്ന കഥാപാത്രത്തിൽ അജു വർഗീസും തിളങ്ങി.

 

ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയും തിരിച്ചറിവുകളിലൂടെ സഞ്ചരിക്കുന്ന അജിത്തിനെയും ജസ്റ്റിനെയും സിജു വിത്‌സനും സൈജു കുറുപ്പും മികച്ചതാക്കി. പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്ക് എത്തുന്നതുതന്നെ, കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം അടിച്ചുപൊളിക്കാനാണ്. എന്നാൽ ആ സ്വപ്നം മുടങ്ങുന്നു. നിസാര പ്രശ്നത്തിന്റെ പേരിൽ പിരിയുന്ന ചങ്ങാതികൾ വീണ്ടും ഒത്തു ചേരുന്നതിന് പിന്നിൽ മറ്റ് സുഹൃത്തുക്കൾ അറിയാത്ത ഒരു കാരണവുമുണ്ട്. അതാണ് ചിത്രത്തിന്റെ സസ്‌പെൻസ്.

ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, വിജയ് മേനോൻ, പ്രതാപ് പോത്തൻ, ശാരി, മാളവിക ശ്രീനാഥ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. നർമരസമുള്ള ചില മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാസന്ദർഭങ്ങളും കോർത്തിണക്കിയ തിരക്കഥ. ചിത്രത്തിന്റെ രചന നവീൻ ഭാസ്കറിന്റേതാണ്.

അസ്‌ലം കെ. പുരയിലിന്റേതാണ് കാമറ. ടി. ശിവാനന്ദേശ്വരന്റെ എഡിറ്റിംഗും ജേക്‌സ് ബിജോയ്‌യുടെ സംഗീതവും ചിത്രത്തിന്റെ ഭംഗി കൂട്ടി. സുജിത് സുധാകരന്റെ വസ്ത്രാലങ്കാരവും ശ്രദ്ധേയം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സിനിമ നിർമ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here