മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കാതൽ. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടിയെത്തുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

മമ്മൂട്ടി ഫാൻസിന്റെ പേജുകളിലാണ് ഇത്തരമൊരു ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഇടത് സ്വതന്ത്ര സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന ഇലക്ഷൻ പ്രചരണ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ടോർച്ചാണ് മാത്യു ദേവസിയുടെ ചിഹ്നം. മമ്മൂട്ടി ആരാധകരുടെ ഗ്രൂപ്പുകളിലിപ്പോൾ ചിത്രം നിറയുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോയിൻ ചെയ്യാനെത്തിയ ജ്യോതികയുടെ വീഡിയോയും വൈറൽ ആയിരുന്നു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. രാക്കിളിപ്പാട്ട്, സീതാകല്യാണം എന്നിവയാണ് ഇതിന് മുൻപ് ജ്യോതിക അഭിനയിച്ച മലയാള ചിത്രങ്ങൾ.

 

മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതൽ. കാതൽ- ദ് കോർ എന്നാണ് ചിത്രത്തിന്റെ യഥാർഥ പേര്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിക്കമ്പനി നിർമ്മിച്ച മറ്റു ചിത്രങ്ങൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന ചിത്രമാണ് കാതൽ. റോഷാക്കാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കേറ്ററിങ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ജിയോ ബേബി കാതലുമായി എത്തുന്നത്. കഴിഞ്ഞ വർഷം ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഉടൻപിറപ്പെ എന്ന ചിത്രത്തിലാണ് ജ്യോതിക ഒടുവിൽ അഭിനയിച്ചത്. ഇതിനു മുൻപ് വൺ, യാത്ര എന്നീ ചിത്രങ്ങളിലും മമ്മൂട്ടി രാഷ്ട്രീയ പ്രവർത്തകനായാണ് എത്തിയത്. ഇരുചിത്രങ്ങളിലേയും മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here