സിനിമ- സീരിയല്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. 42ാം വയസില്‍ സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ്. സുബിയുടെ വിയോഗം വ്യക്തമാക്കി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നൊമ്പരമാകുന്നത്.

‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം. നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സുബി ഇനി ഇല്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, പോസ്റ്റഡ് ബൈ അഡ്മിന്‍ എന്നാണ് കുറിപ്പിന് താഴെ കൊടുത്തിരിക്കുന്നത്. അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകര്‍ക്കിടയിലെ ശ്രദ്ധേയയാകുന്നത്. സ്റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും കിട്ടിയതാണെന്ന് സുബി പറയാറുണ്ട്.

സുബി സുരേഷ് രോഗാവസ്ഥയിലാണെന്ന് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി താന്‍ സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എതാണ്ട് ഉള്‍കൊണ്ടിരുന്നുവെന്ന് സുബിയുടെ സുഹൃത്തും നടനുമായ ടിനി ടോം പറഞ്ഞു. ‘സുബിയെക്കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്‌കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്‌സ്‌ക്രൈബേര്‍സ് കൂടിയതോടെ അതിന്റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്‌നം വന്നത്. കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ആശുപത്രിയില്‍ ആയിരുന്നു. രോഗാവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയാറായിരുന്നു.

അതിന്റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും ഹൈബി ഈഡനും അന്‍വര്‍ സാദത്തും ഇങ്ങനെ രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ ശിവരാത്രി ദിവസം ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് രക്തസമ്മര്‍ദം വര്‍ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്‌നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്’ ടിനി ടോം പറഞ്ഞു.

https://www.facebook.com/SubiSureshOfficial

LEAVE A REPLY

Please enter your comment!
Please enter your name here