ചലച്ചിത്ര പുരസ്‌കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് നടന്‍ അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ വെച്ച് നടന്‍ അലന്‍സിയര്‍ നടത്തിയ വിചിത്ര പരാമര്‍ശം ഇതിനകം വിവാദത്തിലായിരിക്കുകയാണ്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയില്‍ വെച്ചാണ് അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയത്. ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ വേദിയില്‍ അവതരിപ്പിച്ചു. സ്പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്നായിരുന്നു നടന്റെ ആവശ്യം. അപ്പന്‍ സിനിമയുടെ പ്രകടനത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ പ്രതികരണം.

പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ വന്നെത്തിയ വേദിയില്‍ വെച്ചാണ് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം ഇതിനകം തന്നെ വിവാദത്തിലായിരിക്കുകയാണ്. അലന്‍സിയറിനെ കൂടാതെ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവരും പുരസ്‌കാര വേദിയിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here