കൊല്ലം: നടിയും നര്‍ത്തകിയുമായ ശാന്തികൃഷ്ണ വിവാഹ മോചിതയായി.കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായിട്ടുള്ള ബന്ധമാണ് വേര്‍പിരിഞ്ഞത്.ഇരുവരും കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. പരസ്പര ധാരണയോടെ ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.

ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബന്ധം വേര്‍പെടുത്താന്‍ ഇരുവരും സംയുക്തമായി തീരുമാനിച്ചതായാണ് അറിയുന്നത്. ഇനി അഭിനയ രംഗത്തും നൃത്ത രംഗത്തും സജീവമാകാനുള്ള തീരുമാനത്തിലാണ് ശാന്തി കൃഷ്ണ. ആദ്യം ശാന്തി കൃഷ്ണ നടന്‍ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. ശ്രദ്ധിക്കപ്പെട്ട ആ പ്രണയ വിവാഹം എന്നാല്‍ വിവാഹമോചനത്തില്‍ ചെന്നെത്തുകയായിരുന്നു. പിന്നീടായിരുന്നു 1998 ല്‍ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്.

ആദ്യകാല നായിക ശാന്തികൃഷ്ണ മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് പിന്നാലെയാണ് നടിയുടെ വിവാഹ മോചനവാര്‍ത്തയും പുറത്തുവരുന്നത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികൂടിയാണ് ബജോര്‍ സദാശിവന്‍.രണ്ടാം വിവാഹത്തിന് ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരില്‍ തീര്‍ത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി.

അടുത്തിടെ ഒരു സ്വകാര്യാ ചാനലിലെ സെലിബ്രറ്റിചാറ്റ് ഷോയിലൂടെയാണ് ഏറെ കാലത്തിന് ശേഷം ശാന്തികൃഷ്ണയെ വീണ്ടും മലയാളി പ്രേക്ഷകര്‍ കണ്ടത്. അന്ന് ഒരേ സമയം അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം വന്നാല്‍ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് നൃത്തമെന്നാണ് ശാന്തികൃഷ്ണ മറുപടി പറഞ്ഞത്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നതിനെക്കുറിച്ച് ഒരു സൂചനയും ശാന്തി കൃഷ്ണ നല്‍കിയിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ക്കകം മിനിസ്‌ക്രീനിലൂടെ ശാന്തികൃഷ്ണ തിരിച്ചു വരുന്നുവെന്ന വാര്‍ത്തയാണ് ആരാധകര്‍ കേട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here