മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്‍റെ ലോഹമാണ് ഓണചിത്രങ്ങളില്‍ ആദ്യമെത്തിയത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം ഫാന്‍സ് അസോസിയേഷന്‍കാരും പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. പ്രേമത്തിനു ശേഷം തിയറ്ററിലേക്ക് യുവാക്കള്‍ ഒഴുകിയെത്തുന്നു കാഴ്ചക്കാണ് ബോക്സ് ഓഫിസ് പോയ വാരം സാക്ഷിയായത്. സ്വര്‍ണകടത്തിന്‍റെ കഥ പറയുന്ന ലോഹം, ഉട്ടോപ്യയിലെ രാജാവ്, ജമ്നാപ്യാരി, ഡബിള്‍ ബാരല്‍, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് മാറ്റ് ഉരക്കുന്നത്. ഈ ചിത്രങ്ങളുടെ ജയാപരാജയങ്ങള്‍ ലോഹത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകും.

ആക്ഷേപ ഹാസ്യവുമായി ഉട്ടോപ്യയിലെ രാജാവ്

നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. 2006ല്‍ റിലീസായ കറുത്തപക്ഷികളാണ് ഈ ടീമിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. സമകാലിക രാഷ്ട്രീയസാമൂഹിക വിഷയങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിട്ടുള്ള ആക്ഷേപഹാസ്യ ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. സി.പി. സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആമേനില്‍ മാജിക്ക് റിയലിസത്തിന്‍റെ സാധ്യതകള്‍ പരീക്ഷിച്ച പി.എസ്. റഫീക്കാണ് ഉട്ടോപ്യയിലെ രാജാവിനു ചലച്ചിത്രഭാഷ ചമച്ചിരിക്കുന്നത്. ഫാന്‍റസിയും റിയാലിറ്റിയും ഇടകലര്‍ത്തിയുള്ള രചനരീതിയാണ് റഫീക്ക് ചിത്രത്തിനു വേണ്ടി അവലംബിച്ചിരിക്കുന്നത്. കോക്രാങ്കര എന്ന സാങ്കല്‍പ്പിക ദേശത്തിന്‍റെ കഥയാണ് റഫീക്ക് പറയുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും റഫീക്കാണ്. ഔസേപ്പച്ചന്‍റേതാണ് സംഗീതം. മഴവില്‍ മനോരമയില്‍ അവതാരകയായി തിളങ്ങിയ ജൂവല്‍ മേരിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിയൊടൊപ്പം പത്തേമാരി എന്ന ചിത്രത്തിലൂടെയായിരുന്നു ജൂവലിന്‍റെ അരങ്ങേറ്റം. ഉമാദേവിയെന്ന ആക്റ്റീവിസ്റ്റിനെയാണ് ജൂവല്‍ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ശശി കലിംഗകലിംഗ, സാജു നവോദയ, സുനില്‍ സുഖദ, സേതുലക്ഷമി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Mammootty In Utopiayile Rajavu

വാസൂട്ടന്‍ ജാതി ഗഡ്യാ…!

സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പമാണ് ചാക്കോച്ചന്‍റെ ജമ്നാപ്യാരി മത്സരത്തിനൊരുങ്ങുന്നത്. മായാ ബസാറിലൂടെ സംവിധായകനായി അരങ്ങേറിയ തോമസ് സെബാസ്റ്റ്യന്‍ ഏഴു വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവരവ് നടത്തുന്നു ചിത്രത്തിലൂടെ. ഓര്‍ഡിനറിയിലെ ബസ് കണ്ടക്ടര്‍ ഇരവികുട്ടന്‍പിള്ളയെ പോലെ നാട്ടിന്‍പുറത്തിന്‍റെയും നന്മയും നിഷ്കളങ്കതയുമൊക്കെയുള്ള ഓട്ടോ ഡ്രൈവര്‍ കുട്ടന്‍ എന്ന വാസൂട്ടേനെയാണ് ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടനും പുണ്യാളന്‍ അഗര്‍ബത്തീസിനും ശേഷം തൃശൂര്‍ സ്ലാഗ് പ്രധാന ചേരുവയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖം ഗായത്രി സുരേഷാണ് ചിത്രത്തിലെ നായിക. 2014 മിസ് കേരളയായിരുന്നു ഗായത്രി.സൂരാജ് വെഞ്ഞാറമൂട്, മുത്തുമണി, ജോയ് മാത്യു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സിനിമയിലെ രണ്ടാം ഇന്നിങ്സില്‍ തന്‍റെ ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്ന് പുറത്തു കടന്ന ചാക്കോച്ചനു ജമ്നാപ്യാരി മികച്ച ബ്രേക്ക് നല്‍കുമെന്നു പ്രതീക്ഷിക്കാം.

അടിയില്ല വെടി മാത്രം ലിജോയുടെ ഇരട്ടക്കുഴല്‍

ആമേന്‍ എന്ന ക്ലാസിക്കിനു ശേഷം ലിജോ ജോസ് പെല്ലിശേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍ ബാരല്‍. തന്‍റെ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥയയൊരുക്കിയ പി.എസ്. റഫീക്കിന്‍റെ ഉട്ടോപ്യയിലെ രാജാവിനൊപ്പമാണ് ലിജോ ഇത്തവണ വെടിപ്പൊട്ടിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയ്ന്‍െ, ഇഷാ ഷെര്‍വാണി, സ്വാതി റെഡ്ഡി എന്നീ യുവ താരങ്ങള്‍ അണിനിരക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ഡബിള്‍ ബാരല്‍ബാരല്‍. രണ്ടു രത്നങ്ങള്‍ തേടി പോകുന്ന സംഘങ്ങളുടെ കഥയാണിത്. കോമഡി ആക്ഷന്‍ ത്രില്ലര്‍ ജോണറിലുളള ചിത്രമായിരിക്കും ഇത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക തികവോടെയാകും ചിത്രം തിയറ്ററിലെത്തുക. ഓടസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ആര്യ എന്നിവരും ആമേന്‍ മൂവി മോണസ്റ്ററിയുടെ ബാനറില്‍ ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അവതരണത്തിലും പ്രമേയത്തിലും എന്നും വ്യത്യസ്ത പുലര്‍ത്തുന്ന ലിജോയുടെ മറ്റൊരു പരീക്ഷണമാകും ഡബിള്‍ ബാരല്‍.

double-barrel-movie

ഒരു ദേശത്തിന്‍റെ കഥ

പ്രിയവദ കാതരയാണോ?, ഒരു തുണ്ടു പട എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ വരവറിയിച്ച ബേസില്‍ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞിരാമായണം. കോക്രാങ്കര എന്ന സാങ്കല്‍പ്പിക ദേശത്തിന്‍റെ കഥയാണ് ഉട്ടോപ്യയിലെ രാജാവിനെ പറയാനുള്ളതെങ്കില്‍ കുഞ്ഞിരാമായണം പറയുന്നത് ദേശമെന്ന സാങ്കല്‍പിക ഗ്രാമത്തിന്‍റെ കഥയാണ്. ഇവിടുത്തെ ആളുകളുടെ അന്ധവിശ്വാസങ്ങളിലൂടെയും മിത്തുകളിലൂടെയുമൊക്കെയാണ് കഥ പുരോഗമിക്കുന്നത്. ദുബായ് കുഞ്ഞിരാമനെന്ന ടെറ്റില്‍ കഥാപാത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നു. സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ആദ്യമായി വിനീത് സ്ക്രീന്‍ പങ്കിടുന്നു എന്ന പ്രത്യേകതയും ഉണ്ട്. ദീപു പ്രദീപിന്‍റെതാണ് തിരക്കഥ. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കട്ട് പീസ് കുട്ടന്‍ എന്ന തയ്യല്‍കാരന്‍റെ വേഷത്തില്‍ അജു വര്‍ഗീസ് എത്തുന്നു. നീരജ് മാധവ്, ദീപക്ക് പറമ്പോള്‍, മാമുക്കോയ, ഇന്ദ്രന്‍സ് എന്നീവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രിന്ദയാണ് ചിത്രത്തിലെ നായിക. രൂപത്തിലും ഭാവത്തിലും ചേഷ്ടകളുമൊക്കെ ശ്രീനിവാസന്‍റെ പഴയ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് വിനീത് എത്തുന്നത്. ഒരു സെക്കന്‍റ് ക്ലാസ് യാത്ര, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ബോക്സ് ഓഫിസില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വീനിതും കൂട്ടരും ഓണത്തിനെത്തുന്നത്.

മോഹന്‍ലാലിന്‍റെ മമ്മൂട്ടിയുടെയും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍റെയും പൃഥിരാജിന്‍റെയും യുവനിരയും ഈ രണ്ടു ജനറേഷനുകളുടെയും പ്രതിനിധിയല്ലാത്ത ചാക്കോച്ചന്‍റെയും സിനിമകളാണ് ബോക്സ് ഓഫിസില്‍ മത്സരത്തിനൊരുങ്ങുന്നത്. ഡബിള്‍ ബാരലും കുഞ്ഞിരാമായണവും കോമഡിക്കും ഉട്ടോപ്യയിലെ രാജാവ് ആക്ഷേപഹാസ്യത്തിനുമാണ് പ്രധാന്യം നല്‍കുന്നത്. ജമ്നാപ്യാരിയാകട്ടെ മലയാളത്തില്‍ പലപ്പോഴും പരീക്ഷിച്ചു വിജയിച്ച നന്മസിനിമയുടെ ട്രാക്കില്‍ ഓട്ടോ ഓടിച്ചാണ് ഓണത്തിനെത്തുന്നത്. അന്തിമ വിജയം ആര്‍ക്കൊപ്പമാകും എന്നു കാത്തിരുന്നു കാണേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here