മുംബൈ: ലഹരിമരുന്ന് ലഭിക്കാൻ സുശാന്ത് സിങ് രജ് പുത് തന്നെ കരുവാക്കുകയായിരുന്നുവെന്ന് കാമുകി റിയ ചക്രവർത്തി. തന്നെ മാത്രമല്ല, സുശാന്തിനോട് അടുപ്പമുള്ളവരെ അദ്ദേഹം ഈ ആവശ്യത്തിന് വേണ്ടി നിയോഗിക്കാറുണ്ടെന്നും റിയ ചക്രവർത്തി പറഞ്ഞു. ജാമ്യാപേക്ഷയിലാണ് റിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. കനത്ത മഴ മൂലമാണ് വാദം നാളേക്ക് മാറ്റിവെച്ചത്.

സുശാന്ത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചത്. ലഹരിവസ്തുക്കൾ ലഭിക്കാനായി അദ്ദേഹം ജീവനക്കാരെയും ഉപയോഗിച്ചിരുന്നു. സുശാന്ത് ജീവിച്ചിരുന്നുവെങ്കിൽ ചെറിയ തോതിൽ ലഹരി ഉപയോഗിച്ചതിന് പിടിയിലാകുമായിരുന്നു എന്നും ജാമ്യാപേക്ഷയിൽ റിയ ചൂണ്ടിക്കാട്ടി.

തന്നേയും സഹോദരൻ ശൗവികിനേയും വീട്ടുജോലിക്കാരേയും ലഹരി വാങ്ങിക്കാനായി സുശാന്ത് നിയോഗിച്ചു. എന്നാൽ ഇക്കാര്യം തെളിയിക്കാനായി ഒരു പേപ്പറോ ഇലക്ട്രോണിക് തെളിവുകളോ ഒന്നും അദ്ദേഹം ബാക്കിവെച്ചില്ല.

പാചകക്കാരനായ നീരജിനോട് സുശാന്ത് കഞ്ചാവ് നിറച്ച ചുരുട്ട് ഉണ്ടാക്കി ഒരു പെട്ടിയിലാക്കി ബെഡ്റൂമിൽ വെക്കാൻ നിർദേശം നൽകിയിരുന്നു. സുശാന്ത് മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ചുരുട്ട് നിറച്ച് സുശാന്തിന്‍റെ കിടപ്പറയിൽ വെച്ചിരുന്നതായി സി.ബി.ഐക്കും മുംബൈ പൊലീസിനും നീരജ് മൊഴിനൽകിയിട്ടുണ്ട്. സുശാന്തിന്‍റെ മരണശേഷം പരിശോധിച്ചപ്പോൾ ഈ ബോക്സ് കാലിയായിരുന്നുവെന്നും എല്ലാം അദ്ദേഹം ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.

അന്വേഷണ ഏജൻസികൾക്ക് ലഭിച്ച തെളിവുകളനുസരിച്ച് സുശാന്ത് മാത്രമായിരുന്നു ലഹരി മരുന്ന് ഉപയോഗിച്ചതെന്ന് വ്യക്തമാണ്. ലഹരി മരുന്ന് വരുത്തിക്കുന്നതും ഉപയോഗിക്കുന്നതും സുശാന്ത് മാത്രമാണ്.

47 പേജുള്ള ജാമ്യാപേക്ഷയിൽ സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തിൽ നേരത്തേ വിള്ളലുകൾ ഉള്ളതായും റിയ പറഞ്ഞു. സുശാന്ത് വിഷാദരോഗത്തിന്‍റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ സഹോദരി വീട് വിട്ട് പോയത്.

റിയയുമായി പരിചയത്തിലാവുന്നതിന് മുൻപ് തന്നെ സുശാന്തിന് ലഹരി ഉപയോഗിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കേദാർനാഥിന്‍റെ സെറ്റിൽ വെച്ച് സിഗരറ്റിൽ കഞ്ചാവ് നിറച്ച് സുശാന്ത് വലിക്കാറുണ്ടായിരുന്നുവെന്നും റിയ പറയുന്നു.

റിയയെ അറസ്റ്റ് ചെയ്ത് ജയിലലടച്ചതിനുശേഷം രണ്ടാം തവണയാണ് നടി ജാമ്യാപേക്ഷ നൽകുന്നത്.

തനിക്കെതിരെ തെളിവുണ്ടാക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിയ ജാമ്യാപേക്ഷയിൽ പറയുന്നു. ഒക്ടോബർ 6നാണ് റിയയുടെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക.

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ് പുത് ആത്മഹത്യ ചെയ്ത കേസിൽ സെപ്തംബർ 9നാണ് റിയ അറസ്റ്റിലായത്. ഡ്രഗ് സിന്‍റിക്കേറ്റിലെ വളരെ പ്രമുഖയായ വ്യക്തിയാണ് റിയ എന്നായിരുന്നു നാർകോട്ടിക്സ് ബ്യൂറോയുടെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here