ചെന്നൈ: തമിഴ്മണ്ണിൽ നിന്നുയർന്ന് രാജ്യമെങ്ങും പരന്ന മധുരശബ്ദത്തിന്റെ ഉടമ പത്മഭൂഷൺ എസ്.പി. ബാലസുബ്രഹ്മണ്യം (74) ഇനി ഓർമയിലെ അനശ്വര ഗാനം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഓഗസ്റ്റ് 5ന് ആശുപത്രിയിലായ അദ്ദേഹം, ഈ മാസം 4നു നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്റെ തകരാർ ഭേദമായില്ല.

ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്ന വാർത്തകൾ പ്രതീക്ഷ പകർന്നതിനിടയിലാണ്, കഴിഞ്ഞദിവസം വീണ്ടും നില വഷളായത്. ഹൃദയാഘാതത്തെത്തുടർന്ന് എസ്പിബി വിടപറഞ്ഞതായി ഇന്നലെ ഉച്ചയ്ക്ക് 1.04ന് മകൻ എസ്.പി. ചരൺ അറിയിക്കുന്നതുവരെ, പ്രിയഗായകനെ തിരിച്ചുകിട്ടാനുള്ള പ്രാർഥനയിലായിരുന്നു സംഗീതപ്രേമികൾ. വൈകിട്ട് നുങ്കമ്പാക്കത്തെ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ, ആദരമർപ്പിച്ചത് പ്രമുഖരുൾപ്പെടെ നൂറുകണക്കിനാളുകൾ. രാത്രി എട്ടോടെ തിരുവള്ളൂർ താമരയ്പ്പാക്കത്തെ ഫാം ഹൗസിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്നു രാവിലെ 11ന് അവിടെ സംസ്കരിക്കും.
പാട്ടിലൂടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാലോകം കീഴടക്കിയ എസ്പിബി, തെന്നിന്ത്യൻ ഗായകരെ സ്വീകരിക്കാൻ മടികാട്ടിയിരുന്ന ഹിന്ദിയിലും സ്വരമാധുര്യം കൊണ്ടു കൊടിനാട്ടി. ‘പാടും നിലാ’ (പാടുന്ന നിലാവ്) എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന എസ്പിബി മലയാളം ഉൾപ്പെടെ 16 ഭാഷകളിലായി പാടിയതു 40,000 പാട്ടുകൾ. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, ടിവി അവതാരകൻ എന്നീ മേഖലകളിലും അദ്ദേഹം മുദ്ര ചാർത്തി.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ ജനിച്ച എസ്പിബി സംഗീതത്തോടുള്ള കമ്പം മൂലം എൻജിനീയറിങ് പഠനം പാതിവഴിയിൽ നിർത്തി. 1966 ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണു തുടക്കമെങ്കിലും ശ്രദ്ധനേടിയത് എംജിആർ നായകനായ ‘അടിമൈപ്പെൺ’ എന്ന തമിഴ് സിനിമയിലെ പാട്ടിലൂടെ. പിന്നീടിങ്ങോട്ട് ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിൽ എസ്പിബി യുഗമായിരുന്നു; ഹിറ്റുകളുടെ പെരുമഴ.

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ‘ശങ്കരാഭരണം’ പോലെ ശാസ്ത്രീയസംഗീത പ്രധാനമായ ചിത്രങ്ങളിലെ ഗാനങ്ങൾ മികവോടെ പാടി അമ്പരപ്പിച്ചു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 6 തവണ ദേശീയ പുരസ്കാരം നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ആന്ധ്ര സംസ്ഥാന അവാർഡ് 25 തവണ ലഭിച്ചു.

സാവിത്രിയാണു ഭാര്യ. ഗായകൻ കൂടിയായ എസ്.പി.ചരൺ, പല്ലവി എന്നിവർ മക്കൾ. സംഗീതജ്ഞയും നടിയുമായ എസ്.പി. ശൈലജ ഉൾപ്പെടെ 5 സഹോദരിമാരും 2 സഹോദരന്മാരുമുണ്ട്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here