മുംബൈ: ലഹരിമരുന്നു കേസിൽ ബോളിവുഡ് നടി ദീപിക പദുകോൺ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു (എൻസിബി) മുന്നിൽ നാളെ ഹാജരാകും. ഇന്നുചോദ്യം ചെയ്യലിന് എത്തണമെന്നായിരുന്നു സമൻസ് എങ്കിലും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം നാളെ എത്താമെന്നു മറുപടി നൽകുകയായിരുന്നു. ഇന്ന്, നടി രാകുൽ പ്രീത് സിങ്, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് എന്നിവരെയും നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ നാളെയും ചോദ്യം ചെയ്യും.

ഗോവയിൽ സിനിമാ ഷൂട്ടിങ്ങിലായിരുന്ന ദീപിക ഇന്നലെ രാത്രിയാണു ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലെത്തിയത്. ഭർത്താവും നടനുമായ രൺവീർ സിങ്, കരിഷ്മ, അഭിഭാഷകൻ എന്നിവർ ഒപ്പണ്ടായിരുന്നു. ഇന്നലെ ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ടയെ 5 മണിക്കൂറും അന്തരിച്ച നടൻ സുശാന്ത് സിങ്ങിന്റെ മാനേജരായിരുന്ന ശ്രുതി മോദിയെ 8 മണിക്കൂറും ചോദ്യം ചെയ്തു. മുൻനിര സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ കമ്പനിയിൽ ജീവനക്കാരനായ ക്ഷിതിജ് പ്രസാദിന് എൻസിബി സമൻസ് അയച്ചു; വീട്ടിൽ പരിശോധനയും നടത്തി.

സമൻസ് ലഭിച്ചില്ലെന്ന് ആരോപിച്ചാണു നടി രാകുൽ ഇന്നലെ ചോദ്യം ചെയ്യലിന് എത്താതിരുന്നത്. തുടർന്ന് വീണ്ടും സമൻസ് കൈമാറി. ഗോവയിൽ ചിത്രീകരണത്തിലായിരുന്ന സാറ, അമ്മ അമൃത സിങ്ങിനൊപ്പമാണു മുംബൈയിലെത്തിയത്.

50 പ്രമുഖരുടെ പട്ടിക; നെഞ്ചിടിച്ച് ബോളിവുഡ്

ലഹരിക്കേസുമായി ബന്ധമുള്ള ബോളിവുഡിലെ 50 പ്രമുഖരുടെ പട്ടിക അന്വേഷണസംഘം തയാറാക്കുന്നതായി സൂചന. ടാലന്റ് മാനേജ്മെന്റ് കമ്പനിയായ ‘ക്വാൻ’ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ദീപികയുടെയും സുശാന്തിന്റെയും മാനേജർമാർ ഇൗ കമ്പനി നിയോഗിച്ചവരാണ്. ബോളിവുഡിലെ ഒട്ടേറെ പ്രമുഖർക്ക് പലവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണിത്. സീരിയിൽ രംഗത്തേക്കും അന്വേഷണം നീളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here