തമ്പി ചാക്കോ. അമേരിക്കൻ മലയാളികൾ മറക്കാത്ത ഒരു പേര്. 1974 മുതൽ അമേരിക്കൻ മലയാളി സമൂഹത്തിൽ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന തമ്പിച്ചാക്കോ ഫൊക്കാനയുടെ 2016-18 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്‌സരിക്കുന്നു. രണ്ടു തവണ മത്സരിക്കുകയും ഒരുതവണ പ്രസിഡന്റ് പദം കയ്യിൽ വന്നു തിരിച്ചുപോകുകയും ചെയ്ത തമ്പിച്ചാക്കോ ഇത്തവണ ജയം ഉറപ്പിക്കുകയാണ്. തന്റെ ജയം ഫൊക്കാനയുടെ ഉത്തരവാദിത്വം ആണെന്ന് ചങ്കുറപ്പോടെ പറയുകയാണ്. അതിനു അദ്ദേഹം നിരവധി കാരണങ്ങളും നിരത്തുന്നു. തമ്പി ചാക്കോയുമായി കേരളാ ടൈംസ് എഡിറ്റർ ബിജു കൊട്ടാരക്കര നടത്തിയ അഭിമുഖം.

thampi chacko

ചോദ്യം: താങ്കൾ ഫൊക്കാനാ പ്രസിടന്ടു സ്ഥാനാർഥിയായി മത്സരിക്കുകയാനല്ലോ? ഫൊക്കാനയിൽ പ്രവർത്തിച്ചു പരിചയമുള്ള ആളാണ്. പക്ഷെ കുറെ കാലമായി ഫൊക്കാനയിൽ സജീവമല്ലായിരുന്നോ? പുതിയതായി കടന്നുവന്നവർ മത്സരരംഗത്തുനിന്നും മാറി നിൽക്കനമെന്നാണോ താങ്കളുടെയും അഭിപ്രായം?

ഉത്തരം: ഞാൻ ഫൊക്കാനായിൽ പ്രസിഡന്റ് സ്ഥാനാർഥി ആയി നിൽക്കുകയാണ്. പിന്നെ എ൯െ്റ പരിചയ സമ്പത്തു ആരെയും പറഞ്ഞുമനസിലാക്കേണ്ട കാര്യമുണ്ടോ എന്നു തോന്നുന്നില്ല. എ൯െ്റ ജീവിതം ഒരു തുറന്ന പുസ്തകം ആണ്.

രണ്ടുതവണ ഞാൻ ഫൊക്കാന പ്രസിഡന്റ് ആയി മത്സരിച്ച  ആളാണ്. ഒരു തവണ  പരാജയപ്പെട്ടു. ഒരുതവണ ജയിച്ചു. അതിനെയും അട്ടിമറിച്ചു. ജയിച്ച ആളിനെ തോൽപ്പിക്കുകയും തോറ്റ ആളിനെ ജയിപ്പിക്കുകയും ചെയ്തു. വീണ്ടും തമ്പി ചാക്കോ ജയിച്ചതായി കോടതിയിൽ നിന്നും വിധി വന്നു. അപ്പോൾ എന്നോട് പലരും ആവശ്യപ്പെട്ടു മാറി നിൽക്കണം എന്നു. അതു ഞാൻ അംഗീകരിച്ചു. പിന്നീട് മത്സരിക്കാം എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ മത്സരിക്കുന്നത്.
പുതിയ തലമുറ ഫൊക്കാനയിൽ വരണം. എങ്കിലേ പ്രസ്ഥാനം, വളരുകയുള്ളു. ഫൊക്കാനയെ പോലെ ഉള്ള സാമൂഹ്യ സംഘടനയ്ക്കു യുവാക്കളുടെ സഹായം ആവശ്യമാണ്. ഇവിടെ അതിനുള്ള അവസരം യുവാക്കൾക്ക് കൊടുക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഞാൻ പ്രസിഡന്റായി വരികയാണെങ്കിൽ യുവാക്കൾക്ക് കടന്നുവരാനുള്ള പ്രാധാന്യം നൽകും. കാരണം നമ്മുടെ  സംസ്കാരവും ഭാഷയും ഒക്കെ നമ്മുടെ കുഞ്ഞുങ്ങൾക്കും പുതു തലമുറയ്ക്കും പകർന്നു നൽകേണ്ട കടമ നമുക്ക് ഉണ്ട്. അതു മറ്റുള്ള സഹപ്രവർത്തകരും മനസിലാക്കി പ്രവർത്തിക്കണം. ഫൊക്കാനയിൽ പ്രവർത്തിച്ചു വന്നതിനു  ശേഷം വേണം അവർക്കു അവസരങ്ങൾ നൽകേണ്ടത്.

ചോദ്യം: ഫൊക്കാനാ കഴിഞ്ഞ കുറെ കാലങ്ങളായി ന്യൂയോർക്ക്, ഷിക്കാഗോ, ന്യൂജെര്സി എന്നിവിടങ്ങളിൽ മാത്രമായി പ്രവർത്തനം ചുരുക്കുന്നതായി ഫൊക്കാനയിൽ തന്നെ അഭിപ്രായപ്പെടുന്നവരുണ്ടല്ലോ? ഫോക്കാന പോലെ ഒരു സംഘടന ചുരുങ്ങിയ സ്ഥലങ്ങളിലേക്ക് ഒതുക്കപ്പെടുകയാണോ?

ഉത്തരം: ഒരിക്കലും അല്ല. 2016 ലെ കൺവൻഷൻ  നടക്കുന്നത് നമ്മുടെ അടുത്ത രാജ്യമായ  കാനഡായിൽ വച്ചാണ്. വലിയ  പരിപാടികളാണ് അവിടെ നടക്കാൻ പോകുന്നത്. ഇന്ന് വരെ അമേരിക്കൻ മലയാളികൾ കാണാത്ത തരത്തിലുള്ള പരിപാടികൾ ആണ് കാനഡായിൽ നടക്കുവാൻ പോകുന്നത്. അതു തന്നെ ഈ സംഘടനയുടെ വളർച്ചയെ ആണ് സൂചിപ്പിക്കുന്നത്. ഇനിയും ഈ സംഘടനാ വളരണം. അതിനു എല്ലായിടത്തും കൺവൻഷൻ നടക്കണം. രണ്ടു വർഷത്തിന് ശേഷം കൺവൻഷൻ നടക്കുന്ന സ്ഥലങ്ങൾ മാറും എന്നത് ഉറപ്പാണ്.

ചോദ്യം: ഫൊക്കാനയിൽ യുവ നേതൃത്വം കടന്നു വരുന്നില്ല എന്ന് പരക്കെ അഭിപ്രായമുണ്ടല്ലോ. ഫോമയിൽ ഇത്തവണ  യുവാക്കളുടെ ഒരു ടീം തന്നെ മത്സരത്തിനുണ്ട്. അതുപോലെ ഒരു പാനൽ എന്തുകൊണ്ട് ഫോക്കാനയ്ക്ക് ഉണ്ടായില്ല ? അതിനു നിലവിലുള്ള നേതൃത്വത്തിന് പങ്കില്ലേ ?

ഉത്തരം: തീർച്ചയായും പങ്കുണ്ട്. എന്നാൽ യുവനേതൃത്വം കടന്നുവരണം. വന്നേ പറ്റൂ. അവരുടെ സഹായം നമുക്ക് കൂടിയേ. അവരുടെ ആശയങ്ങൾ നാം മനസിലാക്കണം. തീരു ഒരു കാര്യം നോക്കു, ഫോമയിൽ ഇപ്പോൾ മത്സരിക്കുന്ന യുവാക്കൾ നാട്ടിൽ നിന്നു വന്നവരാണ്. ഇവിടെ ജനിച്ചു വളർന്ന കുട്ടികൾ വരണം, യുവാക്കൾ വരണം. അവരെ അംഗീകരിക്കാൻ നേതാക്കൾ തയാറാകണം. അവർ വരുമ്പോൾ അവരുടെ അഭിപ്രായത്തെ സ്വീകരിക്കാനുള്ള മനസ്ഥിതി ഉണ്ടാകണം. ആ മനസ്ഥിതി ഉണ്ടായാൽ യുവാക്കൾ തീർച്ചയായും വരും. ഫൊക്കാനയ്ക്കു യൂത്ത് വിങ് ഉണ്ടായിരുന്നു. ഇന്ന് അതു എവിടെപ്പോയി? ഉള്ള യുവാക്കൾ തന്നെ മാറാൻ തയാറായി നിൽക്കുന്നു. അതു പറ്റില്ല. യൂത്ത് വിങ് വികസിപ്പിക്കണം. ഏതെങ്കിലും ഒരു മെമ്പർ അസോസിയേഷനിൽ കൂടി മാത്രമേ ഫൊക്കാനയിൽ മെമ്പർ ആകാൻ സാധിക്കു. അപ്പോൾ യുവാക്കൾ അസോസിയേഷനിൽ മെമ്പർഷിപ് എടുക്കണം. യൂത്ത് വിങ് ശക്തിയാർജിച്ചാൽ ഈ പ്രശനം ഉണ്ടാകില്ല. അവർക്കു യൂത്ത് വിങ്ങിൽ നിന്നും സംഘടനയുടെ തലപ്പത്തേക്കു വരുവാനുള്ള അവസരം ഉണ്ടാകും. ഇവിടെ പ്രധാനം അവരെ അംഗീകരിക്കാൻ ഫൊക്കാന നേതൃത്വം തയാറാകണം എന്നാണ്.ഞാനും എന്റെ ടീമിന് വിജയവും ഉണ്ടായാൽ ഇതിൽ മാറ്റം ഉണ്ടാകും. എ൯െ്റ പ്രകടന പത്രികയിൽ അതു ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഫിലാഡൽഫിയായിൽ കൺവൻഷൻ വരണം. ഞങ്ങളുടെ പാനൽ ജയിക്കണം. എന്നാൽ ഇതിൽ മാറ്റം വരുത്തും എന്നതിൽ സംശയം ഇല്ല. യുവാക്കൾ ഫൊക്കാനയിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്താണ് അവരൊക്കെ മാറിനിൽക്കുന്നത്. കാരണം മറ്റൊന്നുമല്ല, അവരുടെ അഭിപ്രായത്തിനു സംഘടനയിൽ വിലയില്ലാതെ വന്നു. ഞാൻ പറയുന്നതേ നടക്കാവു എന്ന രീതി വന്നു. യൂത്ത് വരുമ്പോൾ അവരുടേത് അഭിപ്രായത്തിനു ചെവികൊടുത്തെ പറ്റൂ.

ചോദ്യം: പഴയ തലമുറ മാറിക്കൊടുക്കേണ്ട സമയമായില്ലെ? അമേരിക്കയിൽ വളരുന്ന ഒരു യുവ സമൂഹം കേരളവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ്. അവരെ നമ്മുടെ നാടുമായി ബന്ധിപ്പിച്ചു മുന്നോട്ടു പോകാൻ എന്ത് പദ്ധതികളാണ് നിങ്ങൾ ആവിഷ്കരിക്കുന്നത് ?

ഉത്തരം: അതു തന്നെ യാണ് മുൻപ് പറഞ്ഞത്. പുതിയ തലമുറയ്ക്ക് കടന്നു വരണമെങ്കിൽ ഇപ്പോഴുള്ളവർ അവർക്കു അവസരങ്ങൾ കൊടുക്കണം. നമ്മുടെ സംസ്കാരം പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കണം. എനിക്കും അറിയാം പുതിയ തലമുറ വരുമ്പോൾ ഞാനും മാറിക്കൊടുക്കാൻ തയ്യാറാണ്. അവർ വരട്ടെ. തീർച്ചയായും മാറിക്കൊടുക്കും.

ചോദ്യം: നിങ്ങളുടെ കമ്മിറ്റി വരികയാനങ്കിൽ ഫൊക്കാനയിൽ അംഗസംഖ്യ വര്ദ്ധിപ്പിക്കാൻ എന്തെല്ലാം ചെയ്യും. അംഗസംഘടനകളുടെ അപര്യാപ്തത ഫൊക്കാനയുടെ വളര്ച്ചയ്ക്ക് തടസ്സമായില്ലേ?

ഉത്തരം: തീർച്ചയായും അതു വളരെ ശരിയാണ്. പക്ഷെ ഈ അടുത്തകാലത്തു അതിൽ വിത്യാസം ഉണ്ട്. പോയവരെ തിരികെ കൊണ്ടുവരാനും. പുതിയ സംഘടനകളെ ഉൾപ്പെടുത്തുവാനും നാഷണൽ കമ്മിറ്റി ശ്രമിക്കണം. ഞങ്ങളുടെ ടീമിന് ഇതിനെല്ലാം വ്യക്തമായ അജണ്ട ഉണ്ട്.

ചോദ്യം: കേരളത്തിൽ ഇപ്പോൾ നടത്തുന്ന കൺവൻഷൻ കൊണ്ട് എന്ത് പ്രയോജനം ആണ് അമേരിക്കൻ മലയാളികള്ക്ക് ലഭിക്കുക. പലപ്പോഴും കേരളത്തിലെ രാഷ്ട്രീയക്കാരുടെയും നേതാക്കളുടെ പരിചയക്കാരുടെയും വേദിയായി ഇത്തരം പരിപാടികൾ മാറുന്നില്ലേ? കൊച്ചിയിൽ ആദ്യമായി നടന്ന ഫൊക്കാനയുടെ ആദ്യ കൺവൻഷൻ  പോലെ ഒരു ക്രിയാത്മക കൺവൻഷൻ  നടത്തുവാൻ എന്തുകൊണ്ട് പിന്നീട് വന്ന നേതാക്കൾക്ക് കഴിഞ്ഞില്ല?

ഉത്തരം: വളരെ സത്യമായ ഒരു ചോദ്യമാണത്? കാരണം ഫൊക്കാന കൊച്ചിയിൽ നടത്തിപ്പോയ ആദ്യ കവൻഷൻ വളരെ വിജയകരമായിരുന്നു. ഗ്രാമ സംഗമം, നഗരസംഗമം, ഭൂകമ്പം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള സെമിനാർ, തുടങ്ങി  നിരവധി കർമ്മപരിപാടികൾ നടപ്പിലാക്കിയ കവൻഷൻ ആയിരുന്നു അത്. അതുപോലെ ഒരു കൺവൻഷൻ എന്തു കൊണ്ടു നടത്താൻ പറ്റിയില്ല. പിന്നീട് നടന്നവയെല്ലാം രാഷ്ട്രീയക്കാരുടെ കൂടെ നിന്നു ഫോട്ടോ എടുക്കുന്ന കൺവൻഷൻ അല്ലാതെ നമുക്കോ കേരളത്തിനോ ഗുണം ഉണ്ടാകുന്ന ഒരു പരിപാടി ആക്കിമാറ്റാൻ നമുക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ്? കേരളത്തിൽ നടത്തുമ്പോൾ ഇവിടെ ഉള്ള നമ്മുടെ കുട്ടികളെ കൂടി നമ്മുടെ നാട്ടിൽ കൊണ്ടുപോയി അവരുടെ കലാപ്രകടനങ്ങൾ കൂടി നമ്മുടെ നാടിനെയും അവിടുത്തെ കലാസാംസ്‌കാരിക പരിപാടികൾ നമ്മുടെ കുട്ടികളെയും മനസിലാക്കുവാൻ ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കണം.

ചോദ്യം : ചുരുക്കം ചില ആളുകളുടെ കൈകളിലേക്ക് ഫൊക്കാന ഹൈജാക്ക് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ ?

ഉത്തരം : തീർച്ചയായും തോന്നിയിട്ടുണ്ട്. ഇപ്പോഴ്ത്തെ ഒരു നിലപാടിൽ അതിന്റെ സാഹചര്യം വളരെ കൂടിയിരിക്കുന്നു. അതിനൊരു കടിഞ്ഞാൺ ഇടേണ്ട സമയമാണിപ്പോൾ. ചില  ആളുകൾ സംഘടനയെ ഹൈജാക്ക് ചെയ്തു എന്നു ഞാൻ പറയില്ല. പക്ഷെ അത്തരം സാഹചര്യം നിലനിൽക്കുന്നു എന്നതാണ് സത്യം. ആ അവസ്ഥയ്ക്കു മാറ്റം വരാൻ ആണ് ഞങ്ങൾ മത്സരിക്കുന്നത്. പണം എല്ലാത്തിനും ഒരു ഘടകമായി മാറുന്നു. അവർക്കു ഏതു പിൻവാതിലിൽകൂടിയും പണം നൽകി അധികാരവും പദവികളും സ്വന്തമാക്കാം എന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഈ ചിന്താഗതികൾ മാറാതെ അമേരിക്കയിൽ ഒരു സംഘടനയും രക്ഷപിടിക്കില്ല

ചോദ്യം : ഫൊക്കാനയുടെ വളർച്ചയ്ക്ക് താങ്കൾ മുന്നോട്ടു വയ്ക്കുന്ന അജണ്ടകൾ എന്തെല്ലാം ആണ് ?

ഉത്തരം: യുവാക്കളെ മുഖ്യ ധാരയിൽ  കൊണ്ടുവരിക. അവരെ ഫൊക്കാനയുടെ ഭാഗമാക്കുക. അമേരിക്കൻമലയാളികളുടെ സ്വത്തുവകകൾ നാട്ടിൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സാഹച്യമാണ്. ഇത്തരം കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുകയും വേണ്ട പരിഹാരംകാണുകയുകയും ചെയ്യണം, അതിനായി ശ്രമിക്കണം. അതിനായി ഒരു പ്രോജക്ട് തന്നെ സർക്കാരിന് സമർപ്പിക്കാവുന്നതാണ്.
വനിതകൾക്ക് വേണ്ട പ്രാതിനിധ്യം ഫൊക്കാനയിൽ കുറവാണ്. പുരുഷമേധാവിത്വം ഫൊക്കാനയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സ്ത്രീകൾ ഫൊക്കാനയിൽ വരാതെ ആകും. അങ്ങനെ ആ സംഘടന നാമമാത്രമായിത്തീരും. മുൻകാലങ്ങളിൽ അത് ഇങ്ങനെ അല്ലായിരുന്നു, സ്ത്രീകൾ വളരെ ആവേശത്തോടെ ആയിരുന്നു നമ്മുടെ പരിപാടികളെ കണ്ടത് . ഇതിനൊക്കെ മാറ്റം  വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ചോദ്യം : താങ്കളുടെ ടീമിന്റെ വിജയം ഉറപ്പാണോ? അഥവാ പരാജയപ്പെട്ടാൽ ഫൊക്കാനയിൽ സജീവമായി തുടരുമോ?

ഉത്തരം : വിജയത്തെ കുറിച്ചു ആശങ്ക എനിക്കില്ല. എന്റെ വിജയം ഉറപ്പാണ്. എന്നെ വിജയിപ്പിക്കുക എന്നത് ഫൊക്കാനയുടെ അംഗ സംഘടനകളുടെ ഉത്തരവാദിത്വമാണ്. 33 വർഷമായി  ഞാൻ ഫൊക്കാനയിൽ പ്രവർത്തിക്കുവാൻ തുടങ്ങിയിട്ട്. എന്തുകൊണ്ട് തമ്പിച്ചാക്കോയ്ക്കു അവസരം ലഭിച്ചില്ല എന്നതിന്റെ ഉത്തരം ചിലരുടെ താൽപര്യങ്ങൾക്കു അനുസരിച്ചു  പ്രവർത്തിക്കാൻ  എന്നെ കിട്ടിയില്ല എന്നതാണ്. അഭിപ്രായം പറയേണ്ട സമയത്തു ഞാൻ അത് പറയും. സംഘടനയ്ക്ക് ഒരു ബൈലോ ഉണ്ട് അതിനനുസരിച്ചു വേണം പ്രവർത്തിക്കുവാൻ. അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയല്ല വേണ്ടത്. അത്തരം സിസ്റ്റങ്ങൾ ഒക്കെ ഇല്ലാതാക്കാൻ ആണ് എന്റെ മത്സരം. അത് വോട്ടാകും. ഞാൻ ജയിക്കും. തമ്പി ചാക്കോയെ വിജയിപ്പിച്ചു തരേണ്ട ഉത്തരവാദിത്വം ഫൊക്കാനയ്ക്കുണ്ട്. പിന്നെ പരാജയപ്പെട്ടാൽ അത് ഉൾക്കൊണ്ടു നല്ല പ്രവർത്തകനായി ഫൊക്കാനയിൽ തുടരും. ഇതു ജനാധിപത്യ ക്രമം അല്ലേ.

തമ്പിച്ചാക്കോ പറയുന്നതിലെ യുക്തി തീരുമാനിക്കേണ്ടത് ഫൊക്കാനയിലെ വോട്ടർമാരും അമേരിക്കൻ മലയാളികളും  ആണ്. ഓരോ വിഷയത്തിനും വ്യക്തമായ കാഴ്ചപ്പാടിന് കാരണം അദ്ദേഹം നയിച്ച സൈനിക ജീവിതം ആകും 1964 മുതൽ 74 വരെ സൈനിക സേവനം അനുഷ്ടിച്ച ശേഷം ആണ് 1974- അമേരിക്കയിൽ എത്തുന്നത്. ഇവിടെ റിസേർവ് ഫെഡറലിൽ ജോലി ചെയ്തു. ഇപ്പോൾ  റിട്ടയര്മെന്റ് ജീവിതം നയിക്കുന്നു. സംഘടനാപ്രവർത്തനത്തിനു ഏറെ സമയം ലഭിക്കും എന്നത് കൊണ്ടു തന്റെ കാഴ്ചപ്പാടുകൾ  നടപ്പിലാക്കുവാനും പ്രവർത്തിക്കുവാനും അവസരം ലഭിക്കുന്നു. ചുറുചുറുക്കോടെ പ്രവർത്തിക്കുവാൻ കുടുംബം ഒപ്പമുണ്ട്. ഭാര്യ, മൂന്നു മക്കൾ. ഏക മകൻ ബോബി (ഫൊക്കാന സെക്രട്ടറി ആയിരുന്നു), രണ്ടു പെണ്മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here