ഒരു കാലത്ത് അമേരിക്കന്‍ മലയാളികളുടെ അവിഭാജ്യ ഘടകമായിരുന്ന ഫൊക്കാനയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ദിവസമായ ഒക്ടോബര്‍ 15 സമാഗതമാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ! ഒരു സമവായത്തിലൂടെയോ തെരഞ്ഞെടുപ്പിലൂടേയോ പുതിയ ഭാരവാഹികള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍, ഫൊക്കാനയുടെ അംഗസംഘടനകളുടേയും ഭാരവാഹികളുടേയും ശ്രദ്ധയ്ക്ക് താഴെ പറയുന്ന ചില നിര്‍ദ്ദേശങ്ങള്‍ കുറിയ്ക്കുന്നു.

ഫൊക്കാന ഒരു സാമൂഹ്യ-സാംസ്ക്കാരിക സംഘടനയാണെന്ന സത്യം ഭാരവാഹികള്‍ വിസ്മരിക്കരുത്. ഫൊക്കാനയുടേ ഭരണഘടനാപരമായ സാധുതകള്‍ തര്‍ക്കമുണ്ടായ സമയങ്ങളിലെല്ലാം കോടതി മുഖേന സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. വര്‍ഗീയ സംഘടനകള്‍ക്ക് മുന്‍പും അംഗത്വം നിഷേധിച്ചിരുന്ന ഫൊക്കാനയില്‍ ഭാരവാഹികളുടെ അറിവില്ലായ്മകൊണ്ട് അംഗത്വം നേടിയ ഒരു വര്‍ഗീയ സംഘടനയും അതിന്റെ സ്ഥാപക നേതാവിനെ ഫൊക്കാന പ്രസിഡന്റാക്കാനുള്ള ചില തല്പരകക്ഷികളുടെ ഗൂഢശ്രമങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഫൊക്കാനയില്‍ അപസ്വരങ്ങളൊന്നുമില്ല.

രണ്ടുവര്‍ഷം മുന്‍പ് അംഗത്വമെടുത്തു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ സംഘടനാപരമായ അവകാശങ്ങള്‍ തുടര്‍ന്നും നല്‍കണം എന്ന വാദത്തിന് കഴമ്പില്ല. തെറ്റായ മാര്‍ഗത്തിലൂടെ അംഗത്വം നേടിയ വര്‍ഗീയ സംഘടനയുടെ അംഗത്വം റദ്ദാക്കാനും, നിയമസാധുതയില്ലാതാക്കാനും അവര്‍ക്ക് അംഗത്വമെടുക്കാന്‍ ഒത്താശ ചെയ്തവരും ഭാരവാഹികളും ധൈര്യം കാണിക്കണം.

മേല്പറഞ്ഞ സംഘടന പുറത്തുപോകാന്‍ തയ്യാറാണെന്നറിയിച്ചിട്ടും സ്ഥാപകനേതാവിനെ വെച്ച് വില പേശുന്ന ഫൊക്കാന പ്രസിഡന്റിന്റേയും, ചെയര്‍മാന്റേയും വികലമായ കുതന്ത്രങ്ങളെ അംഗസംഘടനകള്‍ തിരിച്ചറിയണം.

ടൊറൊന്റോ കണ്‍‌വന്‍ഷനില്‍ വെച്ച് തെരഞ്ഞെടുപ്പു നടക്കാതെ പോയതിന്റെ ഏക കാരണം ഈ നേതാവില്‍ നിന്നും കൈപ്പറ്റിയ ആനുകൂല്യങ്ങളായിരുന്നു എന്ന് ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. അങ്ങനെയുള്ള ഒരു നേതാവിനെ ചുമക്കുന്നവരാണ് ഫൊക്കാനയിലെ പ്രശ്നക്കാരെന്ന് അംഗസംഘടനകള്‍ മനസ്സിലാക്കണം. പണം കൊടുത്ത് അധികാരം കൈക്കലാക്കാമെന്ന ദുരാഗ്രഹമാണ് ഫൊക്കാനയില്‍ ഇന്ന് കാണുന്ന പ്രതിസന്ധിയുടെ മുഖ്യ കാരണം.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ പന്ത്രണ്ടംഗ സമിതിയുടെ പരാജയ കാരണവും മേല്പറഞ്ഞ സംഘടനയെ നിലനിര്‍ത്തിക്കൊണ്ട് സമവായത്തിന് ശ്രമിച്ചതുകൊണ്ടാണ്. ഫൊക്കാനയുടെ ദൗത്യവും വീക്ഷണവും സംഘടന സ്ഥാപിതമായപ്പോള്‍ തന്നെ അതിന്റെ അടിസ്ഥാന പ്രഖ്യാപിത നയങ്ങള്‍ വ്യക്തമായി നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. അതനുസരിച്ചാണ് ഐ.ആര്‍.എസ്. ഫൊക്കാനയെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. യാതൊരു കാരണവശാലും ഏതെങ്കിലും മതസംഘടനകള്‍ക്ക് അംഗത്വം കൊടുക്കാന്‍ നിയമാവലിയില്‍ നിഷ്ക്കര്‍ഷിച്ചിട്ടില്ല. അഥവാ ആരെങ്കിലും അതിന് ശ്രമിക്കുകയും, അംഗസംഘടനകളെ സ്വാധീനിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ ഫൊക്കാനയുടെ ശവക്കുഴിയാണ് തോണ്ടുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

രണ്ടാമതായി ചര്‍ച്ചയ്ക്ക് വരുന്ന വിഷയം ന്യൂജെഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്സി (മഞ്ച്) യുടെ അംഗത്വമാണ്. നിലവിലുള്ള ഫൊക്കാന ഭരണഘടനയനുസരിച്ച് പുതുതായി വരുന്ന സംഘടനകള്‍ക്ക് രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളതിനാല്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ക്ക് നിയമാനുസൃതമായി വോട്ട് ചെയ്യാന്‍ അവകാശമില്ല എന്ന സത്യം ഈ സംഘടനയുടെ ഭാരവാഹികളും ഇതര അംഗസംഘടനകളും അംഗീകരിക്കേണ്ടി വരും.

മൂന്നാമതായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്റെ ‘റബ്ബര്‍ സ്റ്റാമ്പ്’ ആയി പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കമ്മീഷണറാണ്. അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഒരംഗ സംഘടനയ്ക്കും സഹിക്കാവുന്നതിലുമപ്പുറമാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷണര്‍ ഇതുവരെ എത്ര അംഗ സംഘടനകള്‍ അംഗത്വ ഫീസ് പുതുക്കിയെന്നോ, എത്ര ഇലക്ഷന്‍ നോമിനേഷനുകള്‍ നിരാകരിച്ചുവെന്നോ തുടങ്ങിയ വിവരങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വെളിപ്പെടുത്തിയിട്ടില്ല.

ഫൊക്കാന വിട്ടുപോയ പല സംഘടനകളുടേയും പേരില്‍ വ്യാജമായി നോമിനേഷനുകള്‍ സ്വീകരിച്ചതും, പ്രതിനിധികളുടെ അംഗത്വത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും ഇലക്ഷന്‍ രംഗം പ്രക്ഷുബ്ധമാകുമെന്നുറപ്പ്.

ഫൊക്കാനയുടെ ഭരണഘടനയനുസരിച്ച് ഫൊക്കാനയല്ലാതെ മറ്റേതെങ്കിലും സമാന സംഘടനയില്‍ അംഗത്വമുള്ളവര്‍ക്ക് അവരുടെ അംഗത്വ ഫീസ് പുതുക്കാനാവില്ല. ഈ നിയമം കര്‍ശനമായി പാലിച്ചാല്‍ ഇപ്പോഴത്തെ പല സംഘടനകളുടേയും സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ അസാധുവാകുകയും പ്രതിനിധികള്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യും.

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ ഒട്ടും പിന്നിലല്ലാത്ത മലയാളി, എതിര്‍‌സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഈ ഭരണഘടനാ വ്യവസ്ഥകള്‍ പുറത്തെടുത്താല്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്ക് നിഷേധിക്കാനാവില്ല. അങ്ങനെ വന്നാല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്റെ കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ട് സംഘടനകള്‍ക്ക് മാത്രമാണ് വോട്ടവകാശം ലഭിക്കുകയുള്ളൂ. നിയമാനുസൃതം എഴുതപ്പെട്ട ഭരണഘടനയെ അംഗീകരിക്കാതെ വന്നാലുള്ള ഭവിഷ്യത്തുകള്‍ അനേകമാണ്. സദസ്സിലിരുന്ന് തമ്മില്‍ത്തല്ലുന്ന പോലെയല്ല ഗവണ്മെന്റില്‍ നിന്ന് ചോദ്യങ്ങള്‍ വരുമ്പോള്‍. ഫൊക്കാനയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഗൗരവമായ വിഷയമാണത്. നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടുന്നവര്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സന്മനസ്സ് കാണിക്കുകയാണെങ്കില്‍ ഒരു സമവായത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇപ്പോള്‍ നിലവിലുള്ളൂ.

ഫൊക്കാനയുടെ നന്മ ആഗ്രഹിക്കുന്നവരെ ഫൊക്കാനയുടെ ഭരണഘടനയോടും വിധേയത്വം കാണിക്കണം. അതില്ലാതെ പ്രസിഡന്റും ചെയര്‍മാനും ഒത്തുകളിച്ചതാണ് ഇതുവരെയുള്ള പ്രതിസന്ധിക്ക് കാരണമെങ്കില്‍ ഭരണഘടനയ്ക്കനുസൃതമായ ഒരു സമവായമോ തെരഞ്ഞെടുപ്പോ ഈ പ്രതിസന്ധി മറികടക്കാന്‍ ഫൊക്കാനയെ സഹായിക്കും.

ഒരു സമവായമാണ് അംഗസംഘടനകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നാമതായി വര്‍ഗീയ സംഘടനയെ പുറത്താക്കുകയും അതിനുശേഷം ഭരണഘടനാനുസൃതമായി നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുമായി ഒരു സൗഹൃദ സംഭാഷണത്തിലൂടെ അടുത്ത ഭാരവാഹികളെ നിശ്ചയിക്കാം. ഒരു വര്‍ഗീയ സംഘടനയെ മാറ്റി നിര്‍ത്താതെ സമവായം ഉണ്ടാകുമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് ഓര്‍മ്മപ്പെടുത്തട്ടേ. ഒരു തെരഞ്ഞെടുപ്പാണ് അംഗസംഘടനകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതും ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രസിഡന്റോ, ചെയര്‍മാനോ, ഇലക്ഷന്‍ കമ്മീഷണറോ മറ്റു പാര്‍ശ്വവര്‍ത്തികളോ ശ്രമിച്ചാലും വിപരീത ഫലമായിരിക്കും ഉണ്ടാവുക.

വര്‍ഷങ്ങളായി ഫൊക്കാനയുടെ വരവു ചിലവു കണക്കുകള്‍ അവതരിപ്പിക്കുകയോ, കമ്മിറ്റി സാക്ഷ്യപ്പെടുത്തുകയോ, അംഗസംഘടനകള്‍ക്ക് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ പക്കല്‍ എത്ര പണം ഉണ്ടെന്ന കാര്യവും ഇതുവരെ ആര്‍ക്കും അറിയില്ല. പണം എന്തു ചെയ്തു എന്ന വിവരം ചെയര്‍മാന്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. നിശ്ചിത സമയത്ത് കണക്കു ബോധിപ്പിക്കാത്തവരെ സംഘടനയോടുകൂടി ഫൊക്കാനയില്‍ നിന്ന് പുറത്താക്കണമെന്ന നിയമം ഭരണഘടനയിലുണ്ടായിരുന്നിട്ടു കൂടി, യാതൊരു സങ്കോചവുമില്ലാതെ പ്രസിഡന്റിന്റേയും ചെയര്‍മാന്റേയും അറിവോടെ ഈ മുന്‍ ഭാരവാഹികള്‍ ജനറല്‍ കൗണ്‍സിലിലിരുന്ന് വീമ്പിളക്കുന്നത് അംഗസംഘടനകളും പ്രതിനിധികളും തിരിച്ചറിയണം.

ചുരുക്കത്തില്‍ ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്ന ഫൊക്കാന നേതൃത്വം തങ്ങളുടെ കുറ്റകൃത്യങ്ങളും, ഫണ്ട് ദുര്‍‌വിനിയോഗവും മറച്ചുവെയ്ക്കാന്‍ വേണ്ടി അംഗസഘടനകളെ തെറ്റിദ്ധരിപ്പിക്കുകയും, ഭരണഘടന വികലമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനൊരു മാറ്റം വരുത്താന്‍, സമവായമായാലും തെരഞ്ഞെടുപ്പായാലും, ഫൊക്കാനയുടെ എഴുതപ്പെട്ട ഭരണഘടനയനുസരിച്ചായിരിക്കണമെന്ന് അംഗസംഘടനകളും, പ്രതിനിധികളും ആവശ്യപ്പെടുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഫൊക്കാന അമേരിക്കന്‍ മലയാളികള്‍ക്ക് എന്നെന്നും വിലപ്പെട്ടതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here