
പെസഹാ ദിനത്തില്‍ റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ഹോമിലെ അന്തേവാസികളുടെ കാല്‍ കഴുകി മുത്തമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും സെനഗലില്‍ നിന്നുള്ള മുസ്ലിം ബാലനും ഉള്‍പ്പെടുന്നു. മാര്‍പാപ്പയായി 2013ല്‍ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പെസഹ ഫ്രാന്‍സിസ് ഈ ജുവനൈല്‍ ഹോമിലാണ് ചെലവിട്ടത്.
അന്നുമുതല്‍ പെസഹാ ദിനത്തില്‍ കാല്‍ കഴുകുന്ന ചടങ്ങിനായി ജയിലുകള്‍, വയോജന കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയവയാണ് മാര്‍പാപ്പ തെരഞ്ഞെടുക്കുന്നത്. സ്ത്രീകളെയും ഇതര മതക്കാരെയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയ ആദ്യ മാര്‍പാപ്പയുമാണ് ഇദ്ദേഹം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിച്ച പെസഹാ ദിന കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും ബിഷപ്പുമാരും 1800 പുരോഹിതരും പങ്കെടുത്തു.