പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: സെനറ്റ് ഹെൽത്ത് ചെയർമാനുമായ വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്‌സിന്റെ എതിർപ്പുകൾ മറികടന്ന്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അടുത്ത ഡയറക്ടറായി ഡോ. മോണിക്ക എം. ബെർടാഗ്‌നോളിയെ സെനറ്റ് കമ്മിറ്റി സ്ഥിരീകരിച്ചു. നിലവിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന ക്യാൻസർ സർജൻ ഡോ. മോണിക്ക 36നെതിരെ 62 വോട്ടിനായിരുന്നു തന്റെ സ്ഥാനം ഉറപ്പിച്ചത്. ഇതോടെ എൻഐഎച്ചിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായി ഡോ. ബെർടാഗ്‌നോളി മാറും.

ഡോ.മോണിക്ക ഒരു “ബുദ്ധിമതിയും കരുതലുള്ള വ്യക്തിയും” ആണെങ്കിലും താൻ അവർക്കെതിരെ വോട്ട് ചെയ്യുമെന്ന് ബെർണി പറഞ്ഞിരുന്നു. മരുന്നുകളുടെ വിലനിർണ്ണയ നയങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ എന്ത് ചെയ്യുമെന്ന് അവർ ഇത് വരെയും വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ബെർണിയുടെ ആരോപണം.

തനിക്ക് സ്തനാർബുദം ഉണ്ടെന്ന് കഴിഞ്ഞ വർഷം അവസാനം ഡോ. മോണിക്ക അറിയിച്ചിരുന്നു. താൻ ചികിത്സ പൂർത്തിയാക്കിയെന്നും എനിക്ക് ലഭിച്ച എല്ലാ ചികിത്സയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഫണ്ട് ചെയ്ത ഗവേഷണത്തിന്റെ പിന്തുണയോടെയാണെന്നും അവർ കമ്മിറ്റിയെ അറിയിച്ചിരുന്നു.

12 വർഷത്തെ ഭരണം അവസാനിപ്പിച്ച് മുൻ ഡയറക്ടർ ഫ്രാൻസിസ് കോളിൻസ് വിരമിച്ച 2021 ഡിസംബർ മുതൽ NIH-ന് ഡയറക്ടർ ഇല്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here