യുകെയിലെ ‘ടെലിഗ്രാഫ്’ പത്രം നടത്തിയ അന്വേഷണത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് അന്താരാഷ്ട്ര ‘ക്യാഷ് ഫോർ കിഡ്നി’ റാക്കറ്റിന്റെ ഭാഗമാണെന്ന് കണ്ടെത്തി. എല്ലാ ആരോപണങ്ങളും അപ്പോള ആശുപത്രി അധികൃതർ നിഷേധിച്ചു.

അപ്പോളോ ഹോസ്പിറ്റൽസ് ശൃംഖല അന്താരാഷ്ട്ര തലത്തിൽ നടന്ന ‘ക്യാഷ് ഫോർ കിഡ്നി’ (വൃക്കയ്ക്ക് പകരം പണം) റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം, അതിൽ മ്യാന്മാറിൽ നിന്നുള്ള ദരിദ്രരായ ആളുകളെ പണത്തിനായി അവരുടെ വൃക്ക വിൽക്കാൻ പ്രലോഭിപ്പിച്ചതായി, യുകെയിലെ ‘ടെലഗ്രാഫ്’ പത്രം നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തി.

ചൊവ്വാഴ്ച (ഡിസംബർ 5) അപ്പോളോ ആശുപത്രി ഗ്രൂപ്പ് ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു, അവ “തികച്ചും തെറ്റായതും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്” എന്ന് പറഞ്ഞു. റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ ഇവയാണ്.

1. എന്താണ് ‘ക്യാഷ് ഫോർ കിഡ്നി’റാക്കറ്റ്?

മ്യാന്മാറിൽ നിന്നുള്ള പാവപ്പെട്ട ഗ്രാമീണരായ യുവാക്കളെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ എത്തിക്കുകയും ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സമ്പന്നരായ രോഗികൾക്ക് വേണ്ടി അവരുടെ വൃക്കകൾ ദാനം ചെയ്യാൻ പണം നൽകുകയും ചെയ്യുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. “തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിർമ്മിക്കുകയും ദാതാക്കളെ രോഗികളുടെ ബന്ധുക്കളായി അവതരിപ്പിക്കുന്നതിനായി ‘കുടുംബ’ ഫൊട്ടോഗ്രാഫുകൾ ഉണ്ടാക്കുകയും ചെയ്യുന്നതും റാക്കറ്റിൽ ഉൾപ്പെടുന്നു,” റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ, ബർമീസ് നിയമങ്ങൾ പ്രകാരം സാധാരണ സാഹചര്യങ്ങളിൽ ഒരു രോഗിക്ക് അപരിചിതരിൽ നിന്ന് അവയവദാനം സ്വീകരിക്കാൻ കഴിയില്ല.

2. രോഗികൾ എങ്ങനെയാണ് ദാതാക്കളെ കണ്ടെത്തുന്നത്?

അന്വേഷണത്തിന്റെ ഭാഗമായി, ‘ടെലിഗ്രാഫി’ന്റെ റിപ്പോർട്ടർമാരിൽ ഒരാൾ രോഗിയായ അമ്മായിയുടെ ബന്ധുവായി അഭിനയിച്ചു. അവർക്ക് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായിരുന്നു, എന്നാൽ വൃക്ക ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ ഇല്ലായിരുന്നു. റിപ്പോർട്ടർ അപ്പോളോയുടെ മ്യാന്മാർ ഓഫീസുമായിട്ട് ബന്ധപെട്ടു, “വൃക്ക ദാനം ചെയ്യാൻ ഒരു അപരിചിതനെ കണ്ടെത്തും” എന്ന് അവിടെയുള്ളവർ പറഞ്ഞു.

ഒരു അപ്പോളോ ഏജന്റ്, റിപ്പോർട്ടറെ 27 വയസ്സുള്ള ഒരു ബർമക്കാരനുമായി ബന്ധപ്പെടുത്തി, തന്റെ പ്രായമായ മാതാപിതാക്കൾ “നല്ല സാമ്പത്തിക സ്ഥിതിയിലല്ല” എന്നതിനാൽ തന്റെ വൃക്ക വിൽക്കണമെന്ന് ആ യുവാവ് പറഞ്ഞു.

ഒരു രോഗിക്ക് അവരുടെ ദാതാവിനെ തിരഞ്ഞെടുക്കാമെന്നും തുടർന്ന് വ്യക്തിക്ക് പണം കൊടുത്താല്‍ മതിയെന്ന് റിപ്പോർട്ടറോട് പറഞ്ഞു.

3. വൃക്ക കിട്ടാൻ എത്ര പണം ചെലവാകും?

അപ്പോളോയുടെ മ്യാന്മാർ ഓപ്പറേഷന്റെ തലവൻ “അപ്പോളോയുടെ ബ്രാൻഡിംഗുള്ള ചെലവ് രേഖ” രഹസ്യ റിപ്പോർട്ടർക്ക് നൽകി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരവധി ചെലവുകൾ അതിൽ പരാമർശിച്ചിട്ടുണ്ട് – ഒരു ഫാമിലി ട്രീ അഥവാ വംശാവലിയുണ്ടാക്കാന്‍ (33,000 രൂപ) മുതൽ ഫ്ലൈറ്റുകൾ (ഒരു വശത്തേക്ക് 21,000 രൂപ), “മെഡിക്കൽ ബോർഡിന്റെ രജിസ്ട്രേഷൻ” (16,700 രൂപ) എന്നിങ്ങനെയാണ് ചെലവുകൾ പരാമർശിച്ചിട്ടുള്ളത്.

ഒരു രോഗിക്ക് മൊത്തത്തിൽ (1,79,500 രൂപ) വരെ ചെലവ് പ്രതീക്ഷിക്കാമെന്നും രേഖയിൽ പറയുന്നു. എന്നിരുന്നാലും, ഒരു ദാതാവിന് നൽകേണ്ട പണം ഇതിൽ ഉൾപ്പെട്ടിട്ടില്ല. മിക്ക കേസുകളിലും ഇത് ഏകദേശം 70 അല്ലെങ്കിൽ 80 ലക്ഷം രൂപ ആയിരിക്കും.

4. എങ്ങനെയാണ് സിസ്റ്റത്തെ മറികടക്കുന്നത്?

മുൻകൂർ പണമടച്ചുകഴിഞ്ഞാൽ, ദാതാവ് ഇന്ത്യയിലേക്ക് പറക്കുന്നു. ഒരു രോഗിയോടൊപ്പം, അഭിമുഖത്തിനായി ട്രാൻസ്പ്‌ളാന്റ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നു.

സമർപ്പിച്ച രേഖകൾ പരിശോധിച്ച് സ്വീകർത്താവും ദാതാവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം സമിതിക്കാണ്. ഇതിൽ ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ, ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ, രണ്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ, ആശുപത്രിയിലെ രണ്ട് കൺസൾട്ടന്റുമാരും എന്നിവരും ഉൾപ്പെടുന്നു. അവർ ആശുപത്രിയുടെ ശമ്പളപ്പട്ടികയിൽ ഇല്ലെങ്കിലും അവിടെ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നു.

നിരവധി അപ്പോളോ ഹോസ്പിറ്റൽ അധികാരികൾ ഉൾപ്പെടുന്ന കമ്മിറ്റി “വെറും നാട്യം” മാത്രമാണെന്നും രോഗിയും ദാതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉപരിപ്ലവമായ ചോദ്യങ്ങൾ മാത്രമാണ് ചോദിക്കുന്നതെന്നും അപ്പോളോയുടെ മ്യാന്മാർ ഏജന്റുമാരിൽ ഒരാൾ റിപ്പോർട്ടറോട് പറഞ്ഞു.

രോഗികളും വൃക്ക ദാതാക്കളും തമ്മിൽ കുടുംബബന്ധം സ്ഥാപിക്കുന്നതിനായി ഏജന്റുമാർ കുടുംബ ബന്ധം, ഗാർഹിക രേഖകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, ഫൊട്ടോഗ്രാഫുകൾ എന്നിവയും വ്യാജമായി ഉണ്ടാക്കുന്നു.

“ദാതാവും രോഗിയും ഒരുമിച്ച് ബന്ധുക്കളായി ജീവിക്കുന്നു എന്ന് കാണിക്കാന്‍ വീടിന്റെ രജിസ്ട്രേഷനും സൃഷ്ടിക്കുന്നു… ഈ വ്യാജ രേഖകളും, ജനിതക ബന്ധവും സ്ഥിരീകരിക്കുന്ന പരിശോധനാ ഫലങ്ങളുടെ ഒരു പരമ്പരയും, റബ്ബർ സ്റ്റാമ്പിങ്ങിനായി ആശുപത്രി അംഗീകാര സമിതിക്ക് മുമ്പാകെ സമർപ്പിക്കുന്നു. “എന്നും ഗാർഡിയൻ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

5. വൃക്ക റാക്കറ്റിൽ ഏതെങ്കിലും ഡോക്ടർമാർ ഉൾപ്പെട്ടിട്ടുണ്ടോ?

യുകെയിൽ പരിശീലനം നേടിയ, പത്മശ്രീ ലഭിച്ചിട്ടുള്ള ഡോ.സന്ദീപ് ഗുലേറിയയുടെ പേര് ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് ഗുലേറിയയാണെന്ന് രോഗികളും ഏജന്റുമാരും പത്രത്തോട് പറഞ്ഞു.

“അപ്പോളോയുടെ ഡൽഹി ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റൊരു വൃക്ക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുലേരിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെക്കുമെന്ന്” ഡെക്കാൻ ഹെറാൾഡ് ദിനപ്പത്രത്തിന്റെ 2016-ലെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഗാർഡിയൻ പറയുന്നു.

6. ഇത്തരമൊരു റാക്കറ്റിൽ അപ്പോളോ ഹോസ്പിറ്റലുകൾക്ക് മുൻപും പങ്കുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ടോ?

വൃക്ക റാക്കറ്റിൽ ഉൾപ്പെട്ടുവെന്നാരോപിച്ച്, 2016-ൽ, ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ അപ്പോളോയുടെ രണ്ട് സെക്രട്ടേറിയൽ സ്റ്റാഫുകൾ ബ്രോക്കർമാരുടെയും ദാതാക്കളുടെയും ഒരു സംഘത്തോടൊപ്പം അറസ്റ്റിലായിരുന്നു. ഈ സംഭവത്തിലെ അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here