20വര്‍ഷത്തിലേറെയായി ഇമാന്‍ അഹമദ് അബ്ദുല്ലാതി എന്ന ഈജിപ്തുകാരി പുറംലോകം കണ്ടിട്ട്. 500 കിലോ ഭാരമുള്ള ഈ 36കാരിക്ക് പുറം ലോകം കാണുന്നത് പോകട്ടെ ഒന്നു തിരിഞ്ഞു കിടക്കുക എന്നതു പോലും അപ്രാപ്യമായിരുന്നു കഴിഞ്ഞ ഏതാനും നാള്‍ വരെ. അവരുടെ വിദൂര സ്വപ്‌നങ്ങള്‍ ഓരോന്നായി പൂവണിയുകയാണ് ഇപ്പോള്‍.

500 കിലോ ഉണ്ടായിരുന്ന ഇവരുടെ ശരീര ഭാരം 242 കിലോ കുറഞ്ഞതായി മുംബൈയിലെ സെയ്ഫി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും ഭാരം കൂടിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഇമാന്‍ ഫെബ്രുവരിയില്‍  ആശുപത്രിയിലെത്തുമ്പോള്‍  490 കിലോ ഉണ്ടായിരുന്നു . രണ്ടു മാസത്തെ ചികിത്സക്കിടെ 242 കിലോ ഭാരം കുറക്കാനായിട്ടുണ്ട്. ഇമാന് ഉടന്‍ നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ മുഫാസല്‍ ലഖ്ടവാല അറിയിച്ചു.

ഫെബ്രുവരി 11ാം തിയതി പ്രത്യേകം തയാറാക്കിയ വിമാനത്തിലാണ് ഇമാന്‍ ചികിത്സക്കായി മുംബൈയിലെത്തിയത്. കുറഞ്ഞ കലോറിയിലുള്ള  ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലൂടെ ആദ്യ മാസത്തില്‍ തന്നെ 100 കിലോയോളം തൂക്കം കുറച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഇമാനെ ലാേപ്രാസ്‌കോപിക് സ്ലീവ് ഗാസ്‌ട്രെക്‌റ്റോമി എന്ന ചികിത്സക്ക്  വിധേയയാക്കി. ഇതിലൂടെ മാര്‍ച്ച് 29 ന് ഇവരുടെ തൂക്കം 340 കിലോ ആയി കുറഞ്ഞു.

ഭക്ഷണം വായിലൂടെ നല്‍കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ട്യൂബിലൂടെയാണ് ഇമാന് ഭക്ഷണം നല്‍കുന്നത്.

രണ്ടുകോടിയോളം ചെലവിട്ടാണ് ഇവര്‍ക്കായി ആശുപത്രി പ്രത്യേക സൗകര്യം ഒരുക്കിയത്. 3000ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു മുറി തന്നെ സജ്ജീകരിക്കുകയായിരുന്നു. ഏഴടി വീതിയുള്ള വാതിലും അത്രതന്നെ വീതിയുള്ള കിടക്കയുമൊരുക്കി. ഓപറേഷന്‍ തിയേറ്ററടക്കമുള്ള കാര്യങ്ങളും പ്രത്യേകമായി സംവിധാനിച്ചിരുന്നു.

കെയ്‌റോയിലെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകാതിരുന്ന ഇമാന് ഇന്ത്യയില്‍ ചികിത്സ ലഭിക്കാന്‍ ഡോ. ലക്ഡാവാല നടത്തിയ പരിശ്രമങ്ങള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പതിഞ്ഞതാണ് അവര്‍ക്ക് തുണയായത്.

LEAVE A REPLY

Please enter your comment!
Please enter your name here