കോവിഡിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യരുടെ മനോനിലയിൽ പ്രകടമായ വ്യത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരങ്ങൾ നൽകുന്ന സൂചന. അമിതമായ രോഗഭീതിയാണ് പ്രധാന കാരണം. ഒപ്പം ലോക്ക്ഡൗൺ സൃഷ്ടിച്ച ഒറ്റപ്പെടലും സാമ്പത്തികമായ അനിശ്ചിതത്വങ്ങളും. അപ്രതീക്ഷിതമായി വരുമാനം നിലക്കുേമ്പാഴുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന് ഒരുപക്ഷെ മനഃശാസ്ത്രപരമായ കൗൺസലിങ്ങ് രീതികൾക്ക് പരിമിതികൾ കണ്ടേക്കാം. അതിനാൽ മാനസികമായി അവർക്ക് കരുത്ത് പകരാനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തി​െൻറ ഭാഗത്ത് നിന്നുണ്ടാകണം. സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പുകൾ നൽകാൻ മുന്നോട്ട് വരുന്നതിനോടൊപ്പം കുറ്റപ്പെടുത്തലുകൾക്ക് പകരം ആശ്വാസ വചനങ്ങളും സാന്ത്വന പ്രവർത്തനങ്ങളുമാണ് അഭികാമ്യം.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നല്ലോ. നേരത്തെ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന ആനാട് സ്വദേശിയും ജീവനൊടുക്കി. ഒരാൾ രോഗഭീതിയാലും മറ്റൊരാൾ സ്വന്തം വീട്ടുകാരാൽ തിരസ്കരിക്കപ്പെടുമെന്നതിനാലുമാണ് സ്വയം ജീവൻ അവസാനിപ്പിച്ചത്. ഗൾഫിൽ കഴിയുന്ന ഭർത്താവിന് കോവിഡ് ബാധിച്ചത് അറിഞ്ഞ് കേരളത്തിൽ താമസിക്കുന്ന ഭാര്യ ആത്മഹത്യചെയ്തതായുള്ള വാർത്തയും ഞെട്ടൽ ഉളവാക്കുന്നു.

വാസ്തവം പറഞ്ഞാൽ മരണ നിരക്ക് ഏറ്റവും കുറവുള്ള ഒരു രോഗമാണ് കോവിഡ്. കൂടുതൽ പേരിലേക്ക് പകർന്ന് പിടിക്കുമെന്നല്ലാതെ മരണ സംഖ്യ കൂടുതലാണെന്ന് പറയാനാവില്ല. മറ്റ് രോഗങ്ങളുള്ളവരാണ് കോവിഡ് ബാധിതരായി മരിക്കുന്നത്. കോവിഡിന് പ്രതിരോധ വാക്സിൻ ഇല്ലെന്ന് കരുതി രോഗം ബാധിച്ചവരെല്ലാം മരണത്തിന് കീഴടങ്ങുമെന്ന് കരുതുന്നത് മൗഢ്യമാണ്.

ഇൗ വസ്തുതകളൊന്നും മനസ്സിലാക്കാതെ പലരും കടുത്ത ആശങ്കയിലാണ്. കോവിഡ് കാലത്തെ ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസികപ്രശ്നങ്ങളെയും കൃത്യമായി കൈകാര്യം ചെയ്യുവാൻ ആരോഗ്യവകുപ്പിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും സദാ സന്നദ്ധമായി നിലകൊള്ളുേമ്പാഴാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത്.

കോവിഡ് ഭീതിക്ക് പുറമെ ലോക്ഡൗൺ മൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ മാനസിക പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും കൃത്യമായുള്ള കൗൺസലിങ്ങ് സംവിധാനം സർക്കാറിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്നു. ബന്ധുക്കളും സഹപ്രവർത്തകരും അയൽവാസികളുമായിട്ടുള്ളവരുടെ കാര്യത്തിൽ സഹാനുഭൂതി നിറഞ്ഞ ഒരു സമീപനം ഇനിയെങ്കിലും നമ്മൾ സ്വായത്വമാക്കേണ്ടതുണ്ട്.

വിദ്യാർത്ഥികളിലെ ആത്മഹത്യ എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് പലരേയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ പലപ്പോഴും മാതാപിതാക്കൾ തന്നെയാണ് കുറ്റക്കാർ. കണ്ണൂരിൽ ഈ ലേഖകൻ ദേശീയ ആരോഗ്യ മിഷൻ ചുമതല വഹിച്ച നാലു വർഷക്കാലം വിദ്യാർത്ഥികളിലെ ആത്മഹത്യ പൂർണമായും പിടിച്ച് നിർത്താൻ കഴിഞ്ഞു എന്ന കാര്യം അഭിമാനം നൽകുന്ന ഒന്നാണ്. കൗമാര മനസ്സുകളെകുറിച്ച് കൃത്യമായി അറിയാവുന്ന കൗൺസലർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് വർക്കർമാരും നൽകിയ ബോധവൽക്കരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ ലക്ഷ്യം സാക്ഷാൽക്കരിച്ചത്.

ജീവിതം വഴിമുട്ടിയവരും ജീവിതം മടുത്തവരുമൊക്കെയായി നമുക്ക് ചുറ്റും നിരവധി പേരുണ്ട്. ഇനി തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് കരുതുന്നവരും, തന്നെ ആർക്കും ഇഷ്ടമല്ലെന്ന് തെറ്റിദ്ധരിച്ചവരും, തന്നെ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് കരുതിയിരിക്കുന്നവരുമൊക്കൊ നമ്മുടെ പരിചിത വലയത്തിലുണ്ടാകും. അത്തരം അവസ്ഥകളിലുള്ളവരുടെ മനസ്സിലേക്ക് കടന്നുകയറാൻ നമുക്കാകണം. ലോകത്തി​െൻറ യഥാർത്ഥ സൗന്ദര്യം അവർക്ക് കാണിച്ച് കൊടുക്കണം. വെറുപ്പും വിദ്വേഷവും വമിക്കുന്ന മനസ്സുകൾ മാത്രമല്ല ഈ ഭൂമിയിലുള്ളതെന്നും സ്നേഹവും കാരുണ്യവും നിറയുന്ന നന്മയുള്ള നിരവധി ഹൃദയങ്ങൾകൂടി ഇവിടെയുണ്ടെന്നും പറഞ്ഞ് മനസ്സിലാക്കണം. നൈരാശ്യത്തെ ധീരമായി മറികടന്ന വ്യക്തികളെ ചൂണ്ടിക്കാണിച്ച് കൊടുക്കണം. തിരിച്ചടികളെ ധീരമായി നേരിട്ട് ഉന്നത വിജയം നേടിയവരുടെ കഥകൾ നൈരാശ്യത്തിൽ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല ഒരു മരുന്നാണ്.
ജീവിതം നിരാശാഭരിതമായവർക്ക് പ്രതീക്ഷാനിർഭരമായ കാര്യങ്ങൾ പകരണം. കൂട്ടായ പ്രവർത്തനങ്ങൾ എല്ലാ തലത്തിലും വേണം. സർക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ ചികിത്സാ ധാരകളിൽ പ്രവർത്തിക്കുന്ന ഭിഷഗ്വര സമൂഹവും അവരുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും സംഘടനകളും ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ നിഷ്പ്രയാസം അത് സാധ്യമാക്കാമെന്ന കാര്യത്തിൽ തർക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here