എഡിൻബർഗ്: ദിവസവും ടി.വി കാണാൻ ചെലവഴിക്കുന്ന സമയം രണ്ട് മണിക്കൂറിനുള്ളിൽ പരിമിതപ്പെടുത്തുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ തടയുമെന്ന് പുതിയ പഠനങ്ങൾ. അധിക സ്ക്രീൻ ടൈം കണ്ണിന്റെ കാഴ്ചയെ മാത്രമല്ല, കാൻസർ മുതൽ കാർഡിയോവാസ്കുലാർ രോഗങ്ങൾക്ക് വരെ വഴിതെളിക്കാം. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ ദിവസവും ടി.വി കാണുന്നുള്ളുവെങ്കിൽ ഇത്തരം രോഗങ്ങൾ വരാനുള്ള സാദ്ധ്യത അപൂർവമാണെന്നാണ് ഗവേഷകർ പറയുന്നത്.

2006 മുതൽ 2018 വരെയുള്ള 12 വർഷങ്ങൾക്കിടെ 37 മുതൽ 73 വയസുവരെയുള്ള 500,000 പേരിൽ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുതിർന്നവർ സ്ക്രീൻ ടൈം പരമാവധി കുറയ്ക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.രണ്ട് മണിക്കൂറിൽ കൂടുതൽ ടി.വി കാണാത്തവരിൽ കാർഡിയോവാസ്കുലാർ രോഗങ്ങൾ മൂലമുള്ള മരണനിരക്ക് 7.97 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ടി.വി മാത്രമല്ല, ഫോൺ, വീഡിയോ ഗെയിം, ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതായി കണ്ടെത്തി.

സ്ക്രീൻ ടൈം പരമാവധി കുറച്ച് വ്യായാമത്തിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുന്നത് ശരീരത്തിന് ഊർജം പ്രദാനം ചെയ്യും.നിലവിലെ ജീവിത സാഹചര്യത്തിൽ കൂടുതൽ സമയം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തങ്ങളുടെ പഠനം തെളിയിച്ചതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ഹാമിഷ് ഫോസ്റ്റർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here