ലോകം വളരുന്നതിനനുസരിച്ച്, തലമുറകൾ മാറുന്നതിനനുസരിച്ച് കൃത്യനിഷ്ഠയും മാറിക്കൊണ്ടിരിക്കുന്നു. കൃത്യനിഷ്ഠകൾ എന്തിന് എന്ന് ചോദിക്കുന്നവരുണ്ടാവാം. അതൊക്കെ നടപ്പിലാക്കുന്നത് കൊണ്ടെന്തു ഗുണമെന്ന് സംശയം പ്രകടിപ്പിക്കുന്നവരും കാണും. കൃത്യനിഷ്ഠയില്ലെങ്കിൽ എന്താണ് കുഴപ്പം? ആധുനിക കാലത്ത് കൃത്യനിഷ്ഠ പാലിക്കുന്നത് അത്ര എളുപ്പമാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉണ്ടാകുന്നു.

ആരോഗ്യവുമായി കൃത്യനിഷ്ഠയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് പറയേണ്ടിവരും. രോഗികളെ നിരീക്ഷിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില രോഗകാരണങ്ങളിൽ കൃത്യനിഷ്ഠയിലെ ലംഘനങ്ങളുമുണ്ട്. നമ്മുടെ ശരീരത്തെയും മനസ്സിനെയും ട്യൂൺ ചെയ്യുവാൻ കൃത്യനിഷ്ഠകൾക്ക് സാധിക്കുന്നു എന്ന് പ്രഥമദൃഷ്ട്യാ പറയാം.


എന്താണ് കുഴപ്പം?

അഞ്ചു മണിക്ക് ഉറക്കം എഴുന്നേറ്റ് ശീലമുള്ള ഒരാൾ ഒരു ദിവസം പത്ത് മണിക്ക് എഴുന്നേറ്റാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. പലപ്പോഴും ജീവിതസാഹചര്യം, ഷിഫ്റ്റ് ഡ്യൂട്ടികൾ തുടങ്ങിയവ കാരണം ചിലർക്ക് അത് ന്യായീകരിക്കേണ്ടിവരുന്നു എന്നതാണ് യാഥാർത്ഥ്യം.എന്നാൽ തൈറോയ്ഡ് ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് കൃത്യനിഷ്ഠ സഹായകമാകുന്നു എന്നാണ് നിരീക്ഷണം.ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നവർ കൃത്യനിഷ്ഠയുള്ള വരാണെന്ന് മനസ്സിലാക്കാം.കൃത്യനിഷ്ഠയോടെ ശീലിക്കുന്നതെല്ലാം ആരോഗ്യത്തെ നൽകുന്നതാണെന്ന അഭിപ്രായം ശരിയല്ല. ഉദാഹരണത്തിന് എന്നും ഉച്ച ഭക്ഷണത്തിനു വറുത്ത മീൻ കഴിക്കണമെന്നോ അച്ചാർ കഴിക്കണമെന്നോ നിർബന്ധമുള്ളവർ കാണും. എന്നാൽ, അത് ആരോഗ്യത്തെ ഉണ്ടാക്കുന്ന കൃത്യനിഷ്ഠയല്ല.

എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കൃഷിചെയ്യുകയോ നടക്കാൻ പോകുകയോ ചെയ്യുന്ന കൃത്യനിഷ്ഠ ആരോഗ്യത്തെ നൽകുന്നതാണ്.ഈ വ്യത്യാസം മനസ്സിലാക്കി വേണം കൃത്യനിഷ്ഠ തിരഞ്ഞെടുക്കുവാൻ.കൃത്യനിഷ്ഠ ഉള്ളവർ അത് പാലിക്കുന്നതിനായി അല്പം നിർബന്ധ ബുദ്ധിയുള്ളവർ കൂടി ആയിരിക്കാൻ സാധ്യതയുണ്ട്. ഇടയ്ക്കൊക്കെ തെറ്റിപ്പോകുന്ന ശീലങ്ങളെ വലിയ കാര്യമാക്കേണ്ടതില്ലെന്നും നിർബന്ധ ബുദ്ധി അല്ല മാനസിക ഉല്ലാസം ആണ് രോഗത്തെ ഒഴിവാക്കാൻ നല്ലതെന്നും മനസ്സിലാക്കണം.

വിളിച്ചുവരുത്തരുത്
ജീവിതശൈലീ രോഗങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി ഇത്രയേറെ കൂടിയിട്ടും ജീവിതശൈലി മാറ്റുവാൻ ആരും തയ്യാറല്ല. പകരം കൃത്യനിഷ്ഠയോടെ മരുന്നു കഴിച്ചു കൊള്ളാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.തീരെ ചെറിയ പ്രായത്തിൽ തന്നെ ചില കൃത്യതകൾ ഉണ്ടാക്കി ജീവിതശൈലി രൂപീകരിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും നല്ലത്.എന്തും കഴിക്കും, എന്തും കുടിക്കും, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കും, അല്ലേൽ ഉറങ്ങും എന്ന രീതിയിൽ ഒരു കൃത്യതയും ഇല്ലാതെ ജീവിക്കുന്നവർക്കാണ് ചെറിയ പ്രായത്തിൽ തന്നെ അനാരോഗ്യം ആരംഭിക്കുന്നത്. അനാരോഗ്യം ആരംഭിച്ചാൽ പിന്നെ പല രോഗങ്ങളും ഒന്നിന് പുറകെ ഒന്നായി വരും. വില കൊടുത്തു പലതും നമുക്ക് വാങ്ങാൻ സാധിക്കും. ആരോഗ്യം ഒഴികെ.

കർക്കടകം നല്ല സമയം
നല്ല ശീലങ്ങൾ ആരംഭിക്കുവാനും അവ തുടരുവാനും ഏറ്റവും നല്ല സമയമാണ് കർക്കടകം. കർക്കടകത്തിൽ പകലുറങ്ങുവാൻ പാടില്ലെന്നും എളുപ്പം ദഹിക്കുന്നവ മാത്രം കഴിക്കണമെന്നും നേരത്തേ ഉറങ്ങി നേരത്തേ ഉണരണമെന്നുമുള്ള കൃത്യനിഷ്ഠാ നിർദ്ദേശങ്ങൾ പാലിക്കുന്നവർക്കാണ് ആരോഗ്യം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here