എന്നും ചെറുപ്പമായി ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. മുഖത്തിന്റെ കാര്യത്തിലാണ് മിക്കവർക്കും ടെൻഷൻ. ചുളിവുകൾ, മുഖക്കുരു, പാടുകൾ അങ്ങനെ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇപ്പറഞ്ഞവയൊന്നുമില്ലാതെ മുഖം ക്ലീനും ക്ലിയറുമായി വയ്ക്കാനുള്ള വഴികൾ തേടി ഇന്റർനെറ്റിലും മറ്റും തെരഞ്ഞ് പൊടിക്കൈകൾ പരീക്ഷിക്കുന്നവർ ഏറെയാണ്. വീട്ടിൽ കിട്ടുന്ന വസ്തുക്കൾ വച്ച് തന്നെ അധികം ചെലവില്ലാതെ മുഖം മിനുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കണ്ണിൽ കണ്ട വസ്തുക്കളൊന്നും മുഖ ചർമത്തിൽ ഉപയോഗിക്കാൻ പാടില്ല. ഇത് ഇല്ലാത്ത പ്രശ്നങ്ങൾ വരുത്തിവയ്ക്കുകയേ ഉള്ളൂ. മുഖത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

 ആപ്പിൾ സിഡർ വിനഗർ
മുഖത്തെ മിനുസമായ ചർമത്തിന് യോജിച്ചതല്ല. ചർമത്തിന്റെ പി.എച്ച് നിലയെ തകിടം മറിയ്ക്കാൻ ആപ്പിൾ സിഡർ വിനാഗിരി കാരണമാകാം. ഇത് ചർമത്തെ ദുർബലമാക്കുകയോ മൃദുലത നഷടപ്പെടുത്തുയോ ചെയ്തേക്കാം. ചിലരിൽ അസ്വസ്ഥതകൾ ഉണ്ടാകാം.

ബോഡി ലോഷൻ
ബോഡി ലോഷൻ ഒരിക്കലും മുഖത്തിന് യോജിച്ച ഒന്നല്ല. വഴുവഴുപ്പും കട്ടിയേറിയതുമായ ബോഡി ലോഷൻ മുഖത്തെ ചർമത്തിന് അനുയോജ്യമല്ല. മുഖത്ത് ഉപയോഗിക്കുന്ന ക്രീമുകളെ അപേക്ഷിച്ച് ബോഡി ലോഷനുകളിൽ സുഗന്ധത്തിനായുള്ള ഏജന്റുകളുടെ അളവും കൂടുതലായിരിക്കും.

 ഹെയർ സ്‌പ്രേ
മുടി ഭംഗിയായിരിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഹെയർ സ്‌പ്രേ. ഹെയർ സ്‌പ്രേ ചെയ്യാതെ മുടി സ്റ്റൈൽ ചെയ്താൽ വിവാഹം പോലുള്ള പാർട്ടികളിൽ തിളങ്ങി നിൽക്കാനും കഴിയില്ല. മുടിയുടെ കാര്യത്തിൽ ഹെയർ സ്‌പ്രേ അഭിവാജ്യ ഘടകമാണ്. എന്നാൽ അത് മുഖത്തെ ചർമത്തിന് അനുയോജ്യമല്ല. ഹെയർ സ്‌പ്രേയിൽ ലാകർ, ആൽക്കഹോൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിലെ ജലാംശം നഷടപ്പെടുത്തുകയും ചിലരിൽ അണുബാധ, ചൊറിച്ചിൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾക്കും കാരണമാകാം.

 ഹാൻഡ് / ഫുട്ട് ക്രീം
ബോഡി ലോഷനുകളേക്കാൾ കട്ടി കൂടിയ ഇവ കെമിക്കൽ എക്സ്ഫോളിയന്റുകളാൽ സമ്പുഷ്ടമാണ്. ഇത്തരം ക്രീമുകളിലെ പദാർത്ഥങ്ങൾ മുഖത്തിന് യോജിച്ചതല്ല.

 ചൂടുവെള്ളം
ജലത്തിന്റെ താപനിലയും മുഖവും തമ്മിൽ ബന്ധമുണ്ട്. മുഖം കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചൂട് അമിതമായാൽ ചർമത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടമായേക്കാം.

 ബോഡി വാഷ്
ബോഡി വാഷ് മുഖത്ത് ഉപയോഗിക്കരുത്. കാരണം മുഖം നന്നായി വരളാൻ ഇത് കാരണമാകുന്നു. മാത്രമല്ല, മുഖത്തെ സുഷിരങ്ങൾ അടയുന്നത് മുതൽ ഭാവിയിൽ ചുളിവുകൾ വീഴുന്നതിന് വരെ കാരണമാകാം.

 നാരങ്ങ
ഗുണങ്ങൾ ഏറെ നിറഞ്ഞതാണെങ്കിലും നാരങ്ങാ നീര് നേരിട്ട് മുഖത്തേക്ക് ഉപയോഗിച്ചാൽ ചിലപ്പോൾ പണികിട്ടും. നാരങ്ങയുടെ അസിഡിക് സ്വഭാവം തന്നെയാണ് ഇതിന് കാരണം. മുഖക്കുരു ഉള്ളവരും സെൻസിറ്റീവ് ചർമമുള്ളവരും നാരങ്ങാ നീര് മുഖത്തേക്ക് നേരിട്ട് ഉപയോഗിക്കാതിരിക്കുക. നാരങ്ങാനീര് എണ്ണമയത്തെ ഇല്ലാതാക്കി ചർമം വരണ്ടതാക്കുന്നു. അതുകൊണ്ട് തന്നെ വരണ്ട ചർമമുള്ളവർ നാരങ്ങയോട് നോ പറയുക.

 മയൊണൈസ്
ഇന്ന് യൂട്യൂബിലും മറ്റും മയൊണൈസ് ഉപയോഗിച്ചുള്ള ചർമ പരിപാലന വിദ്യകളൊക്കെ നിരവധിയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ മയൊണൈസ് ചർമത്തിലെ സൂഷ്മ സുഷിരങ്ങൾ അടയാൻ കാരണമാവുകയും ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here