ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഷര്‍ലറ്റ് ലീച്ച് എന്ന യുവതിയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഗര്‍ഭിണിയാണെന്ന് മാനേജരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്ന് 34 കാരിയായ യുവതി പറഞ്ഞു.

മുമ്പ് തനിക്ക് നിരവധി തവണ ഗര്‍ഭമലസല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകള്‍ മേലധികാരിയുമായി പങ്കുവെച്ചിരുന്നു എന്നും ഷര്‍ലറ്റ് പറയുന്നു. എന്നാല്‍ ആശ്വാസ വാക്കുകള്‍ക്ക് പകരം പിരിച്ചുവിടല്‍ നോട്ടീസാണ് ലഭിച്ചതെന്നും ദ് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കരാറില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ ഷര്‍ലറ്റിന് പ്രസവാവധിക്ക് അര്‍ഹതയില്ലെന്നാണ് മേലധികാരിയുടെ അവകാശ വാദം.

ജോലി നഷ്ടപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഷര്‍ലറ്റിന് കുഞ്ഞിനെയും നഷ്ടപ്പെട്ടു. 2021 മെയ്മാസം മുതലാണ് കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പില്‍ യുവതി ജോലി ചെയ്യാന്‍ തുടങ്ങിയത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഷര്‍ലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

14,885 പൗണ്ട് (14,86,856 രൂപ) നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്. ഈ സംഭവം തന്നെ ആകെ ഉലച്ചെന്നും അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതയാകാന്‍ കഴിഞ്ഞില്ലെന്നും യുവതി എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം മറ്റൊരു ജോലിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഈ സംഭവം എല്ലായ്പോഴും മനസില്‍ ഭയം സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here