നിയുക്ത പ്രസിഡന്റ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും അറ്റോര്‍ണി ജനറല്‍ ബില്‍ ബാര്‍ ക്ലീന്‍ ചിറ്റ് നല്‍കുകയാണെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ജോണ്‍ ഡര്‍ഹാമിനേയും ട്രംപ് വിമര്‍ശിച്ചു. ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെ ഹണ്ടറിനെതിരെ ബില്‍ ബാര്‍ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ട്രംപ് ആരോപിച്ചു.

അതുപോലെ തന്നെയാണ് ജോണ്‍ ഡര്‍ഹാമിന്റെ കാര്യവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്തെല്ലാം തെളിവുകള്‍ ലഭിച്ചാലും നീതി നീണ്ടുപോകുകതന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. എന്തുകൊണ്ടാണ് ബില്‍ ബാര്‍ ഹണ്ടര്‍ ബൈഡനെതിരെയുള്ള ആരോപണങ്ങള്‍ ഇലക്ഷന്‍ കഴിയുന്നത് വരെ രഹസ്യമാക്കി വെച്ചതെന്ന് ട്രംപ് ചോദിച്ചു. ഇലക്ഷന്‍ വേദികളില്‍ ജോ ബൈഡന്‍ നുണ പറയുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.

2018 മുതല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹണ്ടര്‍ ബിഡനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഈ ആഴ്ച ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഹണ്ടര്‍ ബൈഡന്റെ ലാപ്‌ടോപ്പ് പരിശോധിച്ചതില്‍ നിന്ന് ചൈനയുമായും യുക്രെയിനുമായും നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ടെക്‌സസിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളിയതോടെ അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് നിലവിലെ പ്രസിഡന്റ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ താനാണ് വിജയിച്ചതെന്ന അടിസ്ഥാനരഹിതമായ അവകാശ വാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. നിയമപരമായ വോട്ടുകളുടെ കാര്യമാണ് താന്‍ പറയുന്നതെന്നും വ്യാജ വോട്ടര്‍മാരെയും കള്ളവോട്ടുകളേയും കുറിച്ചല്ല എന്നും ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here