അമേരിക്കയിലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കര്‍ശനമാക്കിയ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്ക് വിധേയയാകാതിരുന്നതിന് സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ റിപ്പബ്ലിക്കന്‍സ്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പാര്‍ലമെന്റ് അതിക്രമത്തിനു ശേഷമാണ് പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നവര്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്ക് വിധേയരായകണമെന്ന് നിയമം നിര്‍ബന്ധമാക്കിയത്. മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ച പ്രവേശന കവാടത്തിലൂടെ മാത്രമേ ആളുകള്‍ അകത്ത് പ്രവേശിക്കാവൂ എന്നാണ് നിയമം.

ഈ നിയമം തെറ്റിച്ച് അകത്ത് പ്രവേശിച്ചവര്‍ക്ക് നേരത്തേ സ്പീക്കര്‍ നാന്‍സി പെലോസി പിഴ ചുമത്തിയിരുന്നു. അയ്യായിരം ഡോളറാണ് പിഴയായി ഈടാക്കിയത്. ഹൗസ് അംഗങ്ങളായ റെപ്‌സ് ലൂയി ഗോമെര്‍ട്ട്, ആന്‍ഡ്രൂ ക്ലൈഡ് എന്നിവരാണ് നിയമം തെറ്റിച്ച് അകത്ത് കടന്നത്. ഇതേത്തുടര്‍ന്ന് ഇവരുടെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഈ നിയമം ശക്തമാക്കിയ സ്പീക്കര്‍ നാന്‍സി പെലോസി തന്നെ നിയമം തെറ്റിച്ചുവെന്നാണ് റിപ്പബ്ലിക്കന്‍സ് ആരോപിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളിലൂടെ കടന്നുപോകാതെ പെലോസി വ്യാഴാഴ്ച ഹൗസ് ചേംബറില്‍ പ്രവേശിക്കുന്നത് കണ്ടതായി ഹൗസ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി അംഗങ്ങള്‍ വെള്ളിയാഴ്ച രാത്രി തന്നെ ആരോപിച്ചിരുന്നു.

സുരക്ഷാ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കാതെ സ്പീക്കര്‍ ഹൗസ് ചേംബറില്‍ പ്രവേശിക്കുന്നത് ഒന്നിലധികം അംഗങ്ങള്‍ നിരീക്ഷിച്ചുവെന്നും അതിനാല്‍ മറ്റുള്ളവരില്‍ നിന്ന് പിഴ ഈടാക്കിയതുപോലെ സ്പീക്കര്‍ നാന്‍സി പെലോസിയില്‍ നിന്നും പിഴ ഈടാക്കണമെന്നുമാണ് റിപ്പബ്ലിക്കന്‍സിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here