പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജ നീര ടണ്ഠന്‍, പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി ആകുമെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയിന്‍ അറിയിച്ചു. ജെസീക്ക ഹെര്‍ട്‌സിന്റെ പകരക്കാരിയായാണ് ടണ്ഠന്‍ എത്തുന്നത്. തിങ്കളാഴ്ച തന്നെ ടണ്ഠന്‍ സ്ഥാനമേറ്റെടുക്കും. പ്രസ്തുത പദവിയിലെത്തുന്ന ആദ്യ നോണ്‍-വൈറ്റ് ആയിരിക്കും ടണ്ഠന്‍.

കഴിഞ്ഞ മേയ് മുതല്‍ ബൈഡന്റെ സീനിയര്‍ അഡൈ്വസര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ടണ്ഠന് ഇനിമുതല്‍ കൂടുതല്‍ വിഷയങ്ങളില്‍ ബൈഡന് ഉപദേശം നല്‍കാനാകും. സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന പദവികളിലേക്ക് എത്തുന്നതിന്റെ ചവിട്ടുപടിയായാണ് സ്റ്റാഫ് സെക്രട്ടറി തസ്തിക വിലയിരുത്തപ്പെടുന്നത്. മുന്‍ വൈറ്റ് ഹൌസ് കോണ്‍സല്‍ ഹരിയേറ്റ് മയേഴ്‌സ്, സുപ്രീം കോര്‍ട്ട് ജസ്റ്റിസ് ബ്രെറ്റ് കവനോ, മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ടണ്ഠന്റെ വഴികാട്ടിയുമായ ജോണ്‍ പോഡെസ്റ്റയുമെല്ലാം മുന്‍പ് ഈ സ്ഥാനം വഹിച്ചവരാണ്.

ഹിലരി ക്ലിന്റന്റെയും ബറാക്ക് ഒബാമയുടെയും പ്രസിഡന്‍ഷ്യല്‍ ക്യാമ്പയ്നില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ടണ്ഠനെ, ക്യാബിനറ്റ് അംഗവും ബജറ്റ് ഡയറക്ടറുമായി കഴിഞ്ഞ വര്‍ഷം ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കിലും സെനറ്റിന്റെ അംഗീകാരം ലഭിക്കില്ലെന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here