ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പദവി രാജി വെച്ച് പിന്മാറുന്നത് സര്‍ക്കാര്‍ ജീവനക്കാരായ പത്തിലധികം വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ്. സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിരവധി കുറ്റങ്ങളാണ് ക്യൂമോയ്‌ക്കെതിരെ ആരോപിക്കപ്പെട്ടത്. അതില്‍ പ്രധാനമായിരുന്നു ആന്‍ഡ്രൂയുടെ പുസ്തക പ്രകാശനം സംബന്ധിച്ച് ജീവനക്കാരെ ഉപയോഗിച്ച രീതി.

‘അമേരിക്കന്‍ ക്രൈസിസ്: ലീഡര്‍ഷിപ്പ് ലെസണ്‍സ് ഫ്രം ദി കൊവിഡ്-19 പാന്‍ഡെമിക്’, ഒരര്‍ത്ഥത്തില്‍ ആന്‍ഡ്രൂ ക്യൂമോയുടെ തകര്‍ച്ച ആരംഭിച്ചത് ഈ പുസ്തകത്തിലൂടെയാണെന്ന് പറയാം. കോവിഡ് പാന്‍ഡമിക്കിന്റെ തുടക്കത്തില്‍ കൃത്യമായ ഇടപെടലുകളിലൂടെയും വ്യക്തമായ നിര്‍ദ്ദേശങ്ങളിലൂടെയും ജനപ്രീതി നേടിയ ഭരണകര്‍ത്താവായിരുന്നു ക്യൂമോ. ഈ സമയത്താണ് പുസ്തകം എഴുതുന്ന കാര്യവുമായി പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എത്തുന്നത്.

2020 മാര്‍ച്ച് 19 ന്, ന്യൂയോര്‍ക്കിലെ ആദ്യത്തെ കോവിഡ് 19 കേസ് സ്ഥിരീകരിച്ച് പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം, സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഒരു പുസ്തം പബ്ലിഷ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യവുമായി ക്യൂമോയുടെ വക്താവിനെ സമീപിക്കുന്നത്.

കോവിഡ് പാന്‍ഡമിക്കിനെ കൈകാര്യം ചെയ്യുന്ന രീതിയും ദിവസേനയുള്ള പാന്‍ഡെമിക് പ്രസ് ബ്രീഫിംഗുകളും ക്യൂമോയെ മീഡിയ താരമാക്കിയ സമയത്താണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇങ്ങനെയൊരാവശ്യവുമായി സമീപിക്കുന്നത്. മൂന്നര മാസത്തിനുശേഷം, പാന്‍ഡെമിക്കിന്റെ ആദ്യ ആറുമാസത്തെ ക്യൂമോയുടെ അനുഭവം വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിനകം എഴുപതിനായിരം വാക്കുകള്‍ എഴുതിക്കഴിഞ്ഞുവെന്നും ക്യൂമോയുടെ ഔദ്യോഗിക വക്താവ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിനെ അറിയിച്ചു.

മറ്റ് പ്രസാധകരുമായുള്ള വിലപേശലുകള്‍ക്കൊടുവില്‍ ക്യൂമോയ്ക്ക് റോയല്‍റ്റിയില്‍ നിന്ന് 5.2 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് വാഗ്ദാനം ചെയ്ത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വാക്കുറപ്പിച്ചു. 2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പുസ്തകം പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥ ചെയ്തു. പിന്നീട് ലൈംഗികാരാപോണത്തെത്തുടര്‍ന്ന് ക്യൂമോ രാജിവെച്ചു. എന്നാല്‍ അതിനു മുന്‍പ് തന്നെ പുസ്തക പ്രകാശനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഒരു നേതാവിന് എങ്ങനെ ഒരേസമയം ഇരുപത്തിനാല് മണിക്കൂറും ശാസ്ത്രത്തെ പിന്തുടരാനും വ്യക്തിപരമായി ലാഭകരമായ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതാനും കഴിയും? എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട ചോദ്യം. തീര്‍ച്ചയായും കഴിയില്ല എന്ന് തന്നെയാണ് അതിനുത്തരം. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയുടെ ജുഡീഷ്യറി കമ്മിറ്റി പുറത്ത് വിട്ടത്.

ലൈംഗികാരോപണവും നഴ്‌സിംഗ് ഹോമുകളിലെ കോവിഡ് രോഗികളുടെ മരണവുമായിരുന്നു ക്യൂമോയുടെ പേരിലുയര്‍ന്ന പ്രധാന ആരോപണങ്ങള്‍. കോവിഡ് പാന്‍ഡമിക്കിനെ കാര്യക്ഷമമായി നേരിടുന്നതില്‍ ക്യൂമോയ്ക്ക് പിഴവ് സംഭവിച്ചത് പുസ്തകപ്രകാശനത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോഴാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുസ്തകം പബ്ലിഷ് ചെയ്യപ്പെടുന്നതിലൂടെ ലഭിക്കുന്ന പ്രശസ്തിക്ക് ക്യൂമോ പ്രാധാന്യം നല്‍കിയതോടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.

ക്യൂമോ ഓഫീസിലെ ജൂനിയര്‍ സ്റ്റാഫിനെ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെയുള്ള സംസ്ഥാന ജീവനക്കാരെ ‘അമേരിക്കന്‍ ക്രൈസിസ്’ എന്ന വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചതെങ്ങനെയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ജുഡീഷ്യറി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗവര്‍ണറുടെ സെക്രട്ടറി മെലിസ ഡിറോസയെ പുസ്തകത്തിന്റെ ജോലികള്‍ മാത്രം ഏല്‍പ്പിച്ചു. പകലും രാത്രിയുമെന്നില്ലാതെ ജീവനക്കാര്‍ പുസ്തകത്തിന്റെ ജോലികളില്‍ വ്യാപൃതരാകേണ്ടി വന്നു.

എല്ലാ ദിവസവും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസുമായുള്ള മീറ്റിംഗുകള്‍ ഉള്‍പ്പെടെ, പതിവ് ജോലി സമയങ്ങളിലും രാത്രികളിലും വാരാന്ത്യങ്ങളിലും മെലീസ ഡിറോസയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൈയെഴുത്തുപ്രതിയുടെ ഡ്രാഫ്റ്റിംഗിലും എഡിറ്റിംഗിലും പ്രവര്‍ത്തിച്ചു. കോവിഡ് പാന്‍ഡമിക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട സമയമാണ് പുസ്തകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യക്തിപരമായ നേട്ടത്തിനായി സര്‍ക്കാര്‍ സംവിധാനത്തെ വഴിതിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം രാജി വെച്ചതിനു ശേഷവും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ക്യൂമോ ചെയ്തത്. ആരോപണവിധേയരുടെ ഉദ്ദേശ്യങ്ങളെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here