ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ രണ്ട് ദേവാലയങ്ങള്‍ തമ്മില്‍ ലയിച്ച് ഒന്നായിത്തീര്‍ന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടികളുടെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ നിര്‍വഹിക്കും.

ഒക്‌ടോബര്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് ദേവാലയത്തിലെത്തുന്ന പരിശുദ്ധ ബാവാ തിരുമേനിയേയും, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയേയും കത്തിച്ച മെഴുകുതിരി നല്‍കി ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ്, സ്വാഗത ഗീതം ആലപിച്ച് ഇടവക ക്വയര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11.3-ന് പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തില്‍ വച്ച് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെക്കുകള്‍ ബാവാ തിരുമേനി സ്വീകരിക്കുന്നതാണ്.

ആര്‍ദ്ര ഭവന നിര്‍മ്മാണ പദ്ധതി, സ്‌നേഹസ്പര്‍ശം പദ്ധതി, സഹോദരന്‍ പദ്ധതി, ഭിന്നശേഷി കുട്ടികള്‍ക്കായുളള സഹായ പദ്ധതി, നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ് പ്രോഗ്രാം തുടങ്ങിയവയാണ് ചാരിറ്റി പദ്ധതികള്‍. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ. ഡോ. രാജു വര്‍ഗീസിന്റെ പൗരോഹിത്യ ശുശ്രൂഷയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷവും പരി. ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനവും നിര്‍വഹിക്കുന്നതാണ്.

പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സെന്റ് മേരീസ് ഇടവക വാങ്ങാന്‍ പദ്ധതി തയാറാക്കിയിരിക്കുന്ന പുതിയ ദേവാലയത്തിന്റെ ശിലാഫലകം പരിശുദ്ധ ബാവാ തിരുമേനി ആശീര്‍വദിക്കുന്ന ചടങ്ങ് അന്നേദിവസം 2.30-ന് ന്യൂസിറ്റിയിലുള്ള 211 റെഡ് ഹില്‍ റോഡില്‍ വച്ച് നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. രാജു വര്‍ഗീസ് (വികാരി) 914 426 2529, ഡോ. റെബേക്കാ പോത്തന്‍ (സെക്രട്ടറി) 845 842 8000, ജോണ്‍വര്‍ഗീസ് (ട്രഷറര്‍) 201 921 7967, ഫിലിപ്പോസ് ഫിലിപ്പ് (ജനറല്‍ കണ്‍വീനര്‍) 845 642 2060).

LEAVE A REPLY

Please enter your comment!
Please enter your name here