1438684856_a2

ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക യുടെ 2015-ജൂലൈ സമ്മേളനം 26-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. പൊന്നു പിള്ള അവതരിപ്പിച്ച ഭഗവദ്‌ഗീതയിലെ തെരഞ്ഞെടുത്ത ശ്ലോകങ്ങളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

 

അദ്ധ്യക്ഷപ്രസംഗത്തില്‍ ഭഗവദ്‌ഗീതയിലെ എല്ലാ ശ്ലോകങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ദൈനംദിനം ജീവിതത്തില്‍ പാരായണം ചെയ്യാവുന്നതുമായ ശ്ലോകങ്ങളാണ്‌ അവതരിപ്പിക്കുന്നതെന്നും അറിയിച്ചു. തുടര്‍ന്ന്‌ സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പൊന്നു പിള്ള ?ഭഗവദ്‌ഗീത: ഒരു സംക്ഷിപ്‌ത സമര്‍പ്പണം? എന്ന വിഷയാവതരണത്തിലേക്ക്‌ കടന്നു. ഭാഗവതത്തിലെ ഒരു ലക്ഷം ശ്ലോകങ്ങളുടെ ഭാഗമാണ്‌ 700 ശ്ലോകങ്ങളുള്ള ഭഗവദ്‌ഗീത. വിവിധ അര്‍ത്ഥതലങ്ങളുള്ള 18 അധ്യായങ്ങളാണ്‌ ഭഗവദ്‌ഗീതയില്‍. ഈ 18 അധ്യായങ്ങളില്‍നിന്നും ഏറ്റവും പ്രധാനപ്പെട്ടതും ദൈനംദിന ജീവിതത്തില്‍ പാരായണം ചെയ്യാവുന്നതുമായ 51 ശ്ലോകങ്ങള്‍ ചേര്‍ത്ത്‌, യജ്ഞാചാര്യനും മണ്ണടി പൊന്നമ്മയുടെ മകനുമായ മണ്ണടി ഹരി തയ്യാറാക്കിയ ഗീതാഹൃദയം എന്ന കൃതിയാണ്‌ ഇവിടെ അവതരണത്തിനായി ഉപയോഗിച്ചത്‌. ആദ്യമായി പൊന്നു പിള്ള ഈ കൃതിയിലെ മണ്ണടി ഹരിയുടെ ആമുഖം വായിച്ചു.

 

ഭഗവദ്‌ഗീത പ്രസിദ്ധരും പണ്ഡിതരുമായ വിദേശികള്‍ വിദേശ ഭാഷകളില്‍ പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനം ചെയ്യുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുപോലെതന്നെ ഗീതയിലെ ചില ശ്ലോകങ്ങളും ബൈബിള്‍ വാക്യങ്ങളുമായി ബന്ധമുള്ളതും ആമുഖത്തില്‍ എടുത്തു കാണിച്ചിട്ടുണ്ട്‌. മര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷനായിരുന്ന കാലംചെയ്‌ത മാര്‍ത്തോമ്മാ അലക്‌സാണ്ടര്‍ വലിയ മെത്രാപ്പോലീത്ത ഡോക്ടറേറ്റിന്‌ ഗവേഷണ വിഷയമായി എടുത്തത്‌ ഭഗവദ്‌ഗീതയിലെ വിശ്വരൂപദര്‍ശന യോഗമായിരുന്നുവെന്നതും ആമുഖത്തില്‍ പ്രത്യേകം പറയുന്നു. തുടര്‍ന്ന്‌ പൊന്നുപിള്ള ഗീതാഹൃദയത്തിലെ 51 ശ്ലോകങ്ങളും വിവരണങ്ങളും വായിക്കുകയും അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. നാരായണീയം, രാമായണം, ഭാഗവതം, ഭഗവദ്‌ഗീത മുതലായ മതഗ്രന്ഥങ്ങള്‍ ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി പാരായണം ചെയ്യാറുള്ള വ്യക്തിയാണ്‌ പൊന്നു പിള്ള. തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു. സദസ്യരെല്ലാം ഭഗവദ്‌ഗീതയെക്കുറിച്ച്‌ തങ്ങളുടെ അറിവുകള്‍ പങ്കുവച്ചു. ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്‌, സജി പുല്ലാട്‌, മണ്ണിക്കരോട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, ജെയിംസ്‌ ചാക്കൊ, നൈനാന്‍ മാത്തുള്ള, തോമസ്‌ തയ്യില്‍, പൊന്നുപിള്ള, തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, സുരേഷ്‌ ചീയേടത്ത്‌ മുതലായവര്‍ പങ്കെടുത്തു. മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217

LEAVE A REPLY

Please enter your comment!
Please enter your name here