വാഷിംഗ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള പടുകൂറ്റൻ ഹോട്ടലും കാസിനോയും തകർക്കാനെടുത്തത് വെറും 20 സെക്കൻഡ്. 34 നിലകളുളള ഹോട്ടൽ തകർക്കാൻ അതിശക്ത സ്ഫോടനശേഷിയുളള 3,000 ഡൈനാമിറ്റുകളാണ് വേണ്ടിവന്നത്.നിശ്ചിത ഇടവേളകളിൽ ഡൈനാമിറ്റുകൾ ഒന്നൊന്നായി പൊട്ടിയപ്പോൾ ന്യൂജേഴ്സിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ തലയുയർത്തിനിന്നിരുന്ന കെട്ടിടം നിമിഷനേരംകൊണ്ട് വെറും കോൺക്രീറ്റ് കൂനയായി. തൊട്ടടുത്തുളള കെട്ടിടങ്ങൾക്കൊന്നും ഒരു പോറൽപോലുമേൽക്കാതെയാണ് ഹോട്ടൽ സമുച്ചയം തകർത്തത്. വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്ഫോടനം നടത്തിയത്. നൂറുകണക്കിന് പേരാണ് ഇത് കാണാനായി എത്തിയത്.1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്.

ഏറെനാൾ സെലിബ്രിറ്റി​കൾക്ക് അടിപൊളി പാർട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്സ്പോട്ടായിരുന്നു ഈ ഹോട്ടൽ. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു. സെലിബ്രിറ്റി​കൾ പതിയെപ്പതിയെ ഹോട്ടലിനെ ഉപേക്ഷിച്ചു. 2009 ആയപ്പോൾ ട്രംപ് കാസിനോയുമായുളള ബന്ധം ഉപേക്ഷിച്ചു. 2014ൽ ഹോട്ടൽ പൂട്ടി.ഗതകാല പ്രൗഡിയോടെ നിന്നകെട്ടിടത്തിന് ഇടയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചുതുടങ്ങി. ചില ഭാഗങ്ങൾ തകരാനും തുടങ്ങി. ഇതാേടെയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഹോട്ടൽ നിന്നിരുന്ന സ്ഥലത്ത് മറ്റെന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമോ എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here