ന്യൂയോർക്ക്: കെ.പി.സി.സി. പ്രസിഡണ്ട് ആയി കെ. സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് നടപടി അങ്ങേയറ്റം സ്വാഗതാർഹമാണെന്ന്  ഐ.ഒ.സി -യു.എസ്. എ നാഷണൽ വൈസ് പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ. കോൺഗ്രസ്സിനെ ഈ പ്രതിസന്ധി ഘട്ടത്തിൽ  നിന്ന് രക്ഷിക്കാൻ കെ. സുധാകരനു കഴിയുമെന്നും പുതിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനൊപ്പം കോൺഗ്രസിന്റെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം സുധാകരൻ ആരംഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് മുഴുവൻ കോൺഗ്രസ് പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
 
ഗ്രൂപ്പ് തർക്കങ്ങളും വിഴുപ്പലക്കലും മൂലം  കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ  കോൺഗ്രസിന് കനത്ത നഷ്ടമാണ് സംഭവിച്ചത്. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഗ്രൂപ്പിസത്തെ തുടർന്നുണ്ടായ വിഭാഗീയതകൾ മൂലം കോൺഗ്രസിന് ഇതിനു മുൻപും തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. എന്തിനേറെ കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണവും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ മൂലമാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. – പോൾ കറുകപ്പള്ളിൽ പറഞ്ഞു.
 
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡണ്ട് ആയതോടെ ഗ്രൂപ്പ് സമവായങ്ങൾ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവനുമുള്ള പ്രവാസികൾ ഉൾപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർ. ഗ്രൂപ്പുകൾക്കതീതനായ പ്രതിപക്ഷനേതാവായി വി.ഡി. സതീശനും കൂടിയെത്തിയതോടെ കോൺഗ്രസിൽ നല്ലകാലം ഉണ്ടാകുമെന്ന ഒരു പ്രത്യാശയാണ് ഉളവായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
കോൺഗ്രസിന് നഷ്ട്ടപ്പെട്ട പ്രതാപം കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനിലൂടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനിലൂടെയും കൈവരിക്കുമെന്ന പ്രത്യാശയിലാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ് എ യുടെ മുഴുവൻ പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here