ഞങ്ങളിതിന് പകരം ചോദിക്കുമെന്ന പ്രതിജ്ഞ നിറവേറ്റി ബൈഡന്‍. കാബൂളില്‍ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനെ അമേരിക്ക വധിച്ചു. അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് നേരെ ഡ്രോണാക്രമണത്തിലൂടെയാണ് അമേരിക്ക തിരിച്ചടിച്ചത്. പ്രതിരോധ ഏജന്‍സിയായ പെന്റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ അമേരിക്കയുടെ പതിമൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സൈനികരുടെ ജീവന് പകരം ചോദിക്കുമെന്നും തങ്ങള്‍ക്കിത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും വികാരഭരിതനായും രോഷത്തോടെയും ബൈഡന്‍ പ്രതികരിച്ചിരുന്നു. ബൈഡന്റെ പ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്കുള്ളിലാണ് ചാവേറാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

‘ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും’ എന്നായിരുന്നു് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞത്. കാബൂളില്‍ 170 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന് 48 മണിക്കൂറുകള്‍ തികയും മുന്‍പാണ് അമേരിക്ക തിരിച്ചടി നടത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here