(പി ഡി ജോര്‍ജ് നടവയല്‍)

ഫിലഡല്‍ഫിയ: യൂ എന്‍ സ്പീച് ഫെയിം എമിലിന്‍ തോമസ്സിന്, വൈസ് പ്രസിഡന്റ് കമലാഹാരിസ്സുമായി മുഖാമുഖം. യൂ എസ്സ് വൈസ് പ്രസിഡന്റിന്റെ ഫിലഡല്‍ഫിയ സന്ദര്‍ശനവേളയിലാണ് മുഖാമുഖത്തിന് അവസരമൊരുക്കിയത്. യൂ എന്നില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസ്സിനെ കമലാ ഹാരിസ് അഭിനന്ദിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചത് പെന്‍സില്‍വേനിയയിലെ മൗണ്ട് സെന്റ് ജോസഫ് അക്കാഡമി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ എയ്മിലിനായിരുന്നു.

ഇന്ത്യന്‍ ജനിതകപ്പിന്തുടര്‍ച്ചയിലുള്ള, നമ്മുടെ സാഹോദര്യം, അമേരിക്കന്‍ രാഷ്ട്ര മൂല്യങ്ങളുടെ സമ്പന്നതയ്ക്ക്, നിറവേകുന്നൂ എന്ന്, എമിലിനോട് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഭിന്ന ശേഷിക്കാരായ ബാലകരുടെ സവിശേഷാവശ്യങ്ങളെയും അവകാശങ്ങളെയും കുറിച്ച്, ആശയങ്ങള്‍ പങ്കു വച്ചു. ഭിന്നശേഷിക്കാരനായ തന്റെ സഹോദരന്റെയും അതുപോലുള്ള വ്യക്തികളുടെയും, ആരോഗ്യ പരിപാലനകാര്യങ്ങളിലൂടേയും അനുഭവങ്ങളിലൂടെയും കൈവരിച്ച അറിവ്, ഗവേഷണാത്മകമായും ഗുണപരമായും ഉപകരിക്കണം എന്നതാണ് ദൗത്യമെന്ന്, എമിലിന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍, ഡോ. ബര്‍ക്ക് ഹാരിസ്സിന്റെ ‘ദ് ഡീപെസ്റ്റ് വെല്‍’ എന്ന പുസ്തകം വായിക്കുന്നത് ഉപകരിയ്ക്കുമെന്നും വായനാഭിപ്രായം പങ്കു വയ്ക്കണമെന്നും, കമല ഹാരിസ് എമിലിനെ ചുമതലപ്പെടുത്തി.

‘ദ് ഡീപെസ്റ്റ് വെല്‍’ എന്ന പുസ്തകം ഒരു വ്യക്തിയുടെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം വെളിപ്പെടുത്തുകയും നമ്മുടെ ജീവിതകാലം മുഴുവന്‍ നമ്മെ ബാധിക്കുന്ന പ്രതികൂല സംഭവങ്ങളെ അപഗ്രഥിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നൂതനമായ സ്വന്തം ക്ലിനിക്കല്‍ പ്രവര്‍ത്തനത്തെയും പൊതുസേവന നേതൃത്വപരിചയത്തെയും അടിസ്ഥാനമാക്കിയാണ്, ഡോ. ബര്‍ക്ക്‌സ്, ‘ദ് ഡീപെസ്റ്റ് വെല്‍’ രചിച്ചത്. മസ്തിഷ്‌കത്തെയും ശരീരത്തെയും വീണ്ടും പരിശീലിപ്പിക്കാനും പ്രതിരോധശേഷി വളര്‍ത്താനും, ഈ ഗ്രന്ഥത്തില്‍ ഉപായങ്ങളുണ്ട്.

കുട്ടികളെയും കുടുംബങ്ങളെയും മുതിര്‍ന്നവരെയും, ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന, ഇടപെടലുകളിലൂടെ, കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളുടെ വ്യാപകമായ പ്രതിസന്ധിയെ, എങ്ങനെ മറികടക്കാമെന്നും ഡോ. ബര്‍ക്ക് ഹാരിസ്, കാണിച്ചുതരുന്നു. പുസ്തക പരിചയം സംഭാഷണത്തിന് ആഴം പകര്‍ന്നു. വീണ്ടും നേതൃനിരയില്‍ എമിലിനെ കാണാന്‍ കഴിയട്ടേ എന്ന് വൈസ് പ്രസിഡന്റ് ആശംസിച്ചു.

പാലാ (അവിമൂട്ടില്‍ വീട്) സ്വദേശിയായ ജോസ് തോമസിന്റെയും മൂലമറ്റം (കുന്നക്കാട്ട് വീട്) സ്വദേശിയായ മെര്‍ലിന്‍ അഗസ്റ്റിന്റെയും മകളാണ് എയ്മിലിന്‍. സ്പ്രിംഗ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാര്‍മ മേജര്‍ ഫൈസര്‍ ഇന്‍കോര്‍പ്പറേഷനില്‍ ഗ്ലോബല്‍ കംപ്ലയിന്‍സ് അസോസിയേറ്റ് ഡയറക്ടറാണ് മെര്‍ലിന്‍ അഗസ്റ്റിന്‍.

എയ്മിലിന്‍ തോമസ്സിനെ പെന്‍സില്‍ വേനിയാ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ്, ഹാരിസ് ബര്‍ഗിലെ കാപ്പിറ്റോള്‍ ഗവര്‍ണ്ണേഴ്‌സ് ഓഫീസ്സില്‍ നേരത്തെ ആദരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും, പ്രശസ്തനായ ഡോ. ശശി തരൂര്‍, സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ളവരുടെയും പ്രശംസകള്‍ എമിലിനുള്ള ആദരമായി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എമിലിനു നല്‍കിയ പ്രശംസാ പത്രത്തില്‍ വ്യക്തമാക്കിയത് ഇപ്രകാരമാണ്: ‘യൂ എന്‍ പ്രസംഗത്തിന്റെ ഭാഗമായി എയ്മിലിന്‍ പങ്കുവെച്ച സ്വകാര്യ കഥ വളരെ ആഴത്തില്‍ സ്പര്‍ശിച്ചു. സഹോദരന്‍ ഇമ്മാനുവേലിനെ എയ്മിലിന്‍ സ്‌നേഹിക്കുകയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി, എന്റെ അമ്മ പണ്ടേ എന്നെ പഠിപ്പിച്ച ഒരു പാഠം എന്നെ ഓര്‍മ്മിപ്പിക്കുന്നു: നിങ്ങളുടെ സഹോദരങ്ങളെക്കാള്‍ അടുപ്പമുള്ള മറ്റാരുമില്ല, നിങ്ങള്‍ക്ക് പരസ്പരം വിശ്വസിക്കാന്‍ കഴിയണം.’

‘പ്രിയങ്കരങ്ങളായ സാമൂഹ്യാനുഭവങ്ങളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച ദക്ഷിണേന്ത്യയോട് ഗവര്‍ണ്ണര്‍ വൂള്‍ഫിന് ആ നിലയില്‍ ഹൃദയാടുപ്പമുണ്ടെന്നതും; എന്റെ, തായ് വേരുകളുടെ ജന്മനാട് ദക്ഷിണേന്ത്യയാണ് എന്ന പ്രിയം എനിക്ക് തീവ്രമായുണ്ടെന്നതും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ചയെ അസുലഭമൂല്യമുള്ളതാക്കി’ യെന്നാണ് പെന്‍സില്‍വേനിയാ ഗവര്‍ണ്ണറുടെ ഓഫീസ്സിലെ സ്വീകരണത്തെക്കുറിച്ച് എയ്മിലിന്‍ പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here