പാട്ന: വിസയോ മറ്റ് രേഖകളോ ഇല്ലാതെ രാജ്യത്തേക്ക് കടന്ന് കയറി ഡൽഹി എൻ സി ആർ മേഖലയിൽ രണ്ടാഴ്ചയിലധികം താമസിച്ച രണ്ട് ചൈനീസ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബീഹാറിൽ നിന്നാണ് പൊലീസിന്റെ പിടിയിലാവുന്നത്.

 

ലു ലാംഗ് (28), യുവാൻ ഹെയ്ലോംഗ് (34) എന്നിവരെ നേപ്പാൾ ഭൂട്ടാൻ അതിർത്തി മേഖലയിലെ ഇന്ത്യൻ സുരക്ഷാ സേനയായ ശസ്ത്ര സീമാ ബല്ലിലെ (എസ് എസ് ബി) ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പാസ്പോർട്ടുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ടാക്സിയിൽ നിന്നിറങ്ങി കാൽനടയായി ഇന്ത്യ നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിക്കുന്നിതിനിടെയാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ ചൈനയിൽ നിന്ന് ഹിച്ച്ഹൈക്കിംഗിലൂടെ നേപ്പാളിലും അവിടെ നിന്ന് ഇന്ത്യയിലേക്കും വന്നുവെന്നാണ് പറഞ്ഞത്. ഇവർ നോയിഡയിലേക്കും പോയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. അവിടെ ഒരു പരിചയക്കാരന്റെ വീട്ടിലാണ് ഇവർ താമസിച്ചത്.

 

മൊബൈൽ ഫോണും മറ്റ് രേഖകളും പരിശോധിച്ചതിൽ നിന്ന് ഇവർ സാമ്പത്തിക തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചതായി എസ് എസ് ബിയുടെ പ്രസ്താവനയിൽ പറയുന്നു. പൊലീസിന് കൈമാറിയ ഇരുവർക്കുമെതിരെ ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നുമാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here