ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ ഷടാക്കു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുചടങ്ങിനിടെ ആക്രമണത്തിനിരയായ ലോക പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി(75) യുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴുത്തിലും മുഖത്തുമേറ്റ പരിക്കുകള്‍ ഗുരുതരമാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വെന്റിലേറ്ററില്‍ കഴിയുന്ന റുഷ്ദിയെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ഒരു കയ്യിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചു. ഗുരുതര കരള്‍ രോഗവും റുഷ്ദിയെ അലട്ടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ വെയ്‌ലി അറിയിച്ചു.

വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിനും വയറ്റിലും കുത്തേറ്റിരുന്നു. വേദിയില്‍ പ്രഭാഷണത്തിന് എത്തിയ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടെയാണ് 24കാരനായ ഹദി മേത്തര്‍ അദ്ദേഹത്തിനു നേര്‍ക്ക് പാഞ്ഞടുത്തതും കുത്തിവീഴ്ത്തിയതും. വേദിയില്‍ വച്ചുതന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം റുഷ്ദിയെ ഹെലികോപ്ടര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ‘ദ സാത്താനിക് വേഴ്‌സസ്’ 1980ല്‍ പുറത്തിറങ്ങിയ ശേഷം വലിയ ഭീഷണി അദ്ദേഹം നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് പുസ്തകത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ഇറാന്‍ ഭരണകൂടം റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 1998 ല്‍ ഇറാന്‍ ഭരണകൂടം ഈ മതശാസന (ഫത്വ) നടപ്പാക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നു വ്യക്തമാക്കി.
ഇന്ത്യന്‍ വംശജനായ റുഷ്ദി ബ്രിട്ടീഷ് പൗരനാണെങ്കിലും രണ്ടു പതിറ്റാണ്ടിലേറെയായി യു.എസിലാണ് താമസം. 1981 ല്‍ പുറത്തിറങ്ങിയ ”മിഡ്‌നൈറ്റ് ചില്‍ഡ്രന്‍” എന്ന കൃതിക്ക് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here